ADVERTISEMENT

ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് കുട്ടികളോട് ചെയ്യുന്നത് എന്താണ്? ഓസ്ട്രേലിയയിലെ സിഡ്നിയിൽ താമസിക്കുന്ന മലയാളി ആരാധകൻ എഴുതുന്നു.

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസം നെതർലൻഡ്സിനെതിരെ ടീം ഇന്ത്യ നേടിയ ത്രസിപ്പിക്കുന്ന വിജയത്തിന്റെ ലഹരിയിലാണ് എന്റെ കുടുംബം. കഴിഞ്ഞ ഞായറാഴ്ച മെൽബണിൽ പാക്കിസ്ഥാനെതിരെ നേടിയ നാടകീയവിജയം ടിവിയിൽ കണ്ടതു മുതൽ ഞങ്ങൾ  കാത്തിരിക്കുകയായിരുന്നു ഈ മുഹൂർത്തത്തിന്. പക്ഷേ, കളി കഴിഞ്ഞപ്പോൾ അതിലുമേറെ സന്തോഷം തോന്നിയ കാര്യം ഈ ലോകകപ്പ് കുട്ടികളിലുണ്ടാക്കിയ സ്വാധീനമാണ്. 

‘ഡികെയാണ്(ദിനേഷ് കാർത്തിക്) ഇന്ത്യൻ താരങ്ങളിൽ ഏറ്റവും സ്വീറ്റ്’ എന്ന് എന്റെ മകൻ റൗൾ പറഞ്ഞപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപെട്ടത്. തുടക്കത്തിൽ ദേശീയ ഗാനാലാപന വേളയിൽ താരങ്ങൾക്കൊപ്പം അണിനിരക്കാൻ റൗളിനും അനുജൻ കിയാനും അവസരം കിട്ടിയിരുന്നു. കളി തുടങ്ങുന്നതിനു മുൻപ് ചുറ്റും കൂടിയ കുട്ടികളോട് ഇന്ത്യൻ താരങ്ങൾ വാത്സല്യത്തോടെയാണ് പെരുമാറിയത്. ദിനേഷ് കാർത്തിക്കും ആർ. അശ്വിനുമൊക്കെ കഴിയുന്നവർക്കെല്ലാം ഓട്ടോഗ്രാഫ് നൽകുകയും അവരോട് കുശലം പറയുകയും ചെയ്തു. കുട്ടികളുടെ പ്രിയപ്പെട്ടവനായ ഋഷഭ് പന്ത് അവരെയൊക്കെ കയ്യിലെടുത്തു.

മെംബേഴ്സ് പവിലിയനടുത്തായിരുന്നു ഞങ്ങളുടെ സീറ്റ്. അതിനു സമീപമായിരുന്നു ഇന്ത്യയുടെ ഡഗൗട്ട്. കോച്ച് രാഹുൽ ദ്രാവിഡിനെയും സൂപ്പർതാരങ്ങളെയുമൊക്കെ തൊട്ടടുത്ത് കാണാൻ സാധിച്ചതിനൊപ്പം അവർ ഇത്രയും സ്നേഹത്തോടെയും വാത്സല്യത്തോടെയും പെരുമാറിയതിന്റെ ആവേശത്തിലാണ് കുട്ടികൾ. ബൗണ്ടറിക്കരികിൽ ഫീൽഡ് ചെയ്യുമ്പോൾ ഹാർദിക് പാണ്ഡ്യ ആരാധകരുമായി രസകരമായെന്തോ സംസാരിക്കുന്നതു കണ്ടു. ഇതൊക്കെ കുട്ടികളിൽ വലിയ സ്വാധീനം ചെലുത്തുന്ന കാര്യങ്ങളാണല്ലോ. 

പ്രാദേശിക സമയം വൈകിട്ട് ആറിനായിരുന്നു ഇന്ത്യയുടെ കളി. ദക്ഷിണാഫ്രിക്കയും ബംഗ്ലദേശും തമ്മിലുള്ള കളി ഇതേ ഗ്രൗണ്ടിൽ അര മണിക്കൂർ മുൻപാണ് തീർന്നത്. ഒരു ടിക്കറ്റ് എടുത്താൽ 2 കളി കാണാമെന്നതിനാൽ കുറെ ബംഗ്ലദേശ് ആരാധകർ ഇന്ത്യയുടെ കളി കൂടി കണ്ടാണ് മടങ്ങിയത്. സ്റ്റേഡിയത്തിൽ കാർണിവൽ അന്തരീക്ഷമായിരുന്നു. എവിടെ നോക്കിയാലും ഇന്ത്യൻ ആരാധകർ.   കിങ് കോലി തകർത്തടിച്ചപ്പോൾ ആരാധകരുടെ ആവേശം കാണേണ്ടതായിരുന്നു. കേട്ടറിഞ്ഞതു പോലെ സൂപ്പർ ആയി സൂര്യകുമാറിന്റെ കളി. ഈ ലോകകപ്പിലെ ആദ്യ സെമി മത്സരം സിഡ്നിയിലാണ്. അതിൽ ഇന്ത്യ കളിക്കുമോ എന്നറിയില്ല. ഉണ്ടെങ്കിൽ ഞങ്ങളുമുണ്ടാകും, പതിൻമടങ്ങ് ആവേശത്തോടെ. 

(സിഡ്നിയിൽ ബ്രാൻഡിങ് ആൻഡ് ഇന്നവേഷൻ പ്രഫഷനലായ മഴുവഞ്ചേരിൽ കൃഷ്ണകുമാർ പണിക്കർ കോട്ടയം വൈക്കം വൈക്കപ്രയാർ സ്വദേശിയാണ്).

Content Highlights: T20 world cup, cricket, Fan moment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com