വിക്കറ്റ് ഇളകുംമുൻപേ ക്രീസിലെത്തിയിട്ടും ഇന്ത്യൻ താരം ഔട്ട്! രൂക്ഷവിമർശനം– വിഡിയോ

Mail This Article
ധാക്ക∙ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ ഷാർലറ്റ് ഡീനിനെ ഇന്ത്യന്‍ ബോളർ ദീപ്തി ശർമ റണ്ണൗട്ടാക്കിയതു വൻ വിവാദത്തിനാണു തിരികൊളുത്തിയത്. ദീപ്തി പന്തെറിയുന്നതിനു മുൻപേ നോൺ സ്ട്രൈക്കിൽനിന്നിരുന്ന ഇംഗ്ലിഷ് താരം ക്രീസ് വിട്ടപ്പോള്‍ ദീപ്തി ‘മങ്കാദിങ്’ രീതിയിൽ റണ്ണൗട്ടാക്കുകയായിരുന്നു. ഇതിനെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ അവസാനിക്കുന്നതിനിടെ ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ മറ്റൊരു റണ്ണൗട്ട് വിവാദം കൂടി ഉയരുകയാണ്. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യൻ താരം പൂജ വസ്ത്രാകർ റണ്ണൗട്ടായിരുന്നു.
വിക്കറ്റിന്റെ ബെയ്ൽസ് ഇളകും മുൻപേ പൂജ വസ്ത്രാകർ ക്രീസിലെത്തിയെന്നു വിഡിയോ ദൃശ്യങ്ങളിൽനിന്നു വ്യക്തമായിരുന്നു. എന്നാൽ തേർഡ് അംപയർ ഇത് ഔട്ട് അനുവദിക്കുകയായിരുന്നു. ഒരു റൺ മാത്രമെടുത്താണു മത്സരത്തിൽ പൂജ പുറത്തായത്. തേർഡ് അംപയറുടെ തീരുമാനം വളരെ മോശമായിപ്പോയെന്ന് മുന്‍ ഇന്ത്യൻ താരം യുവരാജ് സിങ് ട്വിറ്ററിൽ കുറിച്ചു. സംശയത്തിന്റെ ആനുകൂല്യമെങ്കിലും പൂജയ്ക്കു നൽകണമായിരുന്നെന്നും യുവരാജ് വ്യക്തമാക്കി. അംപയറുടെ തീരുമാനത്തിനെതിരെ ആരാധകരും രൂക്ഷവിമർശനമുയർത്തി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ജമൈമ റോഡ്രിഗസിന്റെ ഉജ്വല അർധസെഞ്ചറിയുടെ (53 പന്തിൽ 76) മികവിൽ 20 ഓവറിൽ 6 വിക്കറ്റിന് 150 റൺസെടുത്തു. ലങ്കയുടെ മറുപടി 18.2 ഓവറിൽ 109 റൺസിലൊതുങ്ങി. ഇന്ത്യയ്ക്കു വേണ്ടി ഡി. ഹേമലത 3 വിക്കറ്റും ദീപ്തി ശർമ, പൂജ വസ്ത്രാകർ എന്നിവർ 2 വിക്കറ്റ് വീതവും നേടി. ജമൈമയാണു പ്ലെയർ ഓഫ് ദ് മാച്ച്.
ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങ്ങിനു വിളിക്കുകയായിരുന്നു. ബാറ്റർമാർ ബുദ്ധിമുട്ടിയ ബൗൺസ് കുറഞ്ഞ പിച്ചിൽ 11 ഫോറും ഒരു സിക്സും നേടിയായിരുന്നു ജമൈമയുടെ പ്രത്യാക്രമണം. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന (10), സഹ ഓപ്പണർ ഷെഫാലി വർമ്മ (6) എന്നിവർ പെട്ടെന്നു മടങ്ങിയതിനു പിന്നാലെ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിനൊപ്പം (30 പന്തിൽ 33) മൂന്നാം വിക്കറ്റിൽ ജമൈമ 71 പന്തിൽ 92 റൺസ് കൂട്ടിച്ചേർത്തു. 38 പന്തിൽ അർധശതകം നേടിയ ജമൈമ കരിയറിലെ തന്റെ ഉയർന്ന വ്യക്തിഗത സ്കോറും സ്വന്തമാക്കി. ഡെത്ത് ഓവറുകളിൽ തുടരെ വിക്കറ്റുകൾ നേടി ലങ്കൻ ബോളർമാർ തിരിച്ചുവരവു നടത്തി.
മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിൽ 13 റൺസ് നേടി ലങ്ക കുതിപ്പു നടത്തിയെങ്കിലും പിന്നീട് ഇടയ്ക്കിടെ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ പിടിമുറുക്കി. ഓപ്പണർ ഹർഷിത സമരവിക്രമ (20 പന്തിൽ 26), മധ്യനിര താരം ഹസിനി പെരേര (32 പന്തിൽ 30) എന്നിവർ ഒഴികെയുള്ളവർക്കു നിലയുറപ്പിക്കാനായില്ല.
English Summary: bizarre run-out decision involving Pooja Vastrakar