തകർത്തടിച്ചിട്ടും ‘ചെറിയ ജയം’; ഏഴ് ഓവറിൽ വഴങ്ങിയത് 111 റൺസ്, രക്ഷിച്ചെടുത്ത വീരസൂര്യ സഖ്യം

suryakumar-yadav
സൂര്യകുമാർ യാദവ് ബാറ്റിങ്ങിനിടെ (Photo by Dibyangshu SARKAR / AFP)
SHARE

ഗുവാഹത്തി ∙ റൺസിന്റെ മഹാവിസ്ഫോടനത്തിനു സാക്ഷ്യം വഹിച്ച ബർസപാറ സ്റ്റേഡിയത്തിലെ ബാറ്റിങ് പറുദീസയിൽ ദക്ഷിണാഫ്രിക്ക പൊരുതിയാണു തോറ്റത്. ബാറ്റു ചെയ്യാൻ ഇറങ്ങിയവരെല്ലാം വെടിക്കെട്ടിനു തിരി കൊളുത്തിയ മത്സരത്തിൽ ഇന്ത്യ നിശ്ചയിച്ച വിജയലക്ഷ്യമായ 238 റൺസ് നേടാൻ വീരോചിതമായി പോരാടിയ സന്ദർശകർ വിജയത്തിനരികെ വീണു. ദക്ഷിണാഫ്രിക്കയുടെ മറുപടി 3 വിക്കറ്റിന് 221 റൺസിലൊതുങ്ങി. 16 റൺസ് ജയത്തോടെ ഇന്ത്യ 2–0നു പരമ്പര നേടി. അവസാന മത്സരം നാളെ ഇൻഡോറിൽ. സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കതിരെ ഇന്ത്യ ആദ്യമായാണ് ട്വന്റി പരമ്പര ജയിക്കുന്നത്. സ്കോർ: ഇന്ത്യ–20 ഓവറിൽ 3 വിക്കറ്റിന് 237, ദക്ഷിണാഫ്രിക്ക 20 ഓവറിൽ 3ന് 221.

നേരത്തേ, തുടരെ മൂന്നാം മത്സരത്തിലും അർധ സെഞ്ചറി തികച്ച സൂര്യകുമാർ യാദവ് (22 പന്തിൽ 61, 5 ഫോർ, 5 സിക്സ്), ഉപനായകൻ കെ.എൽ. രാഹുൽ (28 പന്തിൽ 57, 5 ഫോർ, 4 സിക്സ്), വിരാട് കോലി (28 പന്തിൽ 49 നോട്ടൗട്ട്, 7 ഫോർ 1 സിക്സ്), ക്യാപ്റ്റൻ രോഹിത് ശർമ (37 പന്തിൽ 43, 7 ഫോർ, 1 സിക്സ്) എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്.

പാഴായ പോരാട്ടം 

അവസാന 2 ഓവറിൽ ജയിക്കാൻ 63 റൺസാണ് ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടിയിരുന്നത്. അർഷ്ദീപ് സിങ് എറിഞ്ഞ 19–ാം ഓവറിൽ 26 റൺസ് പിറന്നതോടെ  അന്തിമ ഓവറിൽ വിജയലക്ഷ്യം 37 റൺസായി.  എന്നാൽ, അക്ഷർ പട്ടേൽ എറിഞ്ഞ ഓവറി‍ൽ പിറന്നത് 21 റൺസ്. സെഞ്ചറി നേടിയ ഡേവിഡ് മില്ലർ (47 പന്തിൽ 106 നോട്ടൗട്ട്, 8 ഫോർ, 7 സിക്സ്), അർധശതകം നേടിയ ഓപ്പണർ ക്വിന്റർ ഡികോക്ക് (48 പന്തിൽ 69 നോട്ടൗട്ട്, 3 ഫോർ, 4 സിക്സ്) എന്നിവർ പരാജയത്തിലും ദക്ഷിണാഫ്രിക്കയുടെ ഹീറോസ് ആയി.  7–ാം ഓവറിൽ 3 വിക്കറ്റിന് 47 എന്ന നിലയിൽ ഒത്തുചേർന്ന ഡികോക്ക്–മില്ലർ സഖ്യം 4–ാം വിക്കറ്റിന് 92 പന്തിൽ 174  റൺസിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി. അവസാന 10 ഓവറിൽ  അടിച്ചെടുത്തത് 151 റൺസ്! 14 മുതൽ 20 വരെയുള്ള ഓവറുകളിൽ 111 റൺസ് വഴങ്ങിയ ഇന്ത്യയുടെ ഡെത്ത് ഓവർ ബോളിങ് ചോദ്യചിഹ്നമായി തുടരുന്നു. അർഷ്ദീപ് (4 ഓവറിൽ 62 റൺസ്), അക്ഷർ പട്ടേൽ (4 ഓവറിൽ 53), ഹർഷൽ പട്ടേൽ (4 ഓവറിൽ 45) എന്നിവരെല്ലാം അടിയേറ്റു തളർന്നു.

വീരസൂര്യ സഖ്യം

ആദ്യ പത്ത് ഓവറിൽ ഒരു വിക്കറ്റിന് 96 റൺസെടുത്തിരുന്ന ഇന്ത്യയുടെ സ്കോർ പിന്നീടു റോക്കറ്റുപോലെ പറത്തിയതു വിരാട് കോലി–സൂര്യകുമാർ യാദവ് കൂട്ടുകെട്ടാണ്. മൂന്നാം വിക്കറ്റിൽ ഇവർ 40 പന്തിൽ കൂട്ടിച്ചേർത്തത് 102 റൺസ്. ക്രീസിലെത്തിയതു മുതൽ കഴിഞ്ഞ ഇന്നിങ്സുകളിലെ അതേ ഫോമിലായിരുന്നു സൂര്യയെങ്കിൽ കോലി പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. 18 പന്തിൽ അർധശതകം തികയ്ക്കുന്നതിനിടെ മൈതാനത്തിന്റെ 360 ഡിഗ്രി കോണുകളിലേക്കും സൂര്യയുടെ ബാറ്റിൽനിന്നു ഷോട്ടുകൾ പറന്നു. 11.3 ഓവറിൽ 107 റൺസെന്ന ഘട്ടത്തിൽ ഒത്തുചേർന്ന സഖ്യം 15 ഓവർ തികഞ്ഞപ്പോൾ സ്കോർ 155ൽ എത്തിച്ചു. ഡെത്ത് ഓവറുകളിൽ കോലിയും ഉജ്വല ഷോട്ടുകൾ പുറത്തെടുത്തതോടെ 17.2 ഓവറിൽ ഇന്ത്യ 200 പിന്നിട്ടു. 19–ാം ഓവറിൽ സൂര്യകുമാർ റണ്ണൗട്ടായതിനു ശേഷം ഇറങ്ങിയ ദിനേഷ് കാർത്തിക് 7 പന്തിൽ 17 റൺസെടുത്തു. അവസാന ഓവറിൽ സ്ട്രൈക്ക് ലഭിക്കാതിരുന്ന കോലിക്ക് അർധശതകം തികയ്ക്കാൻ കഴിയാതെ പോയതു മാത്രമാണ് ആരാധകരെ സങ്കടത്തിലാക്കിയത്.

miller
ഡേവിഡ് മില്ലറും ക്വിന്റർ ഡികോക്കും (Photo by Dibyangshu SARKAR / AFP)

 അടിമുടി ‘അടി’

ആദ്യ പന്തിൽത്തന്നെ ഫോർ നേടി രാഹുൽ നൽകിയ മേൽക്കൈ ഇന്ത്യ ഒരു ഘട്ടത്തിലും കൈവിട്ടില്ല. പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 57 റൺസും 7 മുതൽ 15 വരെയുള്ള ഓവറുകളിൽ 2 വിക്കറ്റ് നഷ്ടത്തിൽ 98 റൺസും നേടിയ ഇന്ത്യ അവസാന 5 ഓവറിൽ ആളിക്കത്തി; ഒരു വിക്കറ്റ് നഷ്ടത്തിൽ 82 റൺസ്. 4 ഓവറിൽ 23 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ഇടംകൈ സ്പിന്നർ കേശവ് മഹാരാജ് ഒഴികെയുള്ള ബോളർമാരെല്ലാം അടി വാങ്ങി തളർന്നു. കഗിസോ റബാദ 4 ഓവറിൽ 57 റൺസും വെയ്ൻ പാർനൽ 54 റൺസും വഴങ്ങി. ലുംഗി എൻഗിഡി (4 ഓവറിൽ 49), ആൻറിക് നോർട്യ (3 ഓവറിൽ 41) എന്നിവരും തല്ലുവാങ്ങി. 

രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ ആയിരം റൺസ് തികയ്ക്കുന്ന താരമായി സൂര്യകുമാർ യാദവ്. 573 പന്തുകൾ നേരിട്ടാണ് സൂര്യ ആയിരം റൺസിലെത്തിയത്. പിന്നിലാക്കിയത് ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‌വെലിനെ (604 പന്തുകൾ).

ടോസ്: ദക്ഷിണാഫ്രിക്ക

പ്ലെയർ ഓഫ് ദ് മാച്ച്: 

കെ.എൽ.രാഹുൽ 

ഇന്ത്യ: 3– 237 (20) 

സൂര്യകുമാർ 61 (22) 

രാഹുൽ 57 (28) 

മഹാരാജ് 2–23 (4) 

മാർക്രം 0–9 (1) 

ദക്ഷിണാഫ്രിക്ക: 3–221 (20) 

മില്ലർ 106* (47) 

ഡി കോക്ക് 69* (48) 

അർഷ്ദീപ് 2–62 (4) 

അക്ഷർ 1–53 (4) 

English Summary: Fireworks of Suryakumar Yadav light up Team India victory

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA