ADVERTISEMENT

കോയമ്പത്തൂർ∙ സൗത്ത് സോണിനെ 294 റൺസിനു കീഴടക്കിയാണ് വെസ്റ്റ് സോണ്‍ ദുലീപ് ട്രോഫിയിൽ കിരീടമുറപ്പിച്ചത്. വെസ്റ്റ് സോൺ 529 റൺസിന്റെ വിജയലക്ഷ്യം ഉയർത്തിയപ്പോൾ സൗത്ത് സോണിന്റെ പോരാട്ടം 71.2 ഓവറിൽ 234 റൺസിന് അവസാനിച്ചു. മത്സരത്തിന്റെ അഞ്ചാം ദിനം വിവാദങ്ങളുടേതു കൂടിയായിരുന്നു. മത്സരത്തിനിടെ ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ യുവതാരം യശസ്വി ജയ്‍സ്വാളിനെ ക്യാപ്റ്റൻ അജിന്‍ക്യ രഹാനെ ഗ്രൗണ്ടിൽനിന്നു പറഞ്ഞുവിട്ടത് വൻ ചർച്ചകൾക്കാണു വഴിയൊരുക്കിയത്.

സൗത്ത് സോണിന്റെ ബാറ്റർമാരുമായി യശസ്വി ജയ്സ്വാള്‍ നിരന്തരം വാഗ്വാദങ്ങളിൽ ഏർപെട്ടതാണ് രഹാനെയെ ചൊടിപ്പിച്ചത്. 50–ാം ഓവറിനിടെ ടി. രവിതേജയും യശസ്വി ജയ്സ്വാളും തമ്മിലുള്ള തർക്കം രൂക്ഷമായിരുന്നു. രഹാനെയും അംപയർമാരും ഇടപെട്ടാണു പ്രശ്നം പരിഹരിച്ചത്. ജയ്‍സ്വാളിനെ ഒപ്പം കൊണ്ടുപോയ രഹാനെ യുവതാരത്തെ ശാന്തനാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാൽ‌ പിന്നീടും യശസ്വി സ്ലെഡ്ജിങ് തുടർന്നതോടെയാണ് താരത്തോട് ഗ്രൗണ്ട് വിടാൻ രഹാനെ ആവശ്യപ്പെട്ടത്.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. 65–ാം ഓവറിലാണ് ജയ്‍സ്വാളിനെ വീണ്ടും ഗ്രൗണ്ടിലിറക്കിയത്. ജയ്‍സ്വാളിന്റെ ഇരട്ട സെഞ്ചറിക്കരുത്തിലാണ് ഫൈനലിൽ വെസ്റ്റ് സോൺ മികച്ച സ്കോറിലെത്തിയത്. രണ്ടാം ഇന്നിങ്സിൽ 323 പന്തുകൾ നേരിട്ട ജയ്‌സ്വാള്‍ 263 റൺ‌സെടുത്തിരുന്നു. ആദ്യ ഇന്നിങ്സിൽ വെസ്റ്റ് സോൺ ഓപ്പണറായ ജയ്‍സ്വാളിന് ഒരു റൺ മാത്രമാണു ലഭിച്ചത്. യശസ്വിയാണു കളിയിലെ താരം.

English Summary: Yashasvi Jaiswal sent off from field by captain Ajinkya Rahane for disciplinary issues in Duleep Trophy final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com