ഇന്ത്യയെ സന്തോഷിപ്പിച്ച് സൂര്യയുടെയും കോലിയുടെയും ഫിഫ്റ്റി; ഞെട്ടിച്ച് ബുമ്രയ്ക്കും ‘ഫിഫ്റ്റി’

suryakumar-kohli
സൂര്യകുമാർ യാദവും വിരാട് കോലിയും മത്സരത്തിനിടെ (ക്രിക്ബസ് ട്വീറ്റ് ചെയ്ത ചിത്രം)
SHARE

ഹൈദരാബാദ് ∙ ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീടസാധ്യത ആതിഥേയരായ ഓസ്ട്രേലിയയ്ക്കു തന്നെയാണെന്ന് കഴിഞ്ഞ ദിവസം പ്രവചിച്ചത് ഇന്ത്യയുടെ മുൻ താരവും സിലക്ടറുമായിരുന്ന സാബാം കരീമാണ്. ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിൽ ഓസ്ട്രേലിയൻ പിച്ചുകൾക്ക് അനുയോജ്യരായ താരങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് സാബാ കരിം ഓസീസ് ടീമിന് കിരീടസാധ്യത പ്രവചിച്ചത്. സാബാ കരീമിന്റെ പ്രവചനത്തിന്റെ ‘ചൂടാറും മുൻപേ’ അതേ ഓസീസിനെ തകർത്ത് ഇതാ ടീം ഇന്ത്യ വിജയക്കൊടി നാട്ടിയിരിക്കുന്നു. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം കൈവിട്ടിട്ടും, മനഃസാന്നിധ്യം കൈവിടാതെ രണ്ടും മൂന്നും മത്സരങ്ങൾ ജയിച്ച് പരമ്പരയും ഇന്ത്യയ്ക്കു സ്വന്തം.

അവസാന ഓവർ വരെ നീണ്ട പിരിമുറുക്കത്തിനൊടുവിൽ, മൂന്നാം ട്വന്റി20യിൽ ഓസ്ട്രേലിയയ്ക്കെതിരെ 6 വിക്കറ്റ് വിജയവുമായിട്ടാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. അവസാന ഓവറിൽ ജയിക്കാൻ 11 റൺസ് വേണ്ടിയിരുന്ന ഇന്ത്യ വിജയ ലക്ഷ്യമായ 187 റൺസ് നേടുമ്പോൾ ബാക്കിയുണ്ടായിരുന്നത് ഒരു പന്ത്. സ്കോർ: ഓസ്ട്രേലിയ– 20 ഓവറിൽ 7 വിക്കറ്റിന് 186. ഇന്ത്യ– 19.5 ഓവറിൽ 4ന് 187.

5 ഫോറും 5 സിക്സുമടക്കം 36 പന്തിൽ 69 റൺസ് നേടിയ സൂര്യകുമാർ യാദവും 48 പന്തിൽ 3 ഫോറും 4 സിക്സുമടക്കം 63 റൺസ് നേടിയ വിരാട് കോലിയുമാണ് ഇന്ത്യയുടെ വിജയ ശിൽപികൾ. സൂര്യ ഒരറ്റത്ത് അടിച്ചു തകർത്തപ്പോൾ മികച്ച സ്ട്രോക്കുകളുമായി മുൻ നായകൻ പിന്തുണ നൽകി. സൂര്യകുമാർ പ്ലെയർ ഓഫ് ദ് മാച്ചും അക്ഷർ പട്ടേൽ പ്ലെയർ ഓഫ് ദ് സീരീസുമായി.

ഓസ്ട്രേലിയൻ പിച്ചുകൾക്ക് അനുയോജ്യരായ താരങ്ങളില്ലെന്ന സാബാ കരീം ഉൾപ്പെടെയുള്ളവരുടെ പരാതികൾക്കു മുകളിലൂടെയാണ് സൂര്യകുമാർ യാദവും ഫോമിലേക്കു തിരിച്ചെത്തിയ മുൻ നായകൻ വിരാട് കോലിയുമെല്ലാം ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഓസീസ് താരങ്ങളുടെ പന്തുകൾ പേസ്–സ്പിൻ വ്യത്യാസമില്ലാതെ ഗാലറിയിലേക്കു പറത്തിയത്.

∙ ആകാംക്ഷ അവസാനം വരെ

20–ാം ഓവറിൽ കോലിയും പാണ്ഡ്യയുമായിരുന്നു ക്രീസിൽ. ആദ്യ പന്ത്  കോലി സിക്സർ പറത്തിയതോടെ ലക്ഷ്യം 5 പന്തിൽ 5 റൺസ്. എന്നാൽ, അടുത്ത പന്തിൽ കോലി പുറത്തായതോടെ ഓസീസിന് വീണ്ടും നേരിയ പ്രതീക്ഷ. മൂന്നാം പന്ത് നേരിട്ട പുതിയ ബാറ്റർ ദിനേഷ് കാർത്തിക് സിംഗിളെടുത്ത് സ്ട്രൈക്ക് പാണ്ഡ്യയ്ക്കു കൈമാറി. 4–ാം പന്തിൽ റണ്ണൊന്നുമില്ല. വിജയത്തിനു വേണ്ടത് 2 പന്തിൽ 4 റൺസ്.  പാണ്ഡ്യയുടെ ബാറ്റിന്റെ അരികിൽത്തട്ടിയ 5–ാം പന്ത് തേഡ്മാൻ ബൗണ്ടറി കടന്നപ്പോൾ ഇന്ത്യയ്ക്ക് വിജായാഹ്ലാദവും പരമ്പരയും സ്വന്തം. 

∙ നിർണായക കൂട്ടുകെട്ട്

ആദ്യ ഓവറിൽത്തന്നെ ഓപ്പണർ കെ.എൽ. രാഹുലിനെയും (4 പന്തിൽ 1) നാലാം ഓവറിൽ ക്യാപ്റ്റൻ രോഹിത് ശർമയെയും (14 പന്തിൽ 17) നഷ്ടപ്പെട്ടതിനാൽ പവർപ്ലേയിൽ ഇന്ത്യയ്ക്ക് വൻകുതിപ്പു നടത്താനായില്ല. 6 ഓവറുകൾ പൂർത്തിയാകുമ്പോൾ 2 വിക്കറ്റിന് 50 റൺസായിരുന്നു സമ്പാദ്യം. പിന്നീട് രാജീവ് ഗാന്ധി സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച പ്രകടനം നടത്തിയ സൂര്യകുമാർ യാദവ് 14–ാം ഓവറിന്റെ അവസാന പന്തിലാണ് പുറത്തായത്.

 6 ഓവറിൽ 53 റൺസെന്ന വിജയലക്ഷ്യം ട്വന്റി20യിൽ ആയാസകരമല്ലെങ്കിലും ഡെത്ത് ഓവറിൽ സ്ട്രൈക്ക് റേറ്റ് കാര്യമായി ഉയരാതിരുന്നതോടെ  മത്സരം അവസാന ഓവറിലേക്കു നീണ്ടു. മൂന്നാം വിക്കറ്റിൽ കോലിയും സൂര്യകുമാറും 62 പന്തിൽ  104 റൺസ് വാരിക്കൂട്ടിയതാണ് ഇന്ത്യയെ വിജയത്തിലേക്കു നയിച്ചത്. സൂര്യ പുറത്തായതിനു ശേഷം 32 പന്തിൽ 48 റൺസാണു കോലിയും പാണ്ഡ്യയും നേടിയത്.

അപ്പോഴും, അനായാസം ജയത്തിലേക്കു നീങ്ങിയ മത്സരം അവസാന ഓവർ വരെ നീട്ടിയതിന്റെ നിരാശയും മറ്റൊരു മത്സരത്തിലാണെങ്കിൽ ഈ സമീപനം സമ്മാനിച്ചേക്കാവുന്ന തിരിച്ചടിയും പരിശീലകനെയും ആരാധകരെയും ആശങ്കപ്പെടുത്തുമെന്ന് തീർച്ച

∙ ഡേവിഡിന്റെ കന്നി സ്ഫോടനം

നേരത്തേ, മധ്യനിര പരാജയപ്പെട്ടെങ്കിലും ഓപ്പണർ കാമറൺ ഗ്രീനിന്റെയും (21 പന്തിൽ 52) ഫിനിഷർ ടിം ഡേവിഡിന്റെയും (27 പന്തിൽ 54) അർധ സെഞ്ചറികളാണ് ഓസീസിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. പേസർമാർ കണക്കിനു ശിക്ഷ വാങ്ങിയപ്പോൾ സ്പിന്നർമാരായ അക്ഷർ പട്ടേലും (3–33) യുസ്‌വേന്ദ്ര ചെഹലുമാണ് (1–22) ഓസീസിന്റെ സ്കോർ പിടിച്ചു നിർത്തിയത്. 

ഓസ്ട്രേലിയൻ ടീമിൽ പുതുമുഖമായ സിംഗപ്പുരുകാരൻ ടിം ഡേവിഡും ഡാനിയൽ സാംസും (20 പന്തുകളിൽ 28) ഏഴാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 68 റൺസാണ് മധ്യ ഓവറുകളിലെ റൺ വരൾച്ചയിൽ നിന്ന് ഓസീസ് ഇന്നിങ്സിനെ രക്ഷിച്ചത്. അടിച്ചു തകർത്ത ഡേവിഡ് ഓസീസ് ജഴ്സിയിൽ ആദ്യ അർധ സെഞ്ചറിയും കുറിച്ചു.

17 ഓവറിൽ 6 വിക്കറ്റിന് 140 എന്ന നിലയിലായിരുന്ന അവർ തുടർന്നുള്ള 3 ഓവറുകളിൽ 46 റൺസ് കൂട്ടിച്ചേർത്തു. ഭുവനേശ്വർ 18–ാം ഓവറിൽ 21 റൺസും ബുമ്ര 19–ാം ഓവറിൽ 18 റൺസും വഴങ്ങി. 4 ഓവറിൽ വിക്കറ്റ് നേട്ടമൊന്നുമില്ലാതെ 50 റൺസാണ് ബുമ്ര വിട്ടു കൊടുത്തത്.

∙ പ്രതീക്ഷയ്ക്കും വകയുണ്ട്!

ഏഷ്യാകപ്പിൽ ഉൾപ്പെടെ ഇന്ത്യയുടെ മോശം പ്രകടനത്തെക്കുറിച്ച് അടുത്തിടെ മുൻ ഇന്ത്യൻ നായകൻ കൂടിയായ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോട് ചോദ്യമുയർന്നുപ്പോൾ, അദ്ദേഹം അതിനെ പ്രതിരോധിച്ചത് ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ രാജ്യാന്തര ട്വന്റി20യിലെ ക്യാപ്റ്റൻസി റെക്കോർഡ് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ്. ഗാംഗുലിയുടെ വാദത്തെ സാധൂകരിക്കുന്ന ഒരു റെക്കോർഡും ഹൈദരാബാദിൽ പിറന്നു.

ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകനെന്ന നിലയിൽ കൂടുതൽ വിജയങ്ങൾ നേടിയവരുടെ പട്ടികയിൽ രോഹിത് രണ്ടാം സ്ഥാനത്തെത്തി! ക്യാപ്റ്റനെന്ന നിലയിൽ 32 വിജയങ്ങൾ നേടിയ വിരാട് കോലിയെ മറികടന്നാണ് 33–ാം വിജയത്തോടെ രോഹിത് ഒറ്റയ്ക്ക് രണ്ടാമതെത്തിയത്. ഇനി രോഹിത്തിനു മുന്നിലുള്ളത് സാക്ഷാൽ മഹേന്ദ്രസിങ് ധോണി മാത്രം. ഒൻപതു വിജയങ്ങൾ മാത്രം അകലെ നിൽക്കുന്ന ധോണിയെയും രോഹിത് പിന്നിലാക്കുന്ന കാലം വിദൂരമല്ലെന്നു തീർച്ച. അത് ഈ വർഷത്തെ ട്വന്റി20 ലോകകപ്പിലൂടെ ആകട്ടെ എന്ന പ്രാർഥനയിലാണ് ആരാധകർ.

2021 മുതൽ രാജ്യാന്തര ട്വന്റി20യിൽ ചേസ് ചെയ്ത 14 മത്സരങ്ങളിൽ പതിമൂന്നിലും വിജയം നേടിയെന്ന റെക്കോർഡും ഇന്ത്യയ്ക്കു സ്വന്തം. ലോകകപ്പിൽ നിലവിലെ ചാംപ്യൻമാർ കൂടിയായ ഓസീസിനെതിരെ മറ്റൊരു റെക്കോർഡും ഇന്ത്യ സ്വന്തമാക്കി. ഓസീസിനെതിരെ രാജ്യാന്തര ട്വന്റി20യിൽ ചേസ് ചെയ്തു ജയിക്കുന്ന ഏറ്റവും ഉയർന്ന നാലു സ്കോറുകളും ഇപ്പോൾ ഇന്ത്യയുടെ പേരിലാണ്.

202 – രാജ്കോട്ടിൽ, 2013

198 – സിഡ്നി, 2016

195 – സിഡ്നി, 2020

187 – ഹൈദരാബാദ്, 2022 *

184 – പാക്കിസ്ഥാൻ, 2018

∙ ടെൻഷനുണ്ട്, ബോളിങ്ങിൽ

ബാറ്റർമാരുടെ ഐതിഹാസിക പ്രകടനത്തെ പുകഴ്ത്തുമ്പോഴും, ബോളിങ് നിരയുടെ മോശം പ്രകടനവും കാണാതെ പോകാൻ വയ്യ. ഇന്ത്യൻ പേസ് ആക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രീത് ബുമ്ര ഹൈദരാബാദിൽ ഏറ്റുവാങ്ങിയത് കടുത്ത പ്രഹരമാണ്. നാല് ഓവറിൽ വിട്ടുകൊടുത്തത് 50 റൺസ്! വിക്കറ്റൊന്നും ലഭിച്ചുമില്ല. ആദ്യ മത്സരം തോറ്റപ്പോൾ ‘ബുമ്ര വരും, എല്ലാം ശരിയാകും’ എന്നു വിശ്വസിച്ച ആരാധകർക്കും ഈ പ്രകടനം സമ്മാനിക്കുന്നത് നേരിയ നിരാശയാണ്.

‘ഡെത്ത് ഓവർ സ്പെഷലിസ്റ്റു’കളായി അറിയപ്പെടുന്ന ഭുവനേശ്വർ കുമാറും ഹർഷൽ പട്ടേലും തുടർച്ചയായി കടുത്ത പ്രഹരമേറ്റു വാങ്ങുന്നതും ലോകകപ്പിന് തയാറെടുക്കുന്ന ടീം ഇന്ത്യയ്ക്ക് അത്ര ശുഭകരമായ കാഴ്ചയല്ല.

English Summary: India vs Australia, 3rd T20I - Match Analysis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA