ADVERTISEMENT

നാഗ്പുർ ∙ ഈ വർഷത്തെ ട്വന്റി20 ലോകകപ്പിൽ രണ്ടോ മൂന്നോ കളിക്കാർ മാത്രം വിചാരിച്ചാൽ ഇന്ത്യയ്ക്ക് കിരീടം നേടാനാകില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മുന്നറിയിപ്പ് നൽകിയത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യ–ഓസ്ട്രേലിയ രണ്ടാം ട്വന്റി20 മത്സരം കാണാൻ താൻ നാഗ്പുരിൽ ഉണ്ടാകുമെന്നും കൊൽക്കത്തയിൽവച്ച് ഗാംഗുലി വ്യക്തമാക്കിയിരുന്നു. എന്തായാലും ഗാംഗുലിയുടെ ‘മുന്നറിയിപ്പും ഭീഷണിയും’ വാർത്തകളിൽ ഇടംപിടിച്ചതിനു തൊട്ടുപിന്നാലെ നടന്ന ആദ്യ മത്സരത്തിൽ, ഓസ്ട്രേലിയൻ കരുത്തിനുമേൽ ഇന്ത്യ സ്വന്തമാക്കിയത് തകർപ്പൻ ജയം. മഴ മൂലം എട്ട് ഓവറാക്കി ചുരുക്കിയ രണ്ടാം ട്വന്റിയിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യൻ ജയം 6 വിക്കറ്റിന്.

സ്കോർ: ഓസ്ട്രേലിയ– 8 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 90. ഇന്ത്യ–7.2 ഓവറിൽ 4ന് 92.

20 പന്തിൽ 46 റൺസെടുത്തു പുറത്താകാതെ നിന്ന ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. രോഹിത്താണ് പ്ലെയർ ഓഫ് ദ് മാച്ച്  2 ഓവറിൽ വെറും 13 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേൽ ബോളിങ്ങിൽ തിളങ്ങി. പരമ്പര ഇതോടെ 1–1 എന്ന നിലയിലായി. നിർണായകമായ അവസാന മത്സരം നാളെ ഹൈദരാബാദിൽ.

മഴ പെയ്ത് ഔ‍ട്ട്ഫീൽഡ് നനഞ്ഞതു മൂലം രണ്ടു മണിക്കൂറിലേറെ വൈകിയ മത്സരം രാത്രി 9.15നാണ് തുടങ്ങിയത്. ടോസ് നേടിയ രോഹിത് ഓസീസിനെ ബാറ്റിങ്ങിനു വിളിക്കുകയായിരുന്നു. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (15 പന്തിൽ 31), മാത്യു വെയ്ഡ് (20 പന്തിൽ 43) എന്നിവർ ഓസീസ് ഇന്നിങ്സിൽ തിളങ്ങി. അക്ഷർ പട്ടേലിന്റെ 2–ാം ഓവറിൽ ഓസീസിന് 2 വിക്കറ്റുകൾ നഷ്ടമായി. മൂന്നാം പന്തിൽ കഴിഞ്ഞ കളിയിലെ ഹീറോ കാമറൂൺ ഗ്രീൻ (5) റണ്ണൗട്ട്. അവസാന പന്തിൽ ഗ്ലെൻ മാക്സ്‌വെൽ (0) ബോൾഡ്.

അടുത്ത വരവിലും അക്ഷർ ഓസീസിനെ ഞെട്ടിച്ചു. ആദ്യ പന്തിൽ തന്നെ കൂറ്റനടിക്കാരൻ ടിം ഡേവിഡ് (2) ബോൾഡ്. തിരിച്ചുവരവിനു ശേഷം ആദ്യമായി പന്തെറിഞ്ഞ ജസ്പ്രീത് ബുമ്രയും തന്റെ ആദ്യ ഓവറിൽ തന്നെ തകർപ്പൻ യോർക്കറിൽ ഫിഞ്ചിനെ പുറത്താക്കി ഓസീസിനു പ്രഹരമേൽപിച്ചു. എന്നാൽ ഹർഷൽ പട്ടേലിന്റെ 2 ഓവറുകൾ ഇന്ത്യയ്ക്കു നഷ്ടക്കച്ചവടമായി. 6–ാം ഓവറിൽ 13 റൺസ് വിട്ടുകൊടുത്ത ഹർഷലിനെ അവസാന ഓവറിൽ വെയ്ഡ് 3 സിക്സടിച്ചു. ആ ഓവറിൽ 19 ഓവർ നേടിയതോടെ ഓസീസ് ഇന്നിങ്സ് 90ൽ എത്തി.

മറുപടി ബാറ്റിങ്ങിൽ രോഹിത് ഒരറ്റത്ത് തകർത്തടിച്ചു കളിച്ചതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. കെ.എൽ.രാഹുൽ (10), വിരാട് കോലി (11), സൂര്യകുമാർ യാദവ് (0) എന്നിവരെ പുറത്താക്കി ആദം സാംപ പ്രഹരമേൽപിച്ചെങ്കിലും രോഹിത് പതറിയില്ല. ഹാർദിക് പാണ്ഡ്യയും (9) മടങ്ങിയതിനു ശേഷം ദിനേഷ് കാർത്തിക് (2 പന്തിൽ 10) രോഹിത്തിനൊപ്പം വിജയത്തിനു കൂട്ടായി. 9 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിലെ ആദ്യ പന്തിൽ സിക്സറും രണ്ടാം പന്തിൽ ഫോറും അടിച്ചാണ് കാർത്തിക് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

English Summary: India vs Australia, 2nd T20I - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com