ADVERTISEMENT

മൂന്നാം തവണയാണ് ദക്ഷിണാഫ്രിക്കൻ ടീം കേരളമണ്ണിൽ ക്രിക്കറ്റ് കളിക്കാനെത്തുന്നത്;  ട്വന്റി20 മത്സരം കളിക്കാൻ ആദ്യവും. കൊച്ചിയിൽ 2000 മാർച്ചിൽ നടന്ന ആദ്യ രാജ്യാന്തര മത്സരത്തിന്റെ സംഘാടകരിലൊരാളും ക്രിക്കറ്റ് പരിശീലകനുമായ പി.ബാലചന്ദ്രൻ എഴുതുന്നു...

ദക്ഷിണാഫ്രിക്ക ആദ്യമായി കേരള മണ്ണിൽ രാജ്യാന്തര ക്രിക്കറ്റ് മത്സരം കളിച്ചത് 2000 മാർച്ചിലാണ്. ആവേശകരവും സംഭവബഹുലവുമായിരുന്നു മത്സരാന്ത്യം! ഷോൺ പൊള്ളോക്ക് എറിഞ്ഞ അവസാന ഓവറിൽ 8 റൺസായിരുന്നു ജയിക്കാൻ ഇന്ത്യയ്ക്കു വേണ്ടിയിരുന്നത്. പിന്നീടതു 4 പന്തിൽ 4 റൺസായി. മൂന്നാമത്തെ പന്ത് അനിൽ കുംബ്ലെ തേഡ്മാനിലൂടെ ബൗണ്ടറി നേടിയതായി അംപയർ വിധിച്ചതോടെ മത്സരം ഇന്ത്യ വിജയിച്ചു. ടീമുകൾ ഡ്രസിങ് റൂമിലേക്കു മടങ്ങുകയും ചെയ്തു. എന്നാൽ, മാച്ച് റഫറി ഡ്രസിങ് റൂമിലേക്കു പാഞ്ഞുവന്നു. ഫീൽഡ് അംപയർ ബൗണ്ടറി വിധിച്ച തീരുമാനം മാറ്റിയതായി അറിയിച്ചു.

ടിവി അംപയറുടെ പുനഃപരിശോധനയിൽ തേഡ്മാൻ ഫീൽഡർ ബൗണ്ടറി തടഞ്ഞിട്ടതായി തെളിഞ്ഞതിനാലായിരുന്നു ഇത്. ടീമുകൾ തിരിച്ചു കളത്തിലിറങ്ങാൻ നിർബന്ധിതരായി. 3 പന്തിൽ ഒരു റൺ കൂടി നേടുക എന്ന ചടങ്ങിനായി വീണ്ടും ഇറങ്ങാൻ ദക്ഷിണാഫ്രിക്കൻ ടീം വൈമുഖ്യം കാണിച്ചു. എന്നാൽ, ടീം മാനേജ്മെന്റിന്റെ ശാസനയ്ക്കു വഴങ്ങി പത്തു മിനിറ്റിനകം വീണ്ടും യൂണിഫോം ധരിച്ചു ഹാൻസി ക്രോണ്യെയും ടീമും തയാറായി. ആദ്യ പന്തിൽത്തന്നെ റോബിൻ സിങ് വിജയറൺ നേടുകയും ചെയ്തു. ഈ രംഗത്തിനു മുഴുവൻ ദൃക്സാക്ഷിയായി ഞാനുണ്ടായിരുന്നു. മത്സര സംഘാടക സമിതിയിൽ മുഖ്യസ്ഥാനത്ത് ഉണ്ടായിരുന്നതുകൊണ്ടും ഡ്രസിങ് റൂമിനു സമീപം നിന്നിരുന്നതു കൊണ്ടുമാണ് ഇതെല്ലാം വ്യക്തമായി കാണാൻ കഴിഞ്ഞത്.

ദ്രാവിഡിന്റെ സ്പെൽ

92 റൺസെടുത്ത് ഇന്ത്യയുടെ വിജയശിൽ‍പിയായ അജയ് ജ‍ഡേജയുടെയും പുറത്താകാതെ 42 റൺസെടുത്ത റോബിൻ സിങ്ങിന്റെയും  പ്രകടനങ്ങൾ മറക്കാനാവില്ല. ദക്ഷിണാഫ്രിക്കയ്ക്കായി ഗാരി കേസ്റ്റനും ഹെർഷൽ ഗിബ്സും സെഞ്ചറികൾ നേടി. 50 ഓവറിൽ 3 വിക്കറ്റിനു 301 റൺസ് നേടിയ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്ങിനെതിരെ ഏറ്റവും ഫലപ്രദമായി ബോൾ ചെയ്തത് ഇന്ത്യയുടെ വൻമതിൽ എന്നറിയപ്പെടുന്ന ഇപ്പോഴത്തെ ദേശീയ കോച്ച് രാഹുൽ ദ്രാവിഡായിരുന്നു; 9 ഓവറിൽ 43 റൺസ് വഴങ്ങി 2 വിക്കറ്റ്! 

ഇന്ത്യൻ പരിശീലക സ്ഥാനത്ത് തന്റെ മുൻഗാമിയായിരുന്ന ഗാരി കേസ്റ്റനെ ദ്രാവിഡ് അജയ് ജഡേജയുടെ കയ്യിലെത്തിക്കുകയായിരുന്നു. ലാൻസ് ക്ലൂസ്നറെ റിട്ടേൺ ക്യാച്ചിലൂടെയും പുറത്താക്കി. 1996ൽ ആണു ദക്ഷിണാഫ്രിക്കൻ ടീം ആദ്യമായി കേരളത്തിൽ കളിച്ചത്. അന്നത്തെ രഞ്ജി ട്രോഫി ചാംപ്യൻമാർക്കെതിരെയുള്ള സന്നാഹമത്സരം മാത്രമായിരുന്നു അത്.

ടീം ദക്ഷിണാഫ്രിക്ക  

എക്കാലത്തും ചടുലമായ ക്രിക്കറ്റിന്റെ വക്താക്കളാണു ദക്ഷിണാഫ്രിക്ക. വർണവിവേചന നയങ്ങൾക്കെതിരെയുള്ള രാജ്യാന്തര പ്രതിഷേധത്തിന്റെ ഫലമായി ദക്ഷിണാഫ്രിക്കൻ ടീമിനു നേരിടേണ്ടി വന്ന വിലക്ക് 21 വർഷം നീണ്ടുനിന്നു. ടീമിലെ ലോകോത്തര താരങ്ങളായിരുന്ന ഓപ്പണർ ബാരി റിച്ചഡ്സ്, ഇടംകൈ ബാറ്റർ ഗ്രെയിം പൊള്ളോക്ക്, ഓൾറൗണ്ടർ മൈക്ക് പ്രോക്ടർ എന്നിവരുടെ പ്രകടന പാരമ്യമാണ് ഇതുമൂലം ക്രിക്കറ്റ് ലോകത്തിനു നഷ്ടമായത്. ഇവരുടെയൊക്കെ കളിമികവ് ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റിൽ മാത്രമായി പരിമിതപ്പെട്ടു.

ദക്ഷിണാഫ്രിക്കയ്ക്ക് വിലക്ക് കൽപിക്കണമെന്ന് ഏറ്റവും കൂടുതൽ വാശി പിടിച്ച ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തന്നെയാണ് രണ്ടു പതിറ്റാണ്ടിനു ശേഷം അവരെ ക്രിക്കറ്റ് ലോകത്തേക്കു തിരിച്ചുകൊണ്ടുവരുവാൻ ഐസിസിയിൽ കൂടുതൽ സമ്മർദം ചെലുത്തിയതും! ക്രിക്കറ്റ് രംഗത്തും കറുത്ത വർഗക്കാർക്ക് അവസരങ്ങൾ തുറന്നു കിട്ടിത്തുടങ്ങിയെന്നതായിരുന്നു കാരണം. 

ദക്ഷിണാഫ്രിക്ക ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്കു മടങ്ങിയെത്തിയതിന്റെ പ്രതിഫലനം ഏറ്റവും കൂടുതലുണ്ടായതു ഫീൽഡിങ്ങിലാണ്. അക്കാലം വരെ കണ്ടിട്ടില്ലാത്ത ഫീൽഡിങ് പ്രകടനമാണ് ജോണ്ടി റോഡ്സിന്റെ നേതൃത്വത്തിലുള്ള ഫീൽഡർമാർ പിന്നീടു നമുക്കു കാട്ടിത്തന്നത്. ഇതിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് രാജ്യാന്തരതലം മുതൽ ക്ലബ് തലം വരെ ഫീൽഡിങ് ശൈലി ആധുനികവൽക്കരിക്കപ്പെട്ടു. ശരീരക്ഷമതയിലും ചടുലതയിലും മികവുള്ള ദക്ഷിണാഫ്രിക്കൻ ടീം പ്രതിഭാധാരാളിത്തവും അനുഭവസമ്പത്തുമുള്ള ഇന്ത്യൻ ടീമിനെ ട്വന്റി20യിൽ നേരിടുമ്പോൾ തകർപ്പൻ മത്സരം തന്നെ നമുക്കു പ്രതീക്ഷിക്കാം.

English Summary: P Balachandran on South africa india match at Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com