ADVERTISEMENT

അഡ്‍ലെയ്ഡ്∙ ട്വന്റി20 ലോകകപ്പിൽ ബംഗ്ലദേശിനെതിരായ മത്സരത്തിൽ വിരാട് കോലിയുടേതു ‘വ്യാജ ഫീൽഡിങ്’ തന്നെയാണെന്ന വാദവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഗ്രൗണ്ടിൽ കോലി ചെയ്ത കാര്യം അംപയർ കണ്ടിരുന്നെങ്കിൽ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമായിരുന്നെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലിൽ പറഞ്ഞു. ‘‘കോലിയുടെ നടപടി 100 ശതമാനം ഫേക്ക് ഫീൽഡിങ് തന്നെയാണെന്നു പറയാനാകും. അത് അംപയർ കണ്ടിരുന്നെങ്കിൽ പെനൽറ്റിയായി അഞ്ചു റൺ‌സ് അനുവദിച്ചേനെ, വെറും അഞ്ച് റൺസിനാണു നമ്മൾ ജയിച്ചത്.’’– ആകാശ് ചോപ്ര പ്രതികരിച്ചു.

‘‘ഇവിടെ നമ്മൾ രക്ഷപെട്ടു. എന്നാൽ അടുത്ത തവണ ആരെങ്കിലും ഇതു ചെയ്യുമ്പോൾ അംപയർമാര്‍ കൂടുതൽ ശ്രദ്ധയോടെ ഇരിക്കണം. ബംഗ്ലദേശിന്റെ വാദം ശരിയാണ്. പക്ഷേ അപ്പോൾ ആ സംഭവം ആരും കണ്ടില്ല, അതുകൊണ്ടു തന്നെ ഒന്നും ചെയ്യാനുമാകില്ല.’’– ആകാശ് ചോപ്ര പറഞ്ഞു. അംപയർമാരുടെ പിഴവ് ഇന്ത്യയ്ക്കു ഗുണം ചെയ്തെന്നും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ നോക്കണമെന്നും ആകാശ് ചോപ്ര പറഞ്ഞു.

വിരാട് കോലി ബംഗ്ലദേശ് ബാറ്റർമാരെ പറ്റിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി ബംഗ്ലദേശ് താരം നൂറുൽ ഹസനാണു രംഗത്തെത്തിയത്. ഫീൽഡിങ്ങിനിടെ വിരാട് കോലി ‘ഫേക്ക് ത്രോ’ ചെയ്തെന്നും അതിന് അഞ്ച് റൺസ് പെനൽറ്റിയായി അനുവദിക്കേണ്ടതായിരുന്നെന്നാണു ബംഗ്ലദേശ് താരത്തിന്റെ വാദം. ബംഗ്ലദേശ് ബാറ്റിങ്ങിനിടെ ഏഴാം ഓവറിലായിരുന്നു സംഭവം. ബൗണ്ടറിക്കു സമീപത്തുനിന്ന് അർഷ്ദീപ് സിങ് പന്ത് പിടിച്ചെടുത്ത് വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കിനു നൽകുന്നതിനിടെ വിരാട് കോലിയും പന്ത് എറിയുന്നതുപോലെ കാണിക്കുകയായിരുന്നു.

എന്നാൽ കോലിയുടെ നടപടി അംപയർമാർ ശ്രദ്ധിച്ചിരുന്നില്ല. ക്രീസിലുണ്ടായിരുന്ന ബംഗ്ലദേശ് ബാറ്റർമാരും ഇക്കാര്യത്തിൽ പരാതി ഉന്നയിച്ചിരുന്നില്ല. ‘‘ മഴയ്ക്കു ശേഷം കളി വീണ്ടും തുടങ്ങിയപ്പോള്‍ നനഞ്ഞ ഔട്ഫീൽഡ് കളിയെ സ്വാധീനിച്ചുവെന്നു പറയാം. ഫേക്ക് ത്രോയിലൂടെ ഞങ്ങൾക്ക് അഞ്ചു റണ്‍സ് കിട്ടണമായിരുന്നു, അതും ലഭിച്ചില്ല’’– നൂറുൽ ഹസൻ ആരോപിച്ചു.

ഐസിസി ചട്ടപ്രകാരം ഫീൽഡർമാരുടെ ഭാഗത്തുനിന്ന് ബാറ്ററുടെ ശ്രദ്ധ തിരിക്കുന്ന എന്തെങ്കിലും നടപടിയുണ്ടാകുന്നതു കുറ്റകരമാണ്. അംപയർക്ക് വേണമെങ്കിൽ പന്ത് ഡെഡ് ബോള്‍ വിളിക്കുകയും അഞ്ച് റൺസ് ശിക്ഷയായി അനുവദിക്കുകയോ ചെയ്യാം. ബംഗ്ലദേശിനെ അഞ്ച് റൺസിനാണു മത്സരത്തിൽ ഇന്ത്യ തോൽപിച്ചത്.

English Summary: "It Was 100% Fake Fielding": Ex-India Cricketer Admits Virat Kohli Was At Fault Against Bangladesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com