ADVERTISEMENT

മുംബൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ തിളങ്ങിയ വിരാട് കോലിയെയും കെ.എൽ. രാഹുലിനെയും ഇന്ത്യ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇറക്കില്ലെന്നു വിവരം. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിൽ കോലിക്കും രാഹുലിനും വിശ്രമം അനുവദിക്കുമെന്ന് ബിസിസിഐ വൃത്തങ്ങളിൽനിന്നു വിവരം ലഭിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഗുവാഹത്തിയിൽ നടന്ന രണ്ടാം ട്വന്റി20യിൽ കെ.എൽ. രാഹുൽ അർധസെഞ്ചറി നേടിയിരുന്നു. 28 പന്തുകൾ നേരിട്ട രാഹുൽ 57 റൺസാണു നേടിയത്. വിരാട് കോലി 28 പന്തിൽ 49 റൺസ് അടിച്ചെടുത്തു. കാര്യവട്ടത്തു നടന്ന ആദ്യ മത്സരത്തില്‍ കോലിയും കെ.എൽ. രാഹുലും അർധസെഞ്ചറി നേടിയിരുന്നു.

മൂന്നാം മത്സരത്തില്‍ ഇരുവർക്കും വിശ്രമം അനുവദിച്ചാൽ ദിനേഷ് കാർത്തിക്ക്, ഋഷഭ് പന്ത് തുടങ്ങിയ താരങ്ങൾക്ക് ബാറ്റിങ്ങിനു കൂടുതൽ അവസര‌ം ലഭിച്ചേക്കും. ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ കളിക്കുന്ന അവസാന രാജ്യാന്തര ട്വന്റി20 മത്സരമാണിത്. ഒക്ടോബര്‍ ആറിന് ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്കു പോകുമെന്നാണു വിവരം.

അതേസമയം ഫോമിലുള്ള താരങ്ങൾക്ക് ബിസിസിഐ വിശ്രമം നല്‍കുന്നതിനെതിരെ മുൻ ഇന്ത്യൻ താരം ദൊഡ്ഡ ഗണേഷ് രംഗത്തെത്തി. താളം കണ്ടെത്തി തുടങ്ങിയ രാഹുലിന് എന്തിനാണു കോലിക്കൊപ്പം വിശ്രമം അനുവദിച്ചതെന്നു മനസ്സിലാകുന്നില്ലെന്ന് ഗണേഷ് ട്വിറ്ററിൽ കുറിച്ചു. ‘കോലിയും രാഹുലും അടുത്താണു മടങ്ങിയെത്തിയത്. നിങ്ങൾ ഫോമിലായിരിക്കുമ്പോൾ പറ്റാവുന്നത്രയും മത്സരങ്ങൾ കളിക്കുക, റൺസ് സ്കോർ ചെയ്യുക. അതാണു ഞാൻ വിശ്വസിക്കുന്നത്’’– ഗണേഷ് ട്വിറ്ററിൽ കുറിച്ചു. ചൊവ്വാഴ്ച ഇ‍ൻ‍ഡോറിലാണ് പരമ്പരയിലെ മൂന്നാം മത്സരം.

English Summary: IND vs SA: Virat Kohli, KL Rahul rested for the third T20I versus South Africa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com