ബ്രിസ്‌ബെയ്ൻ ∙ അയർലൻഡിനെതിരെ 42 റൺസ് ജയത്തോടെ, കഴിഞ്ഞ തവണത്തെ ചാംപ്യൻമാരായ ഓസ്ട്രേലിയ ട്വന്റി20 ലോകകപ്പിൽ സെമിഫൈനൽ പ്രതീക്ഷ നിലനിർത്തി. ആദ്യം ബാറ്റു ചെയ്ത് 179 റൺസ് നേടിയ ഓസീസ് കുഞ്ഞൻമാരായ അയർലൻഡിനെ 137 റൺസിൽ ഓൾഔട്ടാക്കി. അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഫോമിലേക്കു തിരിച്ചെത്തിയത് (44 പന്തിൽ 63) ഓസീസിന് ആശ്വാസമായി.
സ്കോർ: ഓസ്ട്രേലിയ– 20 ഓവറിൽ 5ന് 179. അയർലൻഡ്– 18.1 ഓവറിൽ 137ന് ഓൾഔട്ട്. ഫിഞ്ചാണ് പ്ലെയർ ഓഫ് ദ് മാച്ച്.
ടോസ് നേടിയ അയർലൻഡ് ഓസീസിനെ ബാറ്റിങ്ങിനു വിളിച്ചു. ഡേവിഡ് വാർണർ വീണ്ടും നിരാശപ്പെടുത്തിയപ്പോൾ (3) ഫിഞ്ചിനൊപ്പം മിച്ചൽ മാർഷിന്റെയും (22 പന്തിൽ 28) മാർകസ് സ്റ്റോയ്നിസിന്റെയും (25 പന്തിൽ 35) ഇന്നിങ്സുകൾ ഓസീസിനു കരുത്തായി. മറുപടി ബാറ്റിങ്ങിൽ ലോർകൻ ടക്കർ ഒഴികെ (48 പന്തിൽ പുറത്താകാതെ 71) മറ്റാർക്കും അയർലൻഡിനായി തിളങ്ങാനായില്ല.
4 മത്സരങ്ങളിൽ നിന്ന് 5 പോയിന്റുള്ള ഓസ്ട്രേലിയ ഗ്രൂപ്പ് ഒന്നിൽ ന്യൂസീലൻഡിനു പിന്നിൽ രണ്ടാം സ്ഥാനത്താണ്. ന്യൂസീലൻഡും മൂന്നാംസ്ഥാനത്തുള്ള ഇംഗ്ലണ്ടും 3 മത്സരങ്ങൾ മാത്രമാണ് കളിച്ചത്. വെള്ളിയാഴ്ച അഫ്ഗാനിസ്ഥാനെതിരെയാണ് ഓസീസിന്റെ അവസാന മത്സരം. ഇന്നത്തെ ന്യൂസീലൻഡ്– ഇംഗ്ലണ്ട് മത്സരഫലവും അവർക്കു നിർണായകമാണ്.
English Summary: Twenty20 World Cup; Australia vs Ireland Match