ADVERTISEMENT

മെൽബൺ ∙ ക്രിക്കറ്റിലേക്കെത്തും മുൻപ് സൂര്യകുമാ‍ർ യാദവ് കളരി പഠിച്ചിട്ടുണ്ടോ? ഇടംവലം തിരിഞ്ഞ്, അസാമാന്യ മെയ്‌വഴക്കത്തോടെ ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും സൂര്യ ഷോട്ടുകൾ പായിച്ചപ്പോൾ പതിനെട്ട് അടവും പയറ്റിത്തെളിഞ്ഞ കളരി ഗുരുക്കൾക്ക് മുന്നിൽപ്പെട്ടതുപോലെയായി സിംബാബ്‌വെ ബോളർമാരുടെ അവസ്ഥ. 25 പന്തിൽ പുറത്താകാതെ 61 റൺസുമായി സൂര്യകുമാർ യാദവ് ബാറ്റിങ് വിസ്ഫോടനം തുടർന്ന മത്സരത്തിൽ സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യ നേടിയത് 71 റൺസ് ജയം. സ്കോർ: ഇന്ത്യ 20 ഓവറിൽ 5ന് 186. സിംബാബ്‍വെ– 17.2 ഓവറിൽ 115ന് ഓൾഔട്ട്. സൂര്യയാണ് പ്ലെയർ ഓഫ് ദ് മാച്ച്. കെ.എൽ.രാഹുലും (35 പന്തിൽ 51) ഇന്ത്യൻ ബാറ്റിങ്ങിൽ തിളങ്ങി.

നാലാം ജയത്തോടെ സൂപ്പർ 12 ഗ്രൂപ്പ് രണ്ട് ചാംപ്യൻമാരായ ഇന്ത്യയ്ക്ക് സെമിയിൽ ഇംഗ്ലണ്ടാണ് എതിരാളികൾ. ട്വന്റി20 ലോകകപ്പിന്റെ ചരിത്രത്തിൽ ഇന്ത്യയുടെ നാലാം സെമിഫൈനലാണിത്. 2007, 2014, 2016 വർഷങ്ങളിലായിരുന്നു ഇതിനു മുൻപുള്ള സെമിഫൈനലുകൾ. ഒക്ടോബർ 23ന് പാക്കിസ്ഥാനെതിരായ മത്സരത്തിൽ മെൽബണിലെ കാണികളുടെ മനം കവർന്നത് വിരാട് കോലിയായിരുന്നെങ്കിൽ ഇന്നലെ സൂര്യകുമാറിന്റെ ഊഴമായിരുന്നു. ക്രീസിനെ പരമാവധി ഉപയോഗിച്ച് മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും പന്തടിച്ചകറ്റിയ സൂര്യയുടെ 360 ഡിഗ്രി ബാറ്റിങ് മെൽബണിലെ എൺപതിനായിരത്തിലധികം വരുന്ന കാണികൾക്ക് ദൃശ്യവിരുന്നായി മാറി. മധ്യ ഓവറുകളിൽ റൺവരൾച്ച നേരിട്ട ഇന്ത്യ 12 ഓവറിൽ‌ 87 റൺസെടുത്തുനിൽക്കുമ്പോഴാണ് സൂര്യ ക്രീസിലെത്തുന്നത്. തുടർന്ന് റൺറേറ്റ് ടോപ് ഗിയറിലായി. 6 ഫോറും 4 സിക്സും പറത്തിയ സൂര്യയുടെ മികവിൽ അവസാന 5 ഓവറിൽ 79 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. അതിൽ 56 റൺസും (19 പന്തിൽ) സൂര്യയുടെ സംഭാവനയായിരുന്നു. 

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ (15) വീണ്ടും നിരാശപ്പെടുത്തി. എന്നാൽ രണ്ടാം അർധ സെ‍ഞ്ചറി നേടിയ കെ.എൽ.രാഹുൽ ഇന്നിങ്സിനെ മുന്നോട്ടു നയിച്ചു. വിരാട് കോലി പിടിച്ചുനിന്നെങ്കിലും റൺറേറ്റ് ഉയർത്താനായില്ല (25 പന്തിൽ 26). ടൂർണമെന്റിലാദ്യമായി അവസരം ലഭിച്ച ഋഷഭ് പന്തും (3) വേഗത്തിൽ മടങ്ങി. തുടർന്നായിരുന്നു ഹാർദിക്കിനെ (18 പന്തിൽ 18) കൂട്ടുപിടിച്ച് സൂര്യകുമാർ മിന്നൽ പ്രഹരം നടത്തിയത്.  

ഇന്ത്യയുടെ കൂറ്റൻ സ്കോറിനു മുന്നിൽ തുടക്കത്തിലേ മുട്ടിടിച്ച സിംബാബ്‌വെയ്ക്ക് മത്സരത്തിന്റെ ഒരുഘട്ടത്തിലും വിജയ പ്രതീക്ഷയുണ്ടായിരുന്നില്ല. ഇന്നിങ്സിന്റെ ആദ്യ പന്തിൽ അവരുടെ വിക്കറ്റു വീഴ്ച ആരംഭിച്ചതാണ്. 36 റൺസിനിടെ ആദ്യ 5 വിക്കറ്റുകൾ നഷ്ടമായി. ആറാം വിക്കറ്റിൽ‌ സിക്കന്ദർ റാസയും (24 പന്തിൽ 34) റയാൻ ബേളും (22 പന്തിൽ 35) ചേർന്നുള്ള ചെറുത്തുനിൽപ്പാണ് സ്കോർ 100 കടത്തിയത്. 3 ഓവറിൽ 40 റൺസ് വഴങ്ങിയ അക്ഷർ പട്ടേൽ ഒഴികെ മറ്റെല്ലാവരും ഇന്ത്യൻ ബോളിങ്ങിൽ തിളങ്ങി. അശ്വിൻ 22 റൺസ് മാത്രം വിട്ടുകൊടുത്താണ് 3 വിക്കറ്റെടുത്തത്. 

സൂര്യകുമാർ 

@ 2022

ഇന്നിങ്സ്: 28

റൺസ്: 1026

ബാറ്റിങ് 

ശരാശരി: 44.6

സ്ട്രൈക്ക് 

റേറ്റ്: 186.5

അർധ 

സെഞ്ചറി: 9

സെഞ്ചറി: 1

ഈ കലണ്ടർ‌ വർഷം ട്വന്റി20 ക്രിക്കറ്റിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന നേട്ടം ഇന്നലെ സൂര്യകുമാർ യാദവിന് സ്വന്തമായി. ഈ വർഷം 28 ഇന്നിങ്സുകളിൽ നിന്നായി ഇതുവരെ നേടിയത് 1026 റൺസ്. ട്വന്റി20യിൽ ഒരു കലണ്ടർ വർഷം ആയിരം റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരവും ആദ്യ ഇന്ത്യക്കാരനുമാണ് സൂര്യകുമാർ. 2021ൽ പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്‌വാൻ 1000 റൺസ് നേടിയിരുന്നു.

English Summary: Surya Kumar Yadav's 360-degree batting performance against Zimbabwe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com