ADVERTISEMENT

ഹൈദരാബാദ് ∙ മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിനു വേദിയാകാനിരിക്കെ, ടിക്കറ്റ് വിൽക്കുന്ന ജിംഖാന ഗ്രൗണ്ടിനു പുറത്ത് ആരാധകരുടെ കൂട്ടത്തല്ല്. വ്യാഴാഴ്ചയാണ് സംഭവം. ടിക്കറ്റ് കൗണ്ടറുകൾക്കു പുറത്ത് തടിച്ചുകൂടിയ ആരാധകർ തിക്കിത്തിരക്കിയതോടെ, ആളുകളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. തിക്കിലും തിരക്കിലും പൊലീസ് ലാത്തിച്ചാർജിലുമായി പരുക്കേറ്റ ഏഴു പേരെ ആശുപത്രിയിലേക്കു മാറ്റി.

സംഘർഷത്തിൽ ഒരു ആരാധകൻ മരിച്ചതായി സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായെങ്കിലും, ഇതു ശരിയല്ലെന്ന് പൊലീസ് പിന്നീട് അറിയിച്ചു. ഈ മാസം 25നാണ് ഇന്ത്യ–ഓസ്ട്രേലിയ മൂന്നാം ട്വന്റി20 മത്സരത്തിനു ഹൈദരാബാദ് വേദിയാകുന്നത്.

ടിക്കറ്റ് വിൽപനയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പാണ് ആരാധകരുടെ കൂട്ടത്തല്ലിലേക്കും ലാത്തിച്ചാർജിലേക്കും നയിച്ചതെന്നാണ് റിപ്പോർട്ട്. ജിംഖാന ഗ്രൗണ്ടിലെ ടിക്കറ്റ് കൗണ്ടറിൽ വ്യാഴാഴ്ച രാവിലെ 10 മുതൽ ടിക്കറ്റ് വിൽപ്പന ആരംഭിക്കുമെന്ന് അറിഞ്ഞാണ് ആരാധകർ തടിച്ചുകൂടിയത്. ഒട്ടേറെപ്പേർ ബുധനാഴ്ച വൈകിട്ടോടെ ടിക്കറ്റ് കൗണ്ടറുകൾക്കു മുന്നിൽ സ്ഥാനം പിടിച്ചിരുന്നു. ആരാധകരുടെ തിരക്ക് ഉറപ്പായിരുന്നതിനാൽ സ്ഥലത്ത് പൊലീസുകാരെ നിയോഗിച്ചിരുന്നു.

പുലർച്ചെ മുതൽ കാത്തിരുന്ന ആരാധകർ 10 മണിയോടെ ക്ഷമ നശിച്ച് ഗേറ്റുകൾ തള്ളിത്തുറന്ന് അകത്തു കടക്കുകയായിരുന്നു. ഇതിനിടെ ഒരാൾക്ക് പരമാവധി രണ്ടു ടിക്കറ്റ് മാത്രമേ നൽകൂ എന്ന് അധികൃതരുടെ അറിയിപ്പെത്തി. മാത്രമല്ല, ഏതാനും സ്റ്റാൻഡുകളിലെ ടിക്കറ്റുകൾ മാത്രമേ വിൽപ്പനയ്ക്കുണ്ടായിരുന്നുള്ളൂ.

ഇതിൽ പ്രതിഷേധിച്ച് ആരാധകർ തിക്കിത്തിരക്കിയതോടെ രംഗം വഷളായി. തുടർന്ന് ആരാധകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. ഇതിനിടെയാണ് ഏതാനും ആരാധകർക്കും രണ്ടു പൊലീസുകാർക്കും പരുക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. ചില ആരാധകർ സ്റ്റേഡിയത്തിനു സമീപം കുഴഞ്ഞുവീണതായും റിപ്പോർട്ടുണ്ട്.

ഇതിനിടെ ഒരു കൂട്ടം ആരാധകർ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. മറ്റു ചിലർ അസോസിയേഷൻ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണെന്ന് ആരോപിച്ചു. ടിക്കറ്റിനായി കാത്തിരുന്ന ആരാധകർക്കായി കുടിവെള്ളവും മഴയത്തു കയറി നിൽക്കാനുള്ള സംവിധാനവും ഒരുക്കാത്തതും പ്രതിഷേധത്തിനു കാരണമായി.

English Summary: Tension outside ticket counters ahead of third Ind Vs Aus T20I, 7 hospitalised

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com