ADVERTISEMENT

ഗുവാഹത്തി∙ ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി20യിൽ ആകെ എറിഞ്ഞ 40 ഓവറിൽ ഗുവാഹത്തിയില്‍ ഇരു ടീമുകളും അടിച്ചെടുത്തത് 458 റൺസ്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്തപ്പോൾ, ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 221 റൺസടിച്ചു. മത്സരത്തിൽ 16 റൺസിനായിരുന്നു ഇന്ത്യൻ ജയം. മഴയ്ക്കു സാധ്യതയുണ്ടായിരുന്ന ഗുവാഹത്തിയില്‍ റൺമഴ പെയ്തപ്പോൾ ഒരു കൂട്ടം റെക്കോർ‍‍ഡുകൾ കൂടിയാണ് അതോടൊപ്പം പിറവികൊണ്ടത്. കാര്യവട്ടത്തെ ഒന്നാം ട്വന്റി20യിൽ റൺക്ഷാമമായിരുന്നെങ്കിൽ ഗുവാഹത്തിയിൽ ബാറ്റിങ് വെടിക്കെട്ടാണ് ഇരു ടീമുകളും പുറത്തെടുത്തത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ട്വന്റി20യിൽ ഒരു ടീം നേടുന്ന ഉയർന്ന സ്കോറാണ് ഇന്ത്യൻ ബാറ്റർമാർ അടിച്ചുനേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2015ല്‍ ജൊഹാനസ്‌ബര്‍ഗില്‍ വെസ്റ്റ് ഇന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍  236 റണ്‍സെടുത്ത റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. 2022ല്‍ ബ്രിസ്റ്റോളില്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 234 റണ്‍സ് നേടിയതാണ് മൂന്നാം സ്ഥാനത്ത്.

ഇന്ത്യൻ മണ്ണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ ട്വന്റി20 പരമ്പര വിജയമാണിത്. 2015 ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ 2–0ന് തോറ്റു. 2019 ൽ ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തിയപ്പോൾ 1–1 സമനില. 2022 ൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ 2–2ന്റെ സമനില. രണ്ടാം വട്ടവും ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തിയപ്പോഴാണ് ഇന്ത്യൻ ടീം കാത്തിരുന്ന പരമ്പര സ്വന്തമാക്കിയത്. രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ ഡെത്ത് ഓവറുകളിൽ (16–20) ഏറ്റവുമധികം റൺസ് വഴങ്ങിയ മത്സരമാണിത്. 160 റൺസാണ് ഇരു ടീമുകളും ആകെ നേടിയത്. ഇന്ത്യ 82 ഉം ദക്ഷിണാഫ്രിക്ക 78 ഉം റൺസ് ഡെത്ത് ഓവറുകളിൽ അടിച്ചു നേടി.

ട്വന്റി20 ചരിത്രത്തിൽ നാലാം വിക്കറ്റിലോ അതിലും താഴേയോ ഏറ്റവും കൂടുതൽ റൺസ് കൂട്ടുകെട്ടുണ്ടാക്കിയ താരങ്ങളായി ദക്ഷിണാഫ്രിക്കയുടെ ക്വിന്റൻ ഡികോക്ക്, ഡേവിഡ് മില്ലർ സഖ്യം. പുറത്താകാതെ 174 റൺസിന്റെ കൂട്ടുകെട്ടാണ് ഡികോക്കും മില്ലറും ഗുവാഹത്തിയിൽ നേടിയത്. ട്വന്റി20 ക്രിക്കറ്റിൽ അഞ്ചാമതോ, അതിൽ താഴെയോ ബാറ്റിങ് ക്രമത്തിൽ ഇറങ്ങി ഒന്നിലേറെ സെഞ്ചറി നേടിയ ഏക ബാറ്ററായി ദക്ഷിണാഫ്രിക്കയുടെ ഡേവി‍ഡ് മില്ലർ. ബംഗ്ലദേശിനെതിരെ 2017ൽ 36 പന്തിൽ 101 റൺസ് താരം നേടിയിരുന്നു. ഗുവാഹത്തിയിൽ മില്ലര്‍ അടിച്ചെടുത്തത് 47 പന്തിൽ 106.

ഇന്ത്യൻ ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയവരെല്ലാം തിളങ്ങി. രോഹിത് ശര്‍മ (37 പന്തില്‍ 43), കെ.എല്‍. രാഹുല്‍ (28 പന്തില്‍ 57), വിരാട് കോലി (28 പന്തില്‍ 49), സൂര്യകുമാര്‍ യാദവ് (22 പന്തില്‍ 61), ദിനേഷ് കാർത്തിക്ക് (ഏഴു പന്തിൽ 17) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനങ്ങൾ. കെ.എൽ. രാഹുലാണു കളിയിലെ താരം.

English Summary: Records in India- South Africa Second T20 Match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com