ADVERTISEMENT

ലക്നൗ∙ ‘‘രണ്ടു പന്തുകൾ എനിക്കു കൃത്യമായി കണക്ട് ചെയ്യാൻ സാധിച്ചില്ല. അടുത്ത തവണ അതു മെച്ചപ്പെടുത്താൻ ശ്രമിക്കും. കളിയിൽ എന്റെ പങ്കിൽ ഞാൻ സംതൃപ്തനാണ്. ദക്ഷിണാഫ്രിക്കൻ ബോളർമാർ മികച്ച പ്രകടനം തന്നെ നടത്തി. തബ്രിസ് ഷംസി നല്ല പോലെ റൺ വഴങ്ങിയതോടെ അദ്ദേഹത്തെയാണു ഞങ്ങൾ ലക്ഷ്യംവച്ചത്. ടീമിൽ ബാറ്റിങ്ങിലും ബോളിങ്ങിലും പ്രശ്നങ്ങളുണ്ട്. അതു പരിഹരിക്കാനാണു ശ്രമിക്കുന്നത്’’– ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിലെ തോൽവിക്കു ശേഷം ഇന്ത്യൻ ടീമിനെ വിജയത്തിനടുത്തു വരെയെത്തിച്ച മലയാളി താരം സഞ്ജു സാംസന്റെ വാക്കുകളാണിത്.

മഴ കാരണം 40 ഓവറായി ചുരുക്കിയ മത്സരത്തിൽ ടോസ് ഇന്ത്യയ്ക്കായിരുന്നു. ക്യാപ്റ്റൻ ശിഖർ ധവാൻ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനു വിളിച്ചു. നാലു വിക്കറ്റ് നഷ്ടത്തിൽ അവർ നേടിയത് 249 റൺസ്. 250 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ടീം ഇന്ത്യയ്ക്ക് 240 റൺസെടുക്കാനേ സാധിച്ചുള്ളൂവെങ്കിലും സഞ്ജു സാംസണെ ക്രിക്കറ്റ് ലോകം വാഴ്ത്തുകയാണ്. ക്യാപ്റ്റൻ ധവാനടക്കം പിടിച്ചു നിൽക്കാനാകാതെ മുൻ നിര തകർന്നപ്പോള്‍ ഇത്തരമൊരു പോരാട്ടം ആരും പ്രതീക്ഷിച്ചിരിക്കില്ല. ആറാം ബാറ്ററായി കളിക്കാനിറങ്ങിയ സഞ്ജുവിന് കളത്തിൽ തുടക്കത്തിൽ കാര്യമായ റോളുണ്ടായിരുന്നില്ല. ശ്രേയസ് അയ്യർ ഒരു ഭാഗത്തു സ്കോർ കണ്ടെത്തിയപ്പോൾ പിന്തുണ നൽകി നിൽക്കുകയായിരുന്നു സഞ്ജു.

37 പന്തുകൾ നേരിട്ട അയ്യർ‌ 50 റൺസെടുത്തു പുറത്തായി. പിന്നാലെ വന്ന ഓൾറൗണ്ടർ ഷാർദൂൽ ഠാക്കൂറും റൺസ് ഉയർത്തിയതോടെ ഇന്ത്യ വിജയം സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. ആറാം വിക്കറ്റിൽ ഠാക്കൂറും സഞ്ജുവും ചേർന്ന് 93 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. 31 പന്തുകൾ നേരിട്ട ഠാക്കൂർ 33 റൺസ് നേടി മടങ്ങി. 49 പന്തിൽ 50 റൺസെടുത്ത സഞ്ജു അവസാന ഓവറുകളില്‍ ആഞ്ഞടിച്ചെങ്കിലും വലിയ വിജയലക്ഷ്യത്തിലേക്ക് എത്താൻ സാധിച്ചില്ല. 

സഞ്ജു സാംസൺ മത്സരത്തിനിടെ. Photo: Sajjad HUSSAIN / AFP
സഞ്ജു സാംസൺ മത്സരത്തിനിടെ. Photo: Sajjad HUSSAIN / AFP

കളി മാറ്റാൻ രണ്ട് ഓവർ

മത്സരം 38 ഓവറുകൾ പിന്നിട്ടപ്പോൾ ഇന്ത്യയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത് 12 പന്തിൽ 38 റൺസായിരുന്നു. കളി മാറ്റാനുള്ള 12 പന്തുകൾ. സഞ്ജുവിനൊപ്പം ബാറ്റിങ്ങിനുണ്ടായിരുന്നത് ആവേശ് ഖാൻ. 39–ാം ഓവറിലെ ആദ്യ നാലു പന്തുകളിൽനിന്ന് ആവേശ് ഖാൻ നേടിയത് രണ്ടു റൺസ് മാത്രം. മൂന്ന് പന്തുകൾ വെറുതെവിട്ടു. അഞ്ചാം പന്തിൽ ടെംബ ബാവുമയുടെ ക്യാച്ചിൽ ആവേശ് പുറത്താകുകയും ചെയ്തു. കഗിസോ റബാദയെറിഞ്ഞ തൊട്ടടുത്ത പന്ത് നോബോൾ വിളിച്ചതോടെ ലഭിച്ച ഫ്രീഹിറ്റ് രവി ബിഷ്ണോയ് ബൗണ്ടറി കടത്തിവിട്ടു, നാല് റൺസ്. ഓവറിൽ ആകെ ലഭിച്ചത് ഏഴു റൺസ്. 39–ാം ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 220 എന്ന നിലയിൽ. അടുത്ത ആറു പന്തിൽ വേണ്ടത് 30 റൺസ്.

അവസാന ഓവർ എറിഞ്ഞത് തബ്രിസ് ഷംസി. ആദ്യ പന്ത് വൈഡായി ഒരു റൺ ലഭിച്ചു. തൊട്ടടുത്ത പന്ത് ‍ഡീപ് മിഡ് വിക്കറ്റിൽ സിക്സ് പായിച്ച സഞ്ജു രണ്ടാം പന്തിൽ ഫോറും നേടി. മൂന്നും അഞ്ചും പന്തുകൾ ഫോർ‌ കണ്ടെത്തിയെങ്കിലും നാലാം പന്ത് ഡോട്ട് ബോളായി. ആറാം പന്തിൽ ഒരു റൺ ഓടിയെടുക്കാൻ മാത്രമാണു സാധിച്ചത്. 19 റൺസാണ് അവസാന ഓവറിൽ സഞ്ജു അടിച്ചെടുത്തത്. 39–ാം ഓവറിലെ കുറച്ചു പന്തുകൾ സഞ്ജുവിനു കിട്ടിയിരുന്നെങ്കിൽ കളിയുടെ ഫലം തന്നെ മാറുമായിരുന്നെന്നാണ് ആരാധകരും ക്രിക്കറ്റ് വിദഗ്ധരും ഒരുപോലെ പറയുന്നത്. 63 പന്തുകൾ നേരിട്ട താരം 86 റണ്‍സുമായി പുറത്താകാതെ നിന്നിട്ടും അവസാന പന്തുകളിൽ ജയം അകന്നുപോയത് നിരാശയായി.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബാറ്റ് ചെയ്യുന്ന സഞ്ജു സാംസൺ. Photo: @ICC / Twitter
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബാറ്റ് ചെയ്യുന്ന സഞ്ജു സാംസൺ. Photo: @ICC / Twitter

കളി തുലച്ചത് തുടക്കക്കാരോ?

ഇന്ത്യൻ തോൽവിയിൽ ക്യാപ്റ്റൻ ധവാൻ അടക്കമുള്ള മുൻനിര ബാറ്റർമാർക്കു പങ്കുണ്ടെന്നു പറഞ്ഞാൽ തെറ്റില്ല. കാരണം ഓപ്പണറായി ഇറങ്ങിയ ധവാൻ 16 പന്തുകളിൽ നേടിയത് വെറും നാലു റൺസാണ്. വൺഡൗണായി ഇറങ്ങിയ അരങ്ങേറ്റക്കാരൻ ഋതുരാജ് ഗെയ്‍ക്‌വാദാകട്ടെ 42 പന്തുകൾ നേരിട്ടു, എടുത്തത് വെറും 19 റൺസ്. 37 പന്തുകളിൽനിന്ന് ഇഷാൻ കിഷൻ നേടിയത് 20 റൺസാണ്. ഇന്ത്യൻ ബാറ്റിങ്ങിൽ ആദ്യ ആറ് ഓവറിൽ ടീം സ്കോർ വെറും 12 റൺസായിരുന്നു. വിജയലക്ഷ്യം കൃത്യമായ ബോധ്യമുണ്ടായിട്ടും തുടക്കക്കാർ ‘പന്തുവിഴുങ്ങി’യെന്നാണ് ആരാധകരുടെ വിമർശനം.

English Summary: First ODI, South Africa beat India by 9 runs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com