ADVERTISEMENT

1990 ൽ ന്യൂസിലൻഡി‍ൽ നടന്ന റോത് മാൻസ് കപ്പാണ് ഞാൻ ആദ്യമായി ടെലിവിഷനിൽ കാണുന്ന ക്രിക്കറ്റ് മത്സരം. ന്യൂസിലൻഡിൽ കളി തുടങ്ങുന്നത് ഇന്ത്യൻ സമയം പുലർച്ചെയാണ്. മൂന്ന്, മൂന്നര ഒക്കെ. വീട്ടിലെ പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ടിവിയുടെ ആന്റിന കനിഞ്ഞാൽ നിറയെ ഗ്രെയിൻസോടെ കുറച്ചെല്ലാം കാണാം. എങ്കിലും അതൊന്നും ഒരു വിഷയമല്ല. അതുവരെ റേഡിയോയിൽ കേട്ട ദൃശ്യങ്ങൾ നേരെ കൺമുന്നിൽ അല്ലേ! ഉള്ളതു മതി.

ശേഷം ഈ മൂന്നു പതിറ്റാണ്ടിൽ ഇന്ത്യയുടെ മത്സരങ്ങൾ അധികം മിസ് ആക്കിയിട്ടില്ല. അക്കാര്യത്തിൽ ധീരദേശാഭിമാനി തന്നെ. ക്രിക്കറ്റ് ഇത്രയും പാഷൻ ആയിട്ടും ഇതുവരെ അത് നേരിട്ടു പോയി കാണണമെന്നു തോന്നിയിട്ടുമില്ല. കഴിഞ്ഞ ദിവസത്തെ ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി20 ആണ്  അങ്ങനെ നോക്കുമ്പോൾ എന്റെ കന്നി മത്സരം! തൊട്ടടുത്ത് കാര്യവട്ടത്ത് കളി നടക്കുമ്പോൾ പോലും അങ്ങോട്ടു പോകാൻ മെനക്കെടാത്ത നിങ്ങളാണോ ക്രിക്കറ്റ് ഫാൻ എന്ന ചോദ്യം  കുത്തിനോവിച്ചു കൊണ്ടിരുന്നു. ഒടുവിൽ ടിക്കറ്റ് കിട്ടിയതോടെ പോകാം എന്ന് ഉറപ്പിച്ചു.

സ്വാഭാവികമായും ‘നൊസ്റ്റാൾജിയ’ കിനിഞ്ഞു വരും. അത് ഉണ്ടാകും. അത് ഇവിടെ പറയാനാണ് ആദ്യം ഓങ്ങിയത്. പിന്നെ ആലോചിച്ചു, കളി ടിവിയിൽ കാണുന്നതോ നേരിട്ടു കാണുന്നതോ നല്ലത്? രണ്ടും തമ്മിലെ വ്യത്യാസം എന്ത്? കാര്യവട്ടത്ത് പോയി കണ്ടു കഴിഞ്ഞപ്പോഴാണ് ഇത്രയും ക്ലോസ് ആയി ക്രിക്കറ്റിനെ പിന്തുടരുന്ന എനിക്ക് തന്നെ ഇനിയും പിടി കിട്ടാത്ത അതി സാധാരണമായ കാര്യങ്ങൾ ഉണ്ടെന്നു ബോധ്യപ്പെട്ടത്. പലർക്കും ഇതേ സംശയങ്ങൾ ഉണ്ടാകുമല്ലോ. അവർക്കുള്ള ടിപ്സ് ആണു ചുവടെ..

1)സ്റ്റേഡിയത്തിൽ എവിടെയോ ഒരു പൊട്ട് പോലെ അല്ലേ കളി കാണാൻ കഴിയൂ? താരങ്ങളെ തിരിച്ചറിയാൻ പോലും ഗാലറിയിൽ ഇരുന്നാൽ കഴിയുമോ?

അതു ശരിയല്ല. കളി തൊട്ടടുത്ത് എന്ന പ്രതീതി തന്നെയാണ് സ്റ്റേഡിയക്കാഴ്ച്ച നൽകുന്നത്. കളിക്കാരെ നമ്മുക്കു മനസ്സിലാകും. പന്ത് മുളിപ്പറക്കുന്നതൊന്നും കാണാൻ കഴിയില്ല. പക്ഷേ വിക്കറ്റ് തെറിക്കുന്നത് കൃത്യമായി കാണാം. ക്ലാസിക് ഷോട്ടുകൾ ബാറ്റിൽ പിറക്കുമ്പോഴുള്ള ആ ശബ്ദം ഉണ്ടല്ലോ, അതു കേൾക്കാം.

 

2)ആവേശം ടിവിയിലോ നേരിട്ടോ?

മത്സരത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ചിത്രം∙ ആർ.എസ്. ഗോപൻ
മത്സരത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ചിത്രം∙ ആർ.എസ്. ഗോപൻ

എന്തു സംശയം! ചുറ്റും ഒരു വികാരക്കടൽ ഉയരുമ്പോൾ അതു സ്റ്റേഡിയം തന്നെ. ക്രിക്കറ്റ് ഇന്ത്യയ്ക്ക്, കേരളത്തിന് ഒരു യൂഫോറിയ ആണെന്ന് കാര്യവട്ടം സ്റ്റേഡിയം നിസംശയം ബോധ്യപ്പെടുത്തി. അലമാലകൾ പോലെ യൗവനം, പ്രായം മറന്ന് അമ്മൂമ്മാർ. അർഷ് ദീപ് സിങ് വിക്കറ്റ് തെറിപ്പിക്കുമ്പോൾ, സൂര്യകുമാർ യാദവ് സിക്സറിനു പറത്തുമ്പോൾ എഴുന്നേറ്റ് ആർത്തു പോകും, ആരും. വീട്ടിലാണേൽ മുഖത്ത് ഒരു സന്തോഷം വിരിഞ്ഞാലായി, ഇല്ലെങ്കിലായി. 

 

3) കളി കൃത്യമായി പിന്തുടരാൻ പറ്റുന്നത് ടിവിയിലോ സ്റ്റേഡിയത്തിലോ? 

അതു ടിവിയിൽ തന്നെ. വിക്കറ്റ് വീഴുന്നത് ഒരിക്കൽ കൂടി കാണണമെന്ന് ആശിച്ചാൽ അത് സ്റ്റേഡിയത്തിൽ നടക്കില്ലല്ലോ. സൂര്യകുമാറിന്റെ വിജയ സിക്സർ ടിവിയിൽ എത്ര വട്ടം കാണാം! സ്റ്റേഡിയത്തിന്റെ ആരവത്തിൽ ആ കാഴ്ച പോലും മുങ്ങിപ്പോയ അനുഭവമായിരുന്നു. 

 

4)കമന്ററി സ്റ്റേഡിയത്തിൽ ഉണ്ടോ? 

ദീപക് ചാഹറിന്റെ പന്തിൽ ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ടെംബ ബാവുമ ബോൾഡാകുന്നു. ചിത്രം∙ ആർ.എസ്. ഗോപൻ
ദീപക് ചാഹറിന്റെ പന്തിൽ ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ടെംബ ബാവുമ ബോൾഡാകുന്നു. ചിത്രം∙ ആർ.എസ്. ഗോപൻ

ഇല്ല. പന്തെറിയുകയും ബാറ്റ് ചെയ്യുകയും ചെയ്യുന്ന സമയം സ്റ്റേഡിയം ഔദ്യോഗികമായി നിശബ്ദതയിലാണ്. 22 പേർ അവിടെ ക്രിക്കറ്റ് കളിക്കുന്നു. അത്രമാത്രം. അവരെ മറ്റൊന്നും ബാധിക്കാറില്ല. കമന്റേറ്ററ്റർമാരുടെ നിശിതമായ വിമർശനങ്ങളോ, വൻ അഭിനന്ദനങ്ങളോ കളിക്കാർ കേൾക്കാൻ പാടുള്ളതും അല്ലല്ലോ. 

 

5) പിന്നെ എങ്ങനെയാണ് സ്കോർ മനസ്സിലാക്കുകയും കളി പിന്തുടരുകയും ചെയ്യുന്നത്?

ഓരോ ഓവറിനും ശേഷം അനൗൺസ്മെന്റ് മുഴങ്ങും. സ്കോർ അപ്പോൾ പറയും. ഒപ്പം സ്കോർബോർഡ് സ്റ്റേഡിയത്തിൽ സൂക്ഷിച്ചു നോക്കിയാൽ കാണാം. കളി പ്രദർശിപ്പിക്കുന്ന വലിയ സ്ക്രീനുകൾ സ്റ്റേഡിയത്തിൽ അവിടെ ഇവിടെയായി ഉണ്ട്. പക്ഷേ അതിൽ നോക്കാൻ പറ്റുന്നത് നമ്മുടെ ഇരിപ്പുവശം പോലിരിക്കും. ഞാൻ കളി കാണുന്നതിനൊപ്പം തന്നെ ഫോണിൽ സ്കോർ നോക്കുന്ന രീതിയാണ് അവലംബിച്ചത്. 

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരം ജയിച്ച ശേഷം കെ.എൽ. രാഹുലിന്റെയും (വലത്) സൂര്യകുമാർ യാദവിന്റെയും ആഹ്ലാദം.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരം ജയിച്ച ശേഷം കെ.എൽ. രാഹുലിന്റെയും (വലത്) സൂര്യകുമാർ യാദവിന്റെയും ആഹ്ലാദം.

6.ഡിആർഎസ് സമയത്ത് തേർഡ് അംപയറുടെ നിരീക്ഷണങ്ങളും കേൾക്കാൻ കഴിയില്ലേ? 

കഴിയും. അത് ടിവിയിൽ കേൾക്കുന്നതു പോലെ തന്നെ സ്റ്റേഡിയത്തിലും മൈക്കിലൂടെ കേൾക്കാം. പക്ഷേ ടിവിയിലേതു പോലെ ആ റിപ്പിറ്റ് കാഴ്ചകൾ ഇല്ലല്ലോ. സ്ക്രീനിൽ കുറച്ചെല്ലാം കാണാം. പക്ഷേ റിവ്യൂ സമയത്ത് ടിവി കാഴ്ച തന്നെ ബെസ്റ്റ്.

∙ഓവറുകൾക്ക് ഇടയിൽ ടിവിയിൽ കേൾക്കാവുന്ന പ്രകമ്പനം കൊള്ളുന്ന സംഗീതമോ?

അതാണ് സ്റ്റേഡിയത്തിലെ കാഴ്ച്ചയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ഐപിഎൽ മ്യൂസിക് ഉയരുമ്പോഴെല്ലാം സ്റ്റേഡിയം വിറങ്ങലിക്കുന്ന ആവേശമാണ്. പാലാപ്പള്ളി വരെ ഇടയ്ക്ക് കാര്യവട്ടത്തെ പ്രേമികളെ നൃത്തം ചെയ്യിപ്പിച്ചു. 

 

ടോസ്, സമ്മാന ദാനം എന്നിവയുടെ സ്ഥിതിയോ? 

 

ടോസ് ഇടുമ്പോൾ ക്യാപ്റ്റന്മാരെ ദൂരെ എവിടെയോ കാണാം, ആർക്കാണ് ടോസ് എന്ന് ഞാൻ മനസ്സിലാക്കിയത് ഫോണിൽ നിന്നാണ്. 

 

∙കളിക്കാർ നേരത്തെ തന്നെ സ്റ്റേഡിയത്തിൽ എത്തുമോ? 

ഞങ്ങൾ അഞ്ചു മണിക്ക് സ്റ്റേഡിയത്തിൽ എത്തിയപ്പോൾ ദക്ഷിണാഫ്രിക്കൻ ടീം അവിടെ പ്രാക്ടിസിലായിരുന്നു. ഇന്ത്യൻ ടീം പിന്നെയും അര മണിക്കൂർ കഴിഞ്ഞു. ഏഴു മണിക്കാണ് കളി തുടങ്ങുന്നതെങ്കിൽ 6.45 വരെ രണ്ടു ടീമും തയാറെടുപ്പുകളുമായി അവിടെ ഉണ്ടായി. ഫുട്ബോൾ അടക്കം, ഇനി 15 മിനിറ്റിനുള്ളിൽ കളി തുടങ്ങുമോ എന്നു ശങ്കിച്ചു പോകുന്ന സമയം സ്റ്റേഡിയം ക്ലിയർ ആകും. 6.58ന് ദക്ഷിണാഫ്രിക്കൻ ഓപ്പണർമാർ ഇറങ്ങി, നീലപ്പട പിന്നാലെ. 

 

∙കളിയിലെ കാര്യം അല്ലെങ്കിലും അതിനു പുറത്തുള്ള ഒരു കാര്യം കൂടി. ഈ നീല ടീ ഷർട്ടും, മുഖത്ത് വരച്ച ഇന്ത്യൻ പതാകകളും എല്ലാം എങ്ങനെ പതിനായിരങ്ങൾ സംഘടിപ്പിക്കുന്നു? 

 

ടീ ഷർട്ട് തീർച്ചയായും പുറത്ത് വഴി നീളെ വിൽപ്പനയ്ക്കുണ്ട്.. ആവേശം നിറയുന്ന മുഖങ്ങളിൽ ഇന്ത്യയെ വരച്ചു തരാനും കലാകാരന്മാർ റെഡിയാണ്. ത്രിവർണവുമായി അവർ(ഏറിയ പങ്കും കലാവിദ്യാർഥികളാണ്) സ്റ്റേഡിയത്തിലേക്കുള്ള വഴിയിൽ ഉണ്ടാകും. ഒരു പതാക വരയ്ക്കാൻ 10 രൂപ. ഞാൻ 15 മിനിറ്റ് ട്രൈ ചെയ്തിട്ടും നടന്നില്ല, ഇടിയോട് ഇടി. ഒടുവിൽ സ്റ്റേഡിയത്തിലേക്ക് വലിച്ചു വിട്ട് നടന്നു.

 

∙അപ്പോൾ ഫുഡ്, വെള്ളം? 

 

അത് ഗാലറിയുടെ തൊട്ടു പിറകിലേക്ക് ഇറങ്ങിയാൽ കിട്ടും. ചായയും സ്നാക്സും എല്ലാം ഉണ്ട്. കൗണ്ടറുകൾ ഇഷ്ടം പോലെ. കളിയുടെ സ്പിരിറ്റ് കൂട്ടാനായി അൽപം സ്പിരിറ്റ് വേണം എന്നാണ് മോഹമെങ്കിൽ ക്രിക്കറ്റ് ആരാധകാ, അക്കാര്യത്തിന് വീടാണ് താങ്കൾക്കു നല്ലത്. അല്ലെങ്കിൽ അതേ പറ്റൂ!

English Summary: India- South Africa T20 match at Karyavattom, Experience for stadium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com