ADVERTISEMENT

സിഡ്നി∙ ട്വന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കി സെമി സാധ്യതകൾ നിലനിർത്തി പാക്കിസ്ഥാൻ.33 റൺസിനാണു പാക്കിസ്ഥാന്റെ വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു. മഴ കാരണം വിജയലക്ഷ്യം 14 ഓവറിൽ 142 ആയി ചുരുക്കിയ മത്സരത്തിൽ ‌ദക്ഷിണാഫ്രിക്കയ്ക്ക് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 108 റൺസെടുക്കാനേ സാധിച്ചുള്ളൂ.

മധ്യനിര താരങ്ങളുടെ മികവിലാണ് പാക്കിസ്ഥാൻ മികച്ച വിജയലക്ഷ്യം ഉയര്‍ത്തിയത്. ഇഫ്തിഖർ അഹമ്മദും (35 പന്തിൽ 51), ശതബ് ഖാനും (22 പന്തിൽ 52) അർധ സെഞ്ചറി നേടി. ക്യാപ്റ്റൻ ബാബർ അസമിനും ഓപ്പണർ മുഹമ്മദ് റിസ്വാനും തിളങ്ങാനായില്ല. റിസ്വാൻ നാലു പന്തിൽ നാലു റൺസെടുത്തപ്പോൾ ബാബർ 15 പന്തിൽ ആറു റൺസ് മാത്രമാണു സ്വന്തമാക്കിയത്.

മുഹമ്മദ് ഹാരിസ് (11 പന്തിൽ 28), മുഹമ്മദ് നവാസ് (22 പന്തിൽ 28) എന്നിവരും പാക്കിസ്ഥാനു വേണ്ടി തിളങ്ങി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ആന്‍‍റിച് നോർട്യ നാലു വിക്കറ്റുകൾ വീഴ്ത്തി.‌ മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ ക്വിന്റൻ ഡികോക്കിനെയും (പൂജ്യം), റിലീ റൂസോയെയും (ആറു പന്തിൽ ഏഴ്) ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമായി. 19 പന്തിൽ 36 റൺസെടുത്ത ക്യാപ്റ്റൻ ടെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.

ദക്ഷിണാഫ്രിക്കൻ സ്കോർ ഒന്‍പത് ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 69 എന്ന നിലയിലുള്ളപ്പോൾ മഴയെത്തി. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 14 ഓവറിൽ 142 റൺസ് ആക്കി ചുരുക്കി. 30 പന്തിൽ വേണ്ടത് 73 റൺസ്. പാക്ക് ബോളര്‍മാർ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി.

ബാവുമയ്ക്കു പുറമേ എയ്ഡൻ മാര്‍ക്രം (14 പന്തിൽ 20), ഹെൻറിച് ക്ലാസൻ (ഒൻപതു പന്തിൽ 15), ട്രിസ്റ്റൻ സ്റ്റബ്സ് (18 പന്തിൽ 18) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി രണ്ടക്കം കടന്ന ബാറ്റർമാര്‍. ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 14 ഓവറിൽ ഒൻപതിന് 108 എന്ന നിലയില്‍ അവസാനിച്ചു. തോറ്റെങ്കിലും ഗ്രൂപ്പ് രണ്ടിൽ ഇന്ത്യയ്ക്കു കീഴെ രണ്ടാം സ്ഥാനത്ത് ദക്ഷിണാഫ്രിക്ക തുടരുകയാണ്. നാലു കളികളിൽ നിന്ന് രണ്ട് ജയമുള്ള അവർക്ക് അഞ്ചു പോയിന്റാണുള്ളത്. നാലു പോയിന്റുമായി പാക്കിസ്ഥാൻ മൂന്നാമതുണ്ട്.

English Summary: T20 World Cup, South Africa vs Pakistan Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com