ADVERTISEMENT

തിരുവനന്തപുരം ∙ ദക്ഷിണാഫ്രിക്കൻ ടീമിന്റെ പരിശീലന വേളയിൽ കൂടുതൽ തവണ പന്ത് ബൗണ്ടറി കടത്തിയ ബാറ്റർ ആരാണ്? ഡേവിഡ് മില്ലർ, എയ്ഡൻ മാർക്രം, റീസ ഹെൻറിക്കസ് തുടങ്ങി മുൻനിര ബാറ്റർമാരെ പറയാൻ വരട്ടെ. തുടക്കം തൊട്ട് ഒടുക്കം വരെ നെറ്റ്സിൽ ഒരു മയവുമില്ലാതെ സിക്സറുകൾ അടിച്ചുകൂട്ടിയത് ദക്ഷിണാഫ്രിക്കൻ പേസ് ബോളിങ് ഡിപ്പാർട്മെന്റിന്റെ അമരക്കാരൻ കഗിസോ റബാദയായിരുന്നു. 

നെറ്റ്സിൽ നേരിട്ട ആദ്യ പന്തുമുതൽ റബാദയുടെ ‘സിക്സർ മാല’ തുടങ്ങി. സ്പിന്നർമാർക്കെതിരായിരുന്നു കടന്നാക്രമണം. സ്ലോഗ് ഷോട്ടുകളായിരുന്നില്ല, ആദം ഗിൽക്രിസ്റ്റും ക്രിസ് ഗെയ്‌ലും യുവരാജ് സിങ്ങുമെല്ലാം അനശ്വരമാക്കിത്തീർത്ത ഇടംകയ്യൻ ബാറ്റർമാരുടെ സ്പെഷൽ സ്വീപ് ഷോട്ട് സിക്സറുകളായിരുന്നു റബാദ സ്പിന്നർമാർക്കെതിരെ പ്രയോഗിച്ചത്. റബാദയുടെ ഷോട്ടുകളിൽ പല പന്തുകളും പവലിയന്റെ രണ്ടാം നിലയിലാണ് ചെന്നു വീണത്. നെറ്റ്സിൽ റബാദ കാര്യമായി ബോൾ ചെയ്തിരുന്നില്ല. അൽപനേരം ലൈനും ലെങ്തും കണ്ടെത്താൻ പന്തെറിഞ്ഞ ശേഷം നേരെ ഫീൽഡിങ് പരിശീലനത്തിനു പോയി. അതിനുശേഷം പാഡണിഞ്ഞ് ബാറ്റുമായി നേരെ നെറ്റ്സിലേക്ക്. 

ഇന്നത്തെ മത്സരത്തിൽ ഇന്ത്യൻ സ്പിന്നർമാർ വെല്ലുവിളിയായേക്കാമെന്നു ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യൻ സ്പിന്നർമാരെ നേരിടാൻ ഒരു കൗണ്ടർ അറ്റാക്ക് ദക്ഷിണാഫ്രിക്കൻ ടീമിന്റെ ഭാഗത്തുനിന്നുണ്ടായേക്കാം. അതിനായി റബാദ ഉൾപ്പെടെയുള്ള ബോളർമാരെ വരെ സജ്ജരാക്കുകയാണ് ദക്ഷിണാഫ്രിക്ക. നെറ്റ്സിലെ റബാദയുടെ ബാറ്റിങ് പ്രകടനം കാണുമ്പോൾ ഈ സംശയത്തിനു ബലം കൂടുന്നു.

Content Highlights: Kagiso Rabada, South africa cricket team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com