ADVERTISEMENT

ബാറ്റിങ് പിച്ച്, റൺസൊഴുകും– മത്സരത്തിനു മുൻപ് ക്യൂറേറ്ററും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമയുമെല്ലാം പറഞ്ഞ തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബിലെ പിച്ചിന് യഥാർഥത്തിൽ സംഭവിച്ചത് എന്താണ്? കളി തുടങ്ങി 15 പന്തുകൾക്കകം ദക്ഷിണാഫ്രിക്കയുടെ 5 മുൻനിര ബാറ്റർമാരാണു പുറത്തായത്! ഇന്ത്യ 8 വിക്കറ്റിനു ജയിച്ച ആദ്യ ട്വന്റി20യിലെ യഥാർഥ താരം പിച്ചായിരുന്നു!

പിച്ച് പെർഫക്ട്

ഫ്ലാറ്റ് വിക്കറ്റ് പ്രതീക്ഷിച്ചെത്തിയ ടീമുകളെ കാത്തിരുന്നത് യഥാർഥത്തിലുള്ള ഒരു രാജ്യാന്തര പിച്ചായിരുന്നു. ഓസ്ട്രേലിയൻ വിക്കറ്റുകളിൽ കണ്ടുശീലിച്ച ബൗൺസും ഇംഗ്ലണ്ട് പിച്ചുകളിലെ പച്ചപ്പും സ്വിങ്ങും ഇടകലർന്ന രീതിയിലായിരുന്നു കാര്യവട്ടത്തെ പിച്ച്. ദീപക് ചാഹർ എറിഞ്ഞ ആദ്യ പന്തിൽ തന്നെ അത് വ്യക്തമായിരുന്നു. ഇരു ടീമിലെ ബോളർമാർക്കും പവർപ്ലേയിൽ വ്യക്തമായ സ്വിങ്ങും ബൗൺസും ലഭിച്ചിരുന്നു. രണ്ട് ഇന്നിങ്സുകളിലും ഒരു തവണ പോലും വിക്കറ്റിലെ ബൗൺസ് അപ്രതീക്ഷിതമായി കൂടുകയോ കുറയുകയോ ചെയ്തില്ല.

ലക്ഷ്യം ലോകകപ്പ്?

ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഒരുക്കമാണ് ഈ പരമ്പര. അതിനാൽ, ഓസ്ട്രേലിയയിലെ പിച്ചുകൾക്കു സമാനമായ പേസും ബൗൺസുമുള്ള പിച്ച് ഈ പരമ്പരയിൽ ഒരുക്കണമെന്ന് ബിസിസിഐയും ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡും ആവശ്യപ്പെട്ടതായി സൂചനകളുണ്ട്. തൊട്ടുമുൻപു നടന്ന ഇന്ത്യ–ഓസ്ട്രേലിയ പരമ്പരയിലെ എല്ലാ മത്സരങ്ങളും ഫ്ലാറ്റ് വിക്കറ്റുകളിലാണ് നടന്നത്. പരമ്പര ഇന്ത്യ ജയിച്ചെങ്കിലും ഇന്ത്യൻ ബാറ്റർമാരോ ബോളർമാരോ ഒരു മത്സരത്തിൽ പോലും കാര്യമായി പരീക്ഷിക്കപ്പെട്ടില്ല. ട്വന്റി20 ലോകകപ്പിനായി ഓസ്ട്രേലിയയിൽ എത്തുമ്പോൾ ഈ അനുഭവം തിരിച്ചടിയാകാമെന്നു ബിസിസിഐക്ക് തോന്നിയിരിക്കണം. അതുകൊണ്ടാവാം ഓസ്ട്രേലിയൻ പിച്ചുകൾക്കു സമാനമായ വിക്കറ്റ് കാര്യവട്ടത്ത് ഒരുക്കിയത്. പരമ്പരയിലെ വരുന്ന മത്സരങ്ങളിലും ഇത്തരം പിച്ചുകൾ തന്നെ പ്രതീക്ഷിക്കാമെന്ന സൂചന കൂടി കാര്യവട്ടം നൽകുന്നുണ്ട്. 

പിച്ചാണോ വില്ലൻ?

15 പന്തിനുള്ളിൽ 5 ദക്ഷിണാഫ്രിക്കൻ വിക്കറ്റ്! വില്ലൻ പിച്ചാണെന്നു തോന്നാം. പക്ഷേ, അല്ല. ഇന്ത്യൻ ബോളർമാരുടെ അച്ചടക്കത്തോടെയുള്ള സ്പെല്ലും ദക്ഷിണാഫ്രിക്കൻ ബാറ്റർമാരുടെ ശ്രദ്ധക്കുറവുമാണ് യഥാർഥത്തിൽ മത്സരം നിർണയിച്ചത്. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമയുടെ വിക്കറ്റ് തന്നെ ഉദാഹരണം. 

ദീപക് ചാഹറിന്റെ ആദ്യ 3 പന്തുകളും ഔട്ട് സ്വിങ്ങറായപ്പോൾ നാലാം പന്തും ഔട്ട് സ്വിങ്ങർ പ്രതീക്ഷിച്ച ബാവുമ ഓഫ് ഡ്രൈവിനു ശ്രമിച്ചു. എന്നാൽ, ചാഹറിന്റെ ആ പന്ത് ഇൻ സ്വിങ്ങറായിരുന്നു. ബാവുമ ഔട്ട്! ഡേവിഡ് മില്ലറും റിലേ റൂസോയും ഉൾപ്പെടെ ദക്ഷിണാഫ്രിക്കൻ മുന്നേറ്റ നിരയിലെ എല്ലാ ബാറ്റർമാരും തെറ്റായ ലൈനിൽ കളിച്ചാണ് വിക്കറ്റ് കളഞ്ഞത്. 

ബാറ്റിങ്ങിന് അനുകൂലമായ ഹാർഡ് സർഫസാണ് ഒരുക്കിയിരുന്നത്. വൈകിട്ടുണ്ടായ മഞ്ഞുവീഴ്ചയും ചാറ്റൽ മഴയുമെല്ലാം പിച്ചിലെ ഈർപ്പത്തെ സ്വാധീനിച്ചിരിക്കാം. ഒരു രാജ്യാന്തര മത്സരത്തിനു യോജിച്ച പിച്ചൊരുക്കിയതിൽ സംതൃപ്തിയുണ്ട്.

വെറും പുല്ലല്ല, രാക്ഷസപ്പുല്ല്!

പ്രത്യേകതരം കളിമണ്ണുകൊണ്ടു നിർമിച്ച, ‘രാക്ഷസപ്പുല്ല്’ എന്നറിയപ്പെടുന്ന ബർമുഡ ഗ്രാസ് പിടിപ്പിച്ച പിച്ചാണ് കാര്യവട്ടത്തേത്. മത്സരത്തിനു മുൻപ് പിച്ച് നന്നായി നനച്ചിരുന്നു. ഭാരം കുറഞ്ഞ റോളർ പ്രതലത്തിലൂടെ ഉരുട്ടി പിച്ചൊരുക്കുകയും ചെയ്തിരുന്നു. മത്സരദിവസം കാര്യമായ ചൂട് ഇല്ലാതിരുന്നതിനാൽ പിച്ചിലെ ഈർപ്പം അതുപോലെ നിലനിൽക്കുകയും പുല്ലിനു വളരാനുള്ള അന്തരീക്ഷം ഒരുങ്ങുകയും ചെയ്തു. ചെറിയൊരു ഈർപ്പം ലഭിച്ചാൽ പെട്ടെന്ന് വളരുന്ന പുല്ലായതിനാലാണ് ‘രാക്ഷസപ്പുല്ല്’ എന്ന പേരു ലഭിച്ചത്.

English Summary: India vs South africa T20,  Karyavattom stadium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com