ഗ്ലെൻ ഫിലിപ്സിനു സെഞ്ചറി, ബോൾട്ടിന് നാലു വിക്കറ്റ്; ന്യൂസീലൻഡിന് 65 റൺസ് വിജയം

glen-philips
ശ്രീലങ്കയ്ക്കെതിരെ സെഞ്ചറി നേടിയ ഗ്ലെൻ ഫിലിപ്സ്. Photo: Twitter@T20WorldCup
SHARE

സിഡ്നി∙ ട്വന്റി20 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ വമ്പൻ വിജയം സ്വന്തമാക്കി ന്യൂസീലൻഡ്. ഗ്രൂപ്പ് ഒന്നിലെ പോരാട്ടത്തിൽ 65 റൺസിനാണു കിവീസിന്റെ വിജയം. ന്യൂസീലൻഡ് ഉയർത്തിയ 168 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ലങ്ക 19.2 ഓവറിൽ 102 റൺസിനു പുറത്തായി. ന്യൂസീലൻഡിനായി നാല് ഓവർ‌ എറിഞ്ഞ ട്രെന്റ് ബോൾട്ട് 13 റൺസ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റു വീഴ്ത്തി. 32 പന്തിൽ 35 റൺസെടുത്ത ക്യാപ്റ്റൻ ദസുൻ ഷനാകയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ.

22 പന്തുകൾ നേരിട്ട ഭനുക രാജപക്സ 34 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 3.3 ഓവറിൽ എട്ട് റൺസെടുക്കുന്നതിനിടെ ശ്രീലങ്കയുടെ നാലു മുൻനിര വിക്കറ്റുകളാണു നഷ്ടമായത്. പതും നിസംഗ, ധനഞ്ജയ ഡിസിൽവ എന്നിവർ പൂജ്യത്തിനും കുശാൽ മെ‍ൻഡിസും ചരിത് അസലങ്കയും നാലു വീതം റൺസെടുത്തുമാണു പുറത്തായത്. ചമിക കരുണരത്നെ (മൂന്ന്), വനിന്ദു ഹസരംഗ (നാല്), മഹീഷ് തീക്ഷണ (പൂജ്യം), കസുൻ രജിത (എട്ട്), ലഹിരു തിരിമാനെ (നാല്) എന്നിവർക്കും രണ്ടക്കം കടക്കാൻ സാധിച്ചില്ല.

കിവീസിനായി മിച്ചൽ സാന്റ്നർ, ഇഷ് സോധി എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി. ടിം സൗത്തിയും ലോക്കി ഫെർഗൂസനും ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. ജയത്തോടെ ഗ്രൂപ്പിൽ ഒന്നാതുള്ള ന്യൂസീലൻഡിന് അഞ്ചു പോയിന്റായി. രണ്ടു പോയിന്റുമായി അവസാന സ്ഥാനത്താണ് ശ്രീലങ്കയുള്ളത്.

തകർത്തടിച്ച് ഗ്ലെൻ ഫിലിപ്സ്, സെഞ്ചറി; കിവീസ് ഏഴിന് 167

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് ഗ്ലെൻ ഫിലിപ്സിന്റെ സെഞ്ചറി മികവിൽ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ‌ 167 റണ്‍സെടുത്തു. കിവീസ് മധ്യനിര ബാറ്ററായ ഗ്ലെൻ ഫിലിപ്സ് 64 പന്തിൽ 104 റൺസെടുത്തു പുറത്തായി. 61 പന്തുകളിൽനിന്നായിരുന്നു താരത്തിന്റെ സെഞ്ചറി നേട്ടം. നാലു സിക്സും പത്തു ഫോറും താരം അടിച്ചു പറത്തി. ട്വന്റി20 ലോകകപ്പിലെ രണ്ടാം സെഞ്ചറിയാണിത്. നേരത്തേ ബംഗ്ലദേശിനെതിരെ ദക്ഷിണാഫ്രിക്കൻ താരം റിലീ റൂസോ (56 പന്തിൽ 109) സെഞ്ചറി തികച്ചിരുന്നു. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടപ്പെട്ട ന്യൂസീലൻഡിനെ കരകയറ്റിയത് ഗ്ലെൻ ഫിലിപ്സിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു. രാജ്യാന്തര ട്വന്റി20 കരിയറിൽ താരത്തിന്റെ രണ്ടാം സെഞ്ചറിയാണിത്.

ഫിൻ അലൻ (മൂന്ന് പന്തിൽ ഒന്ന്), ഡെവോൺ കോൺവെ (നാലു പന്തിൽ ഒന്ന്), കെയ്ൻ വില്യംസൺ (13 പന്തിൽ എട്ട്) തുടങ്ങി കിവീസിന്റെ മുൻനിര ബാറ്റർമാർക്കു തിളങ്ങാൻ സാധിച്ചില്ല. പവർപ്ലേയിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 15 എന്ന നിലയിലായിരുന്നു ന്യൂസീലൻഡ്. തുടർന്ന് ഡാരിൽ മിച്ചൽ പിന്തുണ നൽകി നിലയുറപ്പിച്ചതോടെ കിവീസിനെ ഫിലിപ്സ് നൂറു കടത്തി. 24 പന്തുകൾ നേരിട്ട മിച്ചല്‍ 22 റൺസെടുത്തു.

ജെയിംസ് നീഷം (എട്ട് പന്തില്‍ അഞ്ച്), മിച്ചൽ സാന്റ്നർ (അഞ്ച് പന്തിൽ 11), ഇഷ് സോധി (ഒന്ന്), ടിം സൗത്തി (നാല്) എന്നിങ്ങനെയാണു മറ്റു കിവീസ് ബാറ്റർമാരുടെ പ്രകടനങ്ങൾ. ശ്രീലങ്കയ്ക്കായി കസുൻ രജിത രണ്ടു വിക്കറ്റുകൾ വീഴ്ത്തി. മഹീഷ് തീക്ഷണ, ധനഞ്ജയ ഡിസിൽവ, വനിന്ദു ഹസരംഗ, ലഹിരു കുമാര എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. 

English Summary: T20 World Cup, New Zealand VS Sri Lanka Match Updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS