ADVERTISEMENT

ഗുവാഹതി ∙ രാജ്യാന്തര ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സ്വന്തം നാട്ടിൽ ആദ്യ പരമ്പര വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. തിരുവനന്തപുരത്തു നടന്ന ആദ്യ മത്സരത്തിൽ ജയിച്ച ആതിഥേയർക്കു 3 കളികളടങ്ങുന്ന പരമ്പര സ്വന്തമാക്കാൻ ഒരു വിജയം കൂടി മതി. മത്സരം വൈകിട്ട് 7 മുതൽ സ്റ്റാർ സ്പോർട്സിലും ഡിസ്നി ഹോട്സ്റ്റാറിലും തത്സമയം. മത്സരത്തിനു മഴ ഭീഷണിയുണ്ട്. 

പക്ഷേ, ഈ പരമ്പര നേടിയാലും ടീം മാനേജ്മെന്റിനു മനസ്സമാധാനമുണ്ടാകുമോ എന്ന കാര്യം സംശയമാണ്. ട്വന്റി20 ലോകകപ്പിനു മുൻപ് ബോളിങ്ങിലെ  സൂപ്പർ താരം ജസ്പ്രിത് ബുമ്രയ്ക്കു പരുക്കേറ്റതിന്റെ ആഘാതത്തിലാണ് ടീം. ലോകകപ്പിൽ ഇന്ത്യയ്ക്കു വേണ്ടി പന്തെറിയുന്ന പേസർമാർ ആരൊക്കെയാണെന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത അവസ്ഥ.

ഇന്ത്യയുടെ ലോകകപ്പ് ടീമിലില്ലാത്ത ഉമേഷ് യാദവിനെയും മുഹമ്മദ് സിറാജിനെയും പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പ് ടീമിലെ റിസർവ് ബോളറായ മുഹമ്മദ് ഷമിയാകട്ടെ കോവിഡ് ബാധയെത്തുടർന്ന് പരമ്പരയിൽ നിന്നു പുറത്തുമാണ്.  ബുമ്ര പരുക്കിൽ നിന്നു മോചിതനാകാത്ത പക്ഷം ഷമിയെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയാൽ മത്സരപരിചയമില്ലാതെ കളിക്കേണ്ടി വരുമെന്ന പ്രശ്നമുണ്ട്. കഴിഞ്ഞ കളിയിൽ തിളങ്ങിയ ദീപക് ചാഹറും ലോകകപ്പ് റിസർവ് താരമാണ്. യുവതാരം അർഷ്ദീപ് സിങ് മികച്ച ഫോമിലാണെങ്കിലും ലോകകപ്പ് ടീമിലെ പ്രധാന ബോളർമാരായ ഭുവനേശ്വർ കുമാറും ഹർഷൽ പട്ടേലും ഫോമിലുമല്ല.

arshdeep
അർഷ്ദീപ് സിങ് പരിശീലനത്തിൽ

അതേസമയം, യുസ്‌വേന്ദ്ര ചെഹലും അക്ഷർ പട്ടേലും ആർ. അശ്വിനുമടങ്ങുന്ന സ്പിൻവിഭാഗത്തെക്കുറിച്ച് വലിയ വേവലാതിയില്ല. ബാറ്റിങ്ങിൽ മുൻനിര താരങ്ങളൊക്കെ ഏറെക്കുറെ ഫോമിലാണ്. വിക്കറ്റ് കീപ്പർ ബാറ്റർമാരായ ദിനേഷ് കാർത്തിക്കിനും ഋഷഭ് പന്തിനും ബാറ്റിങ്ങിന് അവസരങ്ങൾ കിട്ടുന്നില്ലെന്നതു മാത്രമാണ് പ്രശ്നം.

English Summary: Team India grapple with Bumrah riddle as it chases rare series win vs South Africa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com