ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം നേടി പരമ്പര തൂത്തുവാരിയതിനു പിന്നാലെ, ടീം നേടിയ വിജയത്തെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിച്ച ചാനൽ അവതാരകനു വായടപ്പിക്കുന്ന മറുപടിയുമായി ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. വിഖ്യാതമായ ലോർഡ്സ് മൈതാനത്ത് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനു ശേഷമാണ് സംഭവം. പേസ് ബോളർ ജുലൻ ഗോസ്വാമിയുടെ വിരമിക്കൽ മത്സരമെന്ന നിലയിൽ ശ്രദ്ധ നേടിയ മൂന്നാം ഏകദിനത്തിൽ 16 റൺസിനായിരുന്നു ഇന്ത്യൻ ജയം. ഇതോടെ പരമ്പര ഇന്ത്യ 3–0ന് തൂത്തുവാരുകയും ചെയ്തു.

മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 45.4 ഓവറിൽ 169 റൺസിനു പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് വനിതകളാകട്ടെ, 43.3 ഓവറിൽ 153 റൺസിനും പുറത്തായി. ഇംഗ്ലണ്ട് ഇന്നിങ്സിൽ ഇന്ത്യ നേടിയ 10–ാം വിക്കറ്റ് ചെറിയ തോതിൽ വിവാദത്തിനു കാരണമായിരുന്നു. ബോൾ ചെയ്യുന്നതിനിടെ ക്രീസ് വിട്ടിറങ്ങിയ ഷാർലറ്റ് ഡീനിനെ ദീപ്ത് ശർമ ‘മങ്കാദിങ്ങി’ലൂടെ പുറത്താക്കിയതാണ് വിവാദമായത്.

118 റൺസെടുക്കുമ്പോഴേയ്ക്കും ഒൻപതു വിക്കറ്റ് നഷ്ടമായി തോൽവി ഉറപ്പിച്ച ഇംഗ്ലണ്ടിനെ, 10–ാം വിക്കറ്റിൽ 35 റൺസ് കൂട്ടുകെട്ട് തീർത്ത് ഷാർലറ്റ് ഡീനും ഫ്രേയ ഡേവിസും ചേർന്ന് രക്ഷപ്പെടുത്തുമ്പോഴായിരുന്നു ഈ വിക്കറ്റ്. 80 പന്തിൽ അഞ്ച് ഫോറുകളോടെ 47 റൺസെടുത്തു നിൽക്കെയാണ് ഡീനിനെ ദീപ്തി ശർമ മങ്കാദിങ് ചെയ്തത്. നിയമാനുസൃതമാണെങ്കിലും രാജ്യാന്തര ക്രിക്കറ്റിൽ അത്ര പതിവില്ലാത്ത രീതിയിൽ പുറത്തായ ഡീൻ, കണ്ണീരോടെയാണ് കളംവിട്ടത്.

മത്സരശേഷം സംസാരിക്കുമ്പോഴാണ് കമന്റേറ്റർ ഈ വിക്കറ്റിനെക്കുറിച്ച് ഇന്ത്യൻ നായിക ഹർമൻപ്രീത് കൗറിനോടു ചോദിച്ചത്. ഇതേക്കുറിച്ചുള്ള തന്റെ ചോദ്യം ഹർമൻപ്രീത് അവഗണിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് നോൺ സ്ട്രൈക്കേഴ്സ് എൻഡിൽനിന്ന താരത്തെ മങ്കാദിങ്ങിലൂടെ പുറത്താക്കിയതിനെക്കുറിച്ച് അവതാരകൻ എടുത്തു ചോദിച്ചത്. ഈ ചോദ്യത്തിന് ഹർമൻപ്രീത് നൽകിയ മറുപടിയെ കയ്യടികളോടെയാണ് ഗാലറിയിലെ ആരാധകർ സ്വീകരിച്ചത്. പിന്നീട് ഈ മറുപടി സമൂഹമാധ്യമങ്ങളിലും വൈറലായി.

‘‘സത്യസന്ധമായി പറഞ്ഞാൽ ഞങ്ങൾ നേടിയ 10 വിക്കറ്റുകളെക്കുറിച്ചും താങ്കൾ ചോദിക്കുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. അതിലൊരു വിക്കറ്റുപോലും നേടുക എളുപ്പമായിരുന്നില്ല’’ – സ്റ്റേഡിയത്തിലെ ആരാധകരുടെ ആർപ്പുവിളികൾക്കിടെ ഹർമൻപ്രീത് കൗർ പ്രതികരിച്ചു.

‘‘ഇതെല്ലാം കളിയുടെ ഭാഗമാണ്. ഈ മത്സരത്തിൽ ഞങ്ങൾ പുതുതായി എന്തെങ്കിലും ചെയ്തെന്നു കരുതുന്നില്ല. എതിർ ടീമിലെ താരത്തെ പുറത്താക്കാൻ അവസരം കിട്ടി, ഞങ്ങൾ അത് മുതലെടുത്തു. എതിർ ടീമിലെ ബാറ്റർമാർ എന്തു ചെയ്യുന്നുവെന്ന കാര്യത്തിൽ ഞങ്ങൾ ശ്രദ്ധാലുക്കളാണ് എന്നതിന്റെ സൂചനാണ് ആ വിക്കറ്റ്. ഇക്കാര്യത്തിൽ എന്റെ താരത്തിന് എല്ലാ പിന്തുണയും നൽകും. ഐസിസിയുടെ നിയമത്തിലില്ലാത്ത എന്തെങ്കിലുമൊന്ന് അവർ ചെയ്തിട്ടില്ല. എല്ലാം കളിയുടെ ചട്ടക്കൂടിനുള്ളിലുള്ളതാണ്. എല്ലാറ്റിനുമൊടുവിൽ നമ്മൾ നേടിയ വിജയം വിജയം തന്നെയാണ്. അത് ആസ്വദിക്കുക’’ – കൗർ ചൂണ്ടിക്കാട്ടി.

English Summary: 'I thought you will ask about...': Harmanpreet's savage reply when asked about Deepti's run-out draws huge cheer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com