ട്വന്റി20 ലോകകപ്പിൽ ബുമ്രയ്ക്കു പകരം ആര്?, നിർണായക സൂചന നൽകി ദ്രാവിഡ്

Mail This Article
ന്യൂഡൽഹി∙ ലോകകപ്പ് ടീമിൽനിന്ന് ഫാസ്റ്റ് ബോളർ ജസ്പ്രീത് ബുമ്ര പുറത്തായത് ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയാണ്. വാശിയേറിയ പോരാട്ടം അരങ്ങേറുന്ന ലോകകപ്പിൽ ഇന്ത്യയുടെ ബോളിങ് നിരയെ നയിക്കാൻ ബുമ്രയ്ക്കു പകരം മറ്റൊരു താരത്തെ കണ്ടെത്തുക സിലക്ടർമാർക്ക് തലവേദനയാണ്. ബുമ്രയ്ക്കു പകരക്കാരനായി പല പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. മുഹമ്മദ് ഷമി, ദീപക് ചാഹർ, മുഹമ്മദ് സിറാജ് എന്നിവരുടെ പേരുകളാണ് വിവിധ കോണുകളിൽനിന്നായി ഉയരുന്നത്. എന്നാൽ ഇതിന് സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
സിറാജും ചാഹറും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. കോവിഡ് ബാധയെ തുടർന്ന് ഷമി പരമ്പരയിൽനിന്ന് പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കതിരായ അവസാന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ചാഹറിനും സിറാജിനും കഴിഞ്ഞിട്ടില്ല. ചാഹർ 48 റണ്‍സ് വഴങ്ങി ഒരു വിക്കറ്റു മാത്രം വീഴ്ത്തിയപ്പോൾ സിറാജ് 4 ഓവറിൽ 44 റൺസാണ് വഴങ്ങിയത്. വിക്കറ്റൊന്നും വീഴ്ത്തിയതുമില്ല. അതുകൊണ്ടുതന്നെ ഓസ്ട്രേലിയൻ പിച്ചുകളിൽ പന്തെറിഞ്ഞ് പരിചയമുള്ള ഷമിയെ തന്നെയാകും ബുമ്രയ്ക്കു പകരമായി പരിഗണിക്കുക എന്നാണ് റിപ്പോർട്ടുകൾ.
ബുമ്രയ്ക്കു പകരക്കാരനായി ഷമി തന്നെ എത്തുമെന്നാണ് ഇന്ത്യയുടെ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ വാക്കുകളും സൂചിപ്പിക്കുന്നത്. ‘ബുമ്ര ലോകകപ്പിന് ഇല്ലാത്തത് ടീമിന് കനത്ത നഷ്ടമാണ്. അദ്ദേഹത്തെ തീർച്ചയായും മിസ് ചെയ്യും. എന്നാൽ അവസരത്തിനൊത്ത് ഉയരാൻ മറ്റൊരു താരത്തിന് ഇത് സുവർണാവസരമാണ്. നമുക്ക് നോക്കാം. ബുമ്രയ്ക്കു പകരക്കാരനെ തീരുമാനിക്കാൻ ഒക്ടോബർ 15 വരെ സമയമുണ്ട്. സ്റ്റാൻഡ് ബൈ താരമായി ഷമിയുണ്ട്. കോവിഡ് ബാധിച്ചതിനാൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ അദ്ദേഹത്തിന് കളിക്കാനായില്ല.
ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഷമി ഇപ്പോൾ. എങ്ങനെയാണ് അദ്ദേഹം കോവിഡിൽനിന്ന് മുക്തനായി വരുന്നത്, അദ്ദേഹത്തിന്റെ അവസ്ഥ എന്താണ് എന്നതു സംബന്ധിച്ച് ഞങ്ങൾക്ക് റിപ്പോർട്ടുകൾ ലഭിക്കാനുണ്ട്. കോവിഡിന്റെ 14–15 ദിവസങ്ങൾക്കു ശേഷമുള്ള അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് എൻസിഎയിൽനിന്ന് റിപ്പോർട്ട് ലഭിക്കും. അതിനു ശേഷം ഞാനും സെലക്ടർമാരും ചേർന്ന് അന്തിമ തീരുമാനമെടുക്കുംം’– ദ്രാവിഡ് പറഞ്ഞു.
23നു പാക്കിസ്ഥാനെതിരെയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. യുസ്‌വേന്ദ്ര ചെഹലും അക്ഷർ പട്ടേലും ആർ. അശ്വിനുമടങ്ങുന്ന സ്പിൻവിഭാഗത്തെക്കുറിച്ച് വലിയ ആശങ്കയില്ല. ബാറ്റിങ്ങിൽ മുൻനിര താരങ്ങളൊക്കെ ഏറെക്കുറെ ഫോമിലാണ്. വിക്കറ്റ് കീപ്പർ ബാറ്റർമാരായ ദിനേഷ് കാർത്തിക്കിനും ഋഷഭ് പന്തിനും ബാറ്റിങ്ങിന് അവസരങ്ങൾ കിട്ടുന്നില്ലെന്നതു മാത്രമാണ് പ്രശ്നം.
English Summary: Dravid drops hint on Bumrah's replacement in India's T20 World Cup Squad