ADVERTISEMENT

മുംബൈ ∙ പ്രഥമ ട്വന്റി20 ലോകകപ്പിലെ ആ വിഖ്യാതമായ ക്യാച്ചിലൂടെ മലയാളി താരം ശ്രീശാന്ത് കയ്യിലൊതുക്കിയത് വെറും പന്തു മാത്രമല്ല, ലോക കിരീടമാണെന്ന് ശ്രീയുടെ സഹതാരമായിരുന്ന ഇർഫാൻ പഠാൻ. കുട്ടി ക്രിക്കറ്റിലെ പ്രഥമ ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയിട്ട് ഇന്നു 15 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പഠാന്റെ പ്രതികരണം. 2007 സെപ്റ്റംബർ 24ന് ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗ് വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ പാക്കിസ്ഥാനെതിരെ, ആവേശം വാനോളമുയർന്ന ഫൈനൽ ജയിച്ചാണ് മഹേന്ദ്ര സിങ് ധോണിയും സംഘവും ലോക കിരീടം ഉയർത്തിയത്.

തൊട്ടുമുൻപു നടന്ന 2007 ഏകദിന ലോകകപ്പിൽ നാണംകെട്ട പ്രകടനവുമായി തിരിച്ചെത്തിയ ഇന്ത്യയ്ക്ക് ഇതു മികച്ച പകരംവീട്ടലുമായി. ട്വന്റി20യിൽ ഒരേയൊരു രാജ്യാന്തര മൽസരത്തിന്റെ പരിചയവുമായി വിമാനം കയറിയ ഇന്ത്യൻ ടീമിൽ ഇതിഹാസ താരങ്ങളായ സച്ചിനോ ദ്രാവിഡോ ഗാംഗുലിയോ ഉണ്ടായിരുന്നില്ല. എന്നിട്ടും യുവ ഇന്ത്യ കിരീടം ചൂടി.

പ്രാഥമിക റൗണ്ടിൽ ഇംഗ്ലണ്ടിനെയും പാക്കിസ്ഥാനെയും ആതിഥേയരായ ദക്ഷിണാഫ്രിക്കയെയും തോൽപിച്ചാണ് ഇന്ത്യ സെമിയിൽ കടന്നത്. സെമിയിൽ ഓസ്ട്രേലിയയ്ക്കെതിരെ 15 റൺസ് ജയം.

പിന്നാലെ ഇന്ത്യ–പാക്ക് സ്വപ്ന ഫൈനൽ. ആദ്യം ബാറ്റു ചെയ്‌ത ഇന്ത്യ 157 റൺസിനു പുറത്തായി. കരുത്തുറ്റ ബാറ്റിങ് നിരയുടെ ബലത്തിൽ പാക്കിസ്‌ഥാൻ അനായാസം സ്‌കോർ മറികടക്കുമെന്നു കരുതി. അവസാന ഓവറിൽ പാക്കിസ്‌ഥാനു ജയിക്കാൻ 13 റൺസേ വേണ്ടിയിരുന്നുള്ളൂ. ഒരു സിക്‌സർ വഴങ്ങിയെങ്കിലും മൂന്നാം പന്തിൽ ജോഗീന്ദർ ശർമ, പാക്ക് ബാറ്റർ മിസ്ബാ ഉൾ ഹഖിനെ ശ്രീശാന്തിന്റെ കൈകളിലെത്തിച്ചു. ഇന്ത്യയ്ക്ക് 5 റൺസ് ജയം.

English Summary: T20 cricket world cup updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com