ദക്ഷിണ വച്ചു, രോഹന് ഇനി ‘ഇന്ത്യൻ ഡ്രീം’; സഞ്ജുവിനു ശേഷം ദേശീയ ശ്രദ്ധയിൽ

HIGHLIGHTS
  • ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനവുമായി മലയാളി താരം രോഹൻ കുന്നുമ്മൽ
rohan-kunnummal
രോഹൻ എസ്.കുന്നുമ്മൽ
SHARE

ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ പശ്ചിമ മേഖലയുടെ ജയത്തിനു കുറുകെ നിന്നത് ദക്ഷിണ മേഖലയ്ക്കു വേണ്ടി ഒറ്റയ്ക്കു പൊരുതിയ ഒരു ഇരുപത്തിനാലുകാരൻ മലയാളിപ്പയ്യന്റെ ബാറ്റായിരുന്നു. രണ്ടാം ഇന്നിങ്സിൽ സെഞ്ചറിക്ക് 7 റൺസ് അകലെ രോഹൻ എസ്.കുന്നുമ്മൽ എന്ന ഓപ്പണർ മടങ്ങിയപ്പോൾ ദക്ഷിണമേഖലയുടെ പ്രതീക്ഷകളും ഒപ്പം കൂടാരം കയറി.

സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റിൽ ഏറ്റവും സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന കളിക്കാരിലൊരാളാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ രോഹൻ. 8, 107, 129, 106, 75, 143, 77, 31, 93 എന്നിങ്ങനെയാണ് ആഭ്യന്തര ക്രിക്കറ്റിലെ കഴിഞ്ഞ 9 ഇന്നിങ്സുകളിൽ‌ രോഹന്റെ പ്രകടനം. നിലവിലുള്ള ഫോം തുടരുകയാണെങ്കിൽ‌ അധികം വൈകാതെ രോഹനെ ഇന്ത്യൻ ജഴ്സിയിൽ കാണാം.

∙ ദുലീപ് ട്രോഫി നൽകിയ പാഠം

അരങ്ങേറ്റ സീസണായതുകൊണ്ടുതന്നെ അൽപം ആശങ്കയോടെയാണ് ദുലീപ് ട്രോഫി ക്യാംപിലേക്ക് രോഹൻ എത്തിയത്. എന്നാൽ സീനിയർ താരങ്ങൾ നൽകിയ പിന്തുണയും ആത്മവിശ്വാസവും ആശങ്കകൾ അകറ്റി. ‘വിഹാരി ഭായ് (ഹനുമ വിഹാരി), മനീഷ് ഭായ് (മനീഷ് പാണ്ഡെ) തുടങ്ങി ഒട്ടേറെ സീനിയർ താരങ്ങൾ ടീമിലുണ്ടായിരുന്നു. അവരിൽ നിന്നൊക്കെ കുറേ കാര്യങ്ങൾ പഠിക്കാൻ പറ്റി’-രോഹൻ പറയുന്നു.

∙ രഞ്ജിയിലെ സെഞ്ചറികൾ

ഇത്തവണ രഞ്ജി സീസണിൽ ഗുജറാത്തിനെതിരായ നിർണായക മത്സരത്തിൽ രണ്ട് ഇന്നിങ്സിലും സെഞ്ചറി നേടിയ രോഹന്റെ പ്രകടനമായിരുന്നു കേരളത്തിന് അപ്രതീക്ഷിത ജയം നേടിക്കൊടുത്തത്. രണ്ടാം ഇന്നിങ്സിൽ 42 ഓവറിൽ 214 റൺസായിരുന്നു കേരളത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്. മത്സരം സമനിലയിൽ കലാശിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ച സമയത്താണ് തന്റെ വെടിക്കെട്ട് സെഞ്ചറിയിലൂടെ (87 പന്തിൽ 106*) രോഹൻ കേരളത്തിന് അപ്രതീക്ഷിത ജയം സമ്മാനിച്ചത്.

∙ അച്ഛനാണ് ഹീറോ

പൂർത്തീകരിക്കാനാവാതെ പോയ ക്രിക്കറ്റ് മോഹങ്ങൾ സ്വന്തം മകനിലൂടെ നേടിയെടുക്കുന്ന ഒരച്ഛന്റെ കഥ കൂടി രോഹന് പറയാനുണ്ട്. മകനു പരിശീലിക്കാൻ വീട്ടിൽ തന്നെ നെറ്റ്സ് തയാറാക്കി നൽകിയ, എല്ലാ മത്സരവും കാണാൻ ഗ്രൗണ്ടിലെത്തുന്ന അച്ഛൻ സുശീൽ എസ്.കുന്നുമ്മൽ തന്നെയാണ് രോഹന്റെ ഹീറോ. ‘അച്ഛൻ കണ്ട സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്നതിലാണ് എന്റെ സന്തോഷം. കെസിഎയുടെ പിന്തുണ കൂടി ആകുമ്പോ‍ൾ എല്ലാ സ്വപ്നങ്ങളും നേടിയെടുക്കാമെന്ന വിശ്വാസമുണ്ട്’– രോഹൻ പറയുന്നു.

∙ സ്വപ്നത്തിൽ ഒരു ഇന്ത്യൻ ക്യാപ്

ഒരു നാൾ ഇന്ത്യയ്ക്കു വേണ്ടി കളിക്കണം, പറ്റിയാൽ ഒരു ലോകകപ്പ് നേട്ടത്തിൽ പങ്കാളിയാകണം– ഇതാണ് രോഹന്റെ ഏറ്റവും വലിയ സ്വപ്നവും ആഗ്രഹവും. ഇന്ത്യൻ ടീമിലേക്കുള്ള വഴി അത്ര എളുപ്പമല്ലെന്ന് രോഹനറിയാം. ഒരു സമയം ഒരു മത്സരത്തെക്കുറിച്ച് മാത്രം ആലോചിക്കുക, ആ മത്സരത്തിൽ മികച്ച പ്രകടനം നടത്തുക, ടീമിന്റെ വിജയത്തിൽ പങ്കാളിയാകുക. ബാക്കിയെല്ലാം പിന്നാലെ വന്നോളും എന്ന് രോഹൻ വിശ്വസിക്കുന്നു.

∙ പശ്ചിമ മേഖലയ്ക്ക് ദുലീപ് ട്രോഫി

കോയമ്പത്തൂർ ∙ ദക്ഷിണ മേഖലയെ 294 റൺസിനു തോൽപിച്ച് പശ്ചിമ മേഖല ദുലീപ് ട്രോഫി സ്വന്തമാക്കി. ഫൈനലിൽ വിജയലക്ഷ്യമായ 529 റൺസ് പിന്തുടർന്ന ദക്ഷിണ മേഖല അവസാന ദിവസം ആദ്യ സെഷനി‍ൽത്തന്നെ അടിയറവു പറഞ്ഞു. 6 വിക്കറ്റിനു 154 റൺസ് എന്ന നിലയിൽ ബാറ്റിങ് തുടർന്ന അവരുടെ ഇന്നിങ്സ് 234 റൺസിന് അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ ഇരട്ട സെഞ്ചറി നേടിയ യശസ്വി ജയ്സ്വാൾ (265), സെ​ഞ്ചറി നേടിയ സർഫറാസ് ഖാൻ (127) എന്നിവരും ജയദേവ് ഉനദ്കടിന്റെ നേതൃത്വത്തിലുള്ള ബോളർമാരുമാണ് പശ്ചിമ മേഖലയുടെ വിജയ ശിൽപികൾ. ജയ്സ്വാളാണ് പ്ലെയർ ഓഫ് മാച്ച്.

Content Highlights: Duleep Trophy, Rohan Kunnummal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}