ADVERTISEMENT

അഡ്‌ലെയ്ഡ്∙ ട്വന്റി20 ലോകകപ്പിൽ അട്ടിമറി ഗാഥകൾ അവസാനിക്കുന്നില്ല! ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിലൂടെ നെതർലൻഡ്സിനോട് പരാജയപ്പെട്ട് ദക്ഷിണാഫ്രിക്ക ട്വന്റി20 ലോകകപ്പിൽനിന്നു പുറത്തായി. ഇതോടെ സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിനു മുൻപു തന്നെ ഇന്ത്യ സെമി ഫൈനൽ ഉറപ്പിച്ചു. പാക്കിസ്ഥാൻ– ബംഗ്ലദേശ് മത്സരത്തിലെ വിജയിയായിരിക്കും ഗ്രൂപ്പ് ബിയിൽനിന്നു രണ്ടാമതായി സെമി ഫൈനലിൽ പ്രവേശിക്കുന്നത്.

അഡ്‌ലെയ്ഡിൽ‌ നടന്ന മത്സരത്തിൽ 13 റൺസിനാണ് ദക്ഷിണാഫ്രിക്ക നെതർലൻഡ്സിനോട് തോറ്റത്. ആദ്യം ബാറ്റു ചെയ്ത
നെതർലൻഡ്സ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനേ സാധിച്ചുള്ളൂ. അവസാന ഓവറിൽ 26 റൺസാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ 12 റൺസ് മാത്രമേ അവർക്കു നേടാനായുള്ളൂ.

ഏതു ഫോർമാറ്റിലും ദക്ഷിണാഫ്രിക്കയ്ക്കെതിരെ നെതർലൻഡ്സിന്റെ ആദ്യ ജയമാണിത്. ഇതോടെ അടുത്ത ട്വന്റി20 ലോകകപ്പിനും നെതർലൻഡ്സ് യോഗ്യരായി. സൂപ്പർ 12 ഗ്രൂപ്പുകളിലെ ആദ്യ നാല് സ്ഥാനക്കാരും ലോകകപ്പിന് നേരിട്ട് യോഗ്യരാകുമെന്നതിനാലാണ് ഇത്. ഡെത്ത് ഓവറുകളിൽ ഉൾപ്പെടെ കിടിലൻ ബോളിങ്ങിലുടെയാണ് ഡച്ച് പട ദക്ഷിണാഫ്രിക്കയെ ചുരുട്ടികെട്ടിയത്. ബാറ്റർമാർക്ക് ആർക്കും കാര്യമായ സംഭാവന നൽകാൻ കഴിയായിരുന്നതും ദക്ഷിണാഫ്രിക്കയ്ക്ക് വിനയായി. 19 പന്തിൽ 25 റൺസെടുത്ത് റൈലി റൂസോയാണ് അവരുടെ ടോപ് സ്കോറർ.

ക്വിന്റൻ ഡികോക്ക് (13 പന്തിൽ 13), ക്യാപ്റ്റൻ ടെംബ ബാവുമ (20 പന്തിൽ 20), എയ്‍ഡൻ മാക്രം (13 പന്തിൽ 17), ഡേവിസ് മില്ലർ (17 പന്തിൽ 17), ഹെൻറിച്ച് ക്ലാസൻ (18 പന്തിൽ 21), വെയ്ൻ പാർണൽ (പൂജ്യം), കേശവ് മഹാരാജ് (12 പന്തിൽ 13), കഗീസോ റബാദ (8 പന്തിൽ 9*), ആൻറിച്ച് നോർട്ട്യ (1 പന്തിൽ 4*) എന്നിങ്ങനെയാണ് മറ്റു ദക്ഷിണാഫ്രിക്കൻ ബാറ്റർമാരുടെ സ്കോറുകൾ. നെതർലൻഡ്സിനായ ബ്രാൻഡൻ ഗ്ലോവർ മൂന്നു വിക്കറ്റും ഫ്രെഡ് ക്ലാസൻ, ബാസ് ഡി ലീഡ് എന്നിവർ രണ്ടു വിക്കറ്റ് വീതവും പോൾ വാൻ മീകെരെൻ ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക, നെതർലൻഡ്സിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. കോളിൻ അക്കർമാൻ (26 പന്തിൽ 41), ടോം കൂപ്പർ (19 പന്തിൽ 35), ഓപ്പണർമാരായ സ്റ്റീഫൻ മൈബർഗ് (30 പന്തിൽ 37), മാക്സ് ഒഡ്ൗഡ് (31 പന്തിൽ 29) എന്നിവരുടെ ബാറ്റിങ് മികവിലാണ് നെതർലൻഡ്സ് 158 റൺസെടുത്തത്. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ് രണ്ടും ആൻറിച്ച് നോർട്ട്യ, എയ്ഡൻ മാക്രം എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

English Summary: India Qualify For Semi-finals, Netherlands Dump South Africa Out Of T20 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com