ADVERTISEMENT

മെൽബൺ∙ ട്വന്റി20 ലോകകപ്പിൽ സിംബാബ്‍വെയ്ക്കെതിരായ മത്സരത്തിൽ യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനു തിളങ്ങാൻ സാധിക്കാതിരുന്നതു കാര്യമാക്കുന്നില്ലെന്ന് ഇന്ത്യൻ പരിശീലകന്‍ രാഹുൽ ദ്രാവിഡ്. അഡ്‍ലെയ്ഡിൽ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ പന്ത് കളിച്ചേക്കുമെന്ന സൂചനയും രാഹുൽ ദ്രാവിഡ് നൽകുന്നു. സൂപ്പർ 12 റൗണ്ടിൽ ആദ്യ നാലു മത്സരങ്ങളിൽ ഋഷഭ് പന്തിന് ടീമില്‍ അവസരം ലഭിച്ചിരുന്നില്ല. സീനിയര്‍ താരം ദിനേഷ് കാർത്തിക്ക് ഫിനിഷർ റോളിൽ ഈ മത്സരങ്ങൾ കളിച്ചെങ്കിലും മോശം പ്രകടനമായിരുന്നു.

സിംബാബ്‍വെയ്ക്കെതിരെ ടീമിലെത്തിയ പന്തിന് മൂന്ന് റണ്‍സെടുക്കാൻ മാത്രമാണു സാധിച്ചത്. സീൻ വില്യംസിന്റെ ബോളില്‍ റയാൻ ബേളിനു ക്യാച്ച് നൽകിയാണ് ഋഷഭ് പന്ത് പുറത്തായത്. ഒരു മത്സരം കൊണ്ട് ഒരു താരത്തെ വിലയിരുത്താനായിട്ടില്ലെന്ന് രാഹുൽ ദ്രാവിഡ് പറഞ്ഞു. ടീം മാനേജ്മെന്റിനു പന്തിലുള്ള വിശ്വാസം നഷ്ടമായിട്ടില്ലെന്നും സിംബാബ്‍വെയ്ക്കെതിരായ മത്സരത്തിനു ശേഷം രാഹുൽ ദ്രാവിഡ് പറഞ്ഞു.

‘‘ഓസ്ട്രേലിയയിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായുള്ള 15 താരങ്ങളിലും വിശ്വാസമുണ്ട്. എന്നാൽ 11 താരങ്ങൾക്കു മാത്രമേ കളിക്കാൻ സാധിക്കൂ. മാനേജ്മെന്റിന് അവരുടെ കാര്യത്തിൽ ആത്മവിശ്വാസമുള്ളതു കൊണ്ടാണ് അവർ ലോകകപ്പ് കളിക്കുന്നതിന് ഓസ്ട്രേലിയയിലെത്തിയത്. എപ്പോൾ വേണമെങ്കിലും അവരെ പ്ലേയിങ് ഇലവനിലേക്കു വിളിക്കാം. തയാറായിരിക്കുന്നതിനായി പന്ത് നെറ്റ്സിൽ വളരെയേറെ പരിശീലിക്കുന്നു. പന്തിനെ കളിക്കാൻ ഇറക്കാൻ ഞായറാഴ്ചയാണ് അവസരം ലഭിച്ചത്.’’

സിംബാബ്‍വെയ്ക്കെതിരെ ടോസ് ലഭിച്ചാൽ ബാറ്റിങ് എടുക്കാൻ നേരത്തേ തീരുമാനിച്ചതാണെന്നും ദ്രാവിഡ് പറഞ്ഞു. ‘‘ടോസ് ജയിക്കണമെന്നതു ഞങ്ങളുടെ ആവശ്യമായിരുന്നു. കാരണം പാക്കിസ്ഥാനെതിരെ ഞങ്ങൾ ആദ്യം ബോൾ ചെയ്യുകയായിരുന്നു. ഇവിടത്തെ സാഹചര്യത്തിൽ വിജയലക്ഷ്യം കെട്ടിപ്പടുക്കുന്നതിലും ഞങ്ങള്‍ക്ക് പരിചയം ഉണ്ടാകണമായിരുന്നു.’’– രാഹുൽ ദ്രാവിഡ് പ്രതികരിച്ചു.

English Summary: "We Don't Judge People On One Game": Rahul Dravid On Rishabh Pant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com