സ്റ്റെയർകേസിലിരുന്ന് കോലിയുടെയും രോഹിത്തിന്റെയും വിജയാഘോഷം; പിന്നെ ആലിംഗനം

rohit-sharma-virat-kohli
വിരാട് കോലിയും രോഹിത് ശർമയും വിജയാഘോഷത്തിൽ (വിഡിയോയിൽ നിന്നുള്ള ദൃശ്യം)
SHARE

ഹൈദരാബാദ് ∙ ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ടീം ഇന്ത്യ നേടിയ വിജയത്തിനൊപ്പം, ആരാധകരുടെ ഹൃദയം കവർന്ന് ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെയും മുൻ ക്യാപ്റ്റൻ വിരാട് കോലിയുടെയും വിജയാഘോഷം. അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ, ഹാർദിക് പാണ്ഡ്യ നേടിയ ബൗണ്ടറിയിലൂടെ ഇന്ത്യ വിജയം തൊട്ടതിനു പിന്നാലെയാണ് ഇരുവരും വിജയാഘോഷം നടത്തിയത്. ഇരുവർക്കുമിടയിൽ അഭിപ്രായ ഭിന്നതകളുണ്ടെന്ന പ്രചാരണങ്ങൾക്കിടെ, സ്റ്റെയർകേസിൽ ഇരുന്ന് ഇരുവരും നടത്തിയ വിജയാഘോഷവും അതിനുശേഷമുള്ള ആലിംഗനവും ആരാധകർ ഏറ്റെടുത്തു.

അവസാന ഓവർ വരെ നീണ്ട പിരിമുറുക്കത്തിനൊടുവിൽ, മൂന്നാം ട്വന്റി20യിൽ ഓസ്ട്രേലിയയ്ക്കെതിരെ 6 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. അവസാന ഓവറിൽ ജയിക്കാൻ 11 റൺസ് വേണ്ടിയിരുന്ന ഇന്ത്യ വിജയ ലക്ഷ്യമായ 187 റൺസ് നേടുമ്പോൾ ബാക്കിയുണ്ടായിരുന്നത് ഒരു പന്ത്. 5 ഫോറും 5 സിക്സുമടക്കം 36 പന്തിൽ 69 റൺസ് നേടിയ സൂര്യകുമാർ യാദവും 48 പന്തിൽ 3 ഫോറും 4 സിക്സുമടക്കം 63 റൺസ് നേടിയ വിരാട് കോലിയുമാണ് ഇന്ത്യയുടെ വിജയ ശിൽപികൾ. സൂര്യ ഒരറ്റത്ത് അടിച്ചു തകർത്തപ്പോൾ മികച്ച സ്ട്രോക്കുകളുമായി മുൻ നായകൻ പിന്തുണ നൽകി. ഹാർദിക് പാണ്ഡ്യയും (16 പന്തിൽ 25) ദിനേഷ് കാർത്തിക്കും (1) പുറത്താകാതെ നിന്നു.

ഓപ്പണറായെത്തിയ രോഹിത് ശർമ 14 പന്തുകൾ നേരിട്ട് രണ്ടു ഫോറുകളും ഒരു സിക്സും സഹിതം 17 റൺസാണ് മത്സരത്തിൽ േനടിയത്. ഫോമിലേക്കു തിരിച്ചെത്തിക്കൊണ്ടിരിക്കുന്ന വിരാട് കോലിയാകട്ടെ, 48 പന്തിൽ മൂന്നു ഫോറും നാലു സിക്സും സഹിതം നേടിയത് 63 റൺസും. ഇന്ത്യൻ പ്രതീക്ഷകളെ തോളേറ്റിയ സൂര്യകുമാർ യാദവും വിരാട് കോലിയും പുറത്തായതോടെ ഓസീസ് പിടിമുറുക്കിയ ഘട്ടത്തിലാണ് ഹാർദിക് പാണ്ഡ്യയുടെ ഫോറിലൂടെ ഇന്ത്യ വിജയം കുറിച്ചത്.

അവസാന ഓവറിൽ വിജയത്തിലേക്ക് 11 റൺസ് വേണ്ടിയിരിക്കെ, ആദ്യ പന്തിൽ സിക്സർ നേടിയ കോലി തൊട്ടടുത്ത പന്തിൽ പുറത്താവുകയായിരുന്നു. ആരാധകരുടെ കയ്യടികൾക്കിടെ പവലിയനിലേക്കു തിരിച്ചെത്തിയ കോലിയെ രോഹിത് പുറത്തുതട്ടി അഭിനന്ദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. കോലി പുറത്തായതോടെ പിടിമുറുക്കിയ ഓസ്ട്രേലിയ, ഇന്ത്യയെ സമ്മർദ്ദത്തിലാക്കി. മൂന്നാം പന്തിൽ സിംഗിൾ നേടിയ ഇന്ത്യയ്ക്ക്, തൊട്ടടുത്ത പന്തിൽ റണ്ണെടുക്കാനായില്ല. ഈ സമയമൊക്കെയും കോലിയും രോഹിത്തും ആശങ്കയോടെ പടിയിൽ ഇരിക്കുകയായിരുന്നു. അഞ്ചാം പന്തിൽ ഫോർ കണ്ടെത്തി ഹാർദിക് പാണ്ഡ്യ ടീമിനെ വിജയത്തിലെത്തിച്ചതോടെ ഇരുവരുടെയും ടെൻഷൻ ആഘോഷത്തിനു വഴിമാറി. ആലിംഗനം ചെയ്താണ് കോലിയും രോഹിത്തും വിജയം ആഘോഷിച്ചത്.

English Summary: Rohit Sharma and Virat Kohli break into wild celebration after Hardik Pandya hits winning boundary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA