ADVERTISEMENT

മുംബൈ ∙ ഈ വർഷത്തെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ഉൾപ്പെടെയുള്ള ടീമുകളേക്കാൾ കിരീടസാധ്യത ആതിഥേയരായ ഓസ്ട്രേലിയയ്ക്കാണെന്ന് മുൻ ഇന്ത്യൻ താരവും സിലക്ടറുമായിരുന്ന സാബാ കരിം. നിലവിലെ ചാംപ്യൻമാർ കൂടിയായ ഓസ്ട്രേലിയയ്ക്കാണ് അവരുടെ നാട്ടിൽ നടക്കുന്ന ടൂർണമെന്റിൽ കിരീടസാധ്യത കൂടുതലെന്നാണ് സാബാ കരീമിന്റെ പക്ഷം. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി20 പരമ്പര പുരോഗമിക്കുമ്പോഴാണ് ഓസീസിന് കിരീടസാധ്യത പ്രവചിച്ച് സാബാ കരിം രംഗത്തെത്തിയത്.

‘‘ട്വന്റി20യിൽ ഇപ്പോഴും ഓസ്ട്രേലിയ തന്നെയാണ് ഏറ്റവും കരുത്തുറ്റ ടീമെന്നാണ് എന്റെ അഭിപ്രായം. ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീമും അവർ തന്നെ. അതിന്റെ പ്രധാന കാരണം അവർ കളിക്കുന്നത് സ്വന്തം നാട്ടിലാണ് എന്നതാണ്. മാത്രമല്ല, അവർ ടീമിൽ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും ഓസ്ട്രേലിയൻ മണ്ണിൽ കിരീടം നേടാൻ ലക്ഷ്യമിട്ടുള്ളതാണ്’ – സാബാ കരിം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ കിരീടസാധ്യതയുള്ള ടീമുകളുടെ കൂട്ടത്തിൽ ഓസ്ട്രേലിയയുണ്ടായിരുന്നില്ല. ഇന്ത്യ ഉൾപ്പെടെയുള്ള ടീമുകൾക്കാണ് സാധ്യത കൽപ്പിച്ചിരുന്നതെങ്കിലും, കിരീടം നേടിയത് ഓസ്ട്രേലിയയാണ്. ഇതിനു പിന്നാലെയാണ് ഈ വർഷവും ഓസ്ട്രേലിയ കിരീടം നിലനിർത്തുമെന്ന സാബാ കരിമിന്റെ പ്രവചനം.

‘‘ഓസ്ട്രേലിയയിലെ ഗ്രൗണ്ടുകൾ വളരെ വലുതാണ്. അതുകൊണ്ട് പവർഹിറ്റർമാരായ ബാറ്റർമാർ ടീമിൽ അത്യാവശ്യമാണ്. ഇക്കാര്യം മനസ്സിലുള്ളതുകൊണ്ടാണ് അത്തരം താരങ്ങൾക്ക് അവർ കൂടുതൽ അവസരങ്ങൾ നൽകുന്നത്. ഇപ്പോൾ അവരുടെ ടീമിൽ ടിം ഡേവിഡും ഗ്ലെൻ മാക്സ്‍വെലും സ്ഥിരമായി കളിക്കുന്നുണ്ട്. മിച്ചൽ മാർഷും മാർക്കസ് സ്റ്റോയ്നിസും ഇവിടെ കളിക്കുന്നില്ലെങ്കിലും അവരും പവർഹിറ്റർമാരാണ്. ഇത്തരം കളിക്കാരെല്ലാം കൂടി ചേരുമ്പോൾ ഈ വർഷവും ഓസ്ട്രേലിയ കിരീടം നേടാൻ സാധ്യതയുള്ള ടീമാകുന്നു’ – സാബാ കരിം ചൂണ്ടിക്കാട്ടി.

English Summary: India not favourites to lift trophy, believes former selector Saba Karim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com