ADVERTISEMENT

ട്വന്റി20 ലോകകപ്പിൽ ഇനി കലാശപ്പോരാട്ടത്തിന്റെ ആവേശത്തിര. നവംബർ 9 ന് ഉച്ചയ്ക്ക് 1.30 ന് സിഡ്നിയിൽ ഒന്നാം സെമിഫൈനലിൽ ന്യൂസീലൻഡും പാക്കിസ്ഥാനുമാണ് ഏറ്റുമുട്ടുക. നവംബർ 10 ഉച്ചയ്ക്ക് 1.30 ന് അഡ്ലെയ്ഡിലെ രണ്ടാം സെമിയിൽ ഇംഗ്ലണ്ടുമായി ഇന്ത്യയും മാറ്റുരയ്ക്കും. നവംബർ 13ന് ഉച്ചയ്ക്ക് 1.30 മെൽബൺ ഗ്രൗണ്ടിലാണ് ട്വന്റി20 ലോകകപ്പിന്റെ വിജയിയെ നിർണയിക്കുക. ആവേശം ചോരാതെ നിന്ന ടൂർണമെന്റിൽ ഇത്തവണ മായാതെ ചില അട്ടിമറിക്കാഴ്ചകളുമുണ്ടായി. ആ അട്ടിമറികൾ പകർന്ന ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ് ട്വന്റി20 ലോകകപ്പിലെ ‘ചെറുമീനുകൾ’ നാട്ടിലേക്ക് മടങ്ങിയതും. 

ട്വന്റി20 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ, മുൻ ലോക ചാംപ്യന്മാരും നിലവിലെ ഏഷ്യ കപ്പ് ചാംപ്യന്മാരായ ശ്രീലങ്കയെ വീഴ്ത്തി നമീബിയ തുടക്കമിട്ട അട്ടിമറിഗാഥ, ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് സെമി പ്രതീക്ഷകളെ തകിടംമറിച്ച നെതർലൻഡ്സിന്റെ പോരാട്ടവീര്യത്തോടെയാണ് അവസാനിച്ചത്. നിലവിലെ ട്വന്റി20 ലോകകപ്പ് ചാംപ്യന്മാരായ ഓസ്ട്രേലിയയെ തോൽ‌വിയുടെ വക്കോളമെത്തിച്ച അഫ്ഗാനിസ്ഥാന്റെ പോരാട്ടവീര്യവും ഈ ലോകകപ്പിലെ ആവേശകാഴ്ചയായി.

അര ഡസൻ അട്ടിമറികൾക്കാണ് ഈ ലോകകപ്പ് സാക്ഷ്യം വഹിച്ചത്. നമീബിയ, സ്കോട്‌ലൻഡ്, അയർലൻഡ്, സിംബാബ്‍വെ, നെതർലൻഡ്സ് ടീമുകൾ‌ അട്ടിമറി വീരന്മാരായപ്പോൾ ശ്രീലങ്ക, വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, സിംബാബ്‍വെ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾക്ക് അടിപതറി. സിംബാബ്‍വെയെയും പിന്നാലെ വമ്പൻ അട്ടിമറിയിലൂടെ, ഏറെക്കുറേ ഉറപ്പിച്ച സെമിഫൈനൽ‌ പട്ടികയിൽ‌ നിന്നു ദക്ഷിണാഫ്രിക്കയെ പോലും പുറത്താക്കിയ നെതർലൻഡ്സാണ് ഈ ലോകകപ്പിലെ യഥാർഥ ഹീറോ. പാക്കിസ്ഥാനെ അട്ടിമറിച്ച സിംബാബ്‍വെ ആകട്ടെ, നെതർലൻഡ്സിനോട് തോൽവി ഏറ്റുവാങ്ങുകയും ചെയ്തു. 

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും വലിയ അട്ടിമറികളിൽ ഒന്നിനാണ് നവംബർ ആറിന് അഡ്‌ലെയ്ഡ് സാക്ഷ്യം വഹിച്ചത്. ട്വന്റി20, ഏകദിന റാങ്കിങ്ങിൽ ഏഴയലത്ത് ഇല്ലാത്ത നെതർലൻഡ്സിനെതിരെ, സെമി പ്രവേശനത്തിന്റെ പടിവാതിലിലായിരുന്ന ദക്ഷിണാഫ്രിക്ക, ആധികാരിക ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ആരെയും നിസാരരായി കാണരുതെന്ന വലിയ പാഠമാണ് ദക്ഷിണാഫ്രിക്കയെ കാത്തിരുന്നത്. നെതർലൻഡ്സ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എന്ന ഭേദപ്പെട്ട സ്കോർ നേടിയപ്പോഴും ക്വിന്റൻ ഡികോക്ക്, ഡേവിസ് മില്ലർ തുടങ്ങിയ ലോകോത്തര ബാറ്റിങ് നിരക്കെതിരെ വലിയ പ്രതിരോധമൊന്നും ദക്ഷിണാഫ്രിക്ക പ്രതീക്ഷിരുന്നില്ല. എന്നാൽ കൃത്യമായ ഇടവേളകളിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ പുറത്താക്കുന്നതിൽ വിജയിച്ച നെതർലൻഡ്സ് നിര, അവിശ്വസനീയ ക്യാച്ചിലൂടെ ഡേവിസ് മില്ലറെ കൂടി പവലിയനിലേക്ക് അയച്ചതോടെ ആക്രമണം കടുപ്പിച്ചു. നിർണായക മത്സരങ്ങളിൽ പതറുന്ന ശീലം ദക്ഷിണാഫ്രിക്ക തുടർന്നപ്പോൾ,  ഏഴു പേർ രണ്ടക്കം കടന്നിട്ടും ജയം അവരെ കൈവിട്ടു. നെതർലൻഡ്സ് പൊരുതി നേടിയതാവട്ടെ എക്കാലവും ഓർമിക്കാവുന്ന ജയം.

നെതർലൻഡ്സ് – ദക്ഷിണാഫ്രിക്ക മത്സരത്തിൽ നിന്ന്. ചിത്രം: Twitter/ICC
നെതർലൻഡ്സ് – ദക്ഷിണാഫ്രിക്ക മത്സരത്തിൽ നിന്ന്. ചിത്രം: Twitter/ICC

ട്വന്റി20 ലോകചാംപ്യന്മാരായ ഓസ്ട്രേലിയയെ തോൽ‌വിയുടെ വക്കോളമെത്തിച്ച അഫ്ഗാനിസ്ഥാന്റെ ഉശിരൻ പ്രകടനവും ക്രിക്കറ്റ് പ്രേമികളെ ഹരംക്കൊള്ളിക്കുന്നതായി. അവസാന ഓവറുകളിൽ മൈതാനത്തിന്റെ നാലുപാടും പന്തു പായിച്ച അഫ്ഗാൻ താരം റാഷിദ് ഖാൻ ഓസീസ് മനസുകളിൽ ഭീതി വിതച്ചു. അവസാന പന്തിലും റാഷിദ് സിക്സർ പായിച്ചെങ്കിലും ജയം നാലു റൺസ് അകലെ നിന്നു. സ്വന്തം നാട്ടുകാരുടെ മുന്നിൽ  നാണംകെട്ട തോൽവി ഏറ്റുവാങ്ങുന്ന ദയനീയ കാഴ്ചയിൽ നിന്ന് ലോകചാംപ്യന്മാർ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

ട്വന്റി20 ലോകകപ്പിലെ അവിസ്മരണീയ പോരാട്ടങ്ങൾ

∙ ശ്രീലങ്ക - നമീബിയ

ട്വന്റി20 ലോകകപ്പിന്റെ എട്ടാം പതിപ്പിന് തുടക്കംകുറിച്ചുള്ള ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ശ്രീലങ്കയെ 55 റൺസിനാണ് നമീബിയ വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നമീബിയ നിശ്ചിത 20 ഓവറിൽ അടിച്ചെടുത്തത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 163 റൺ. അവസാന ഓവറുകളിൽ ബാറ്റിങ് വെടിക്കെട്ട് തീർത്ത യാൻ ഫ്രൈലിങ്ക് (28 പന്തിൽ 44), സ്മിത്ത് (16 പന്തിൽ പുറത്താകാതെ 31) എന്നിവരാണ് നമീബിയയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ശ്രീലങ്കയുടെ മറുപടി ഒരു ഓവർ ബാക്കിനിൽക്കെ 108 റൺസിൽ അവസാനിച്ചു.

ശ്രീലങ്കയ്ക്കെതിരായ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന നമീബിയ താരങ്ങൾ
ശ്രീലങ്കയ്ക്കെതിരായ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന നമീബിയ താരങ്ങൾ. Photo: Twitter@LahoreQualanders

∙ വെസ്റ്റിൻഡീസ് – സ്കോട്‍ലൻ‌ഡ്

ട്വന്റി20 ലോകകപ്പിന്റെ രണ്ടാം ദിനത്തിൽ, 2012, 2016 ലോകകപ്പുകളിൽ ചാംപ്യൻമാരായ വെസ്റ്റിൻഡീസിനെ ലോക റാങ്കിങ്ങിൽ 15–ാം സ്ഥാനത്തുള്ള സ്കോട്‍ലൻ‌ഡ് 42 റൺ‌സിനാണ് വീഴ്ത്തിയത്. സ്കോട്‌ലൻഡ് 5 വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 161 റൺ‌സ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻ‍ഡീസ് 18.3 ഓവറിൽ 118 റൺസിന് ഓൾഔട്ടായി. വെസ്റ്റിൻഡീസ് ബാറ്റിങ് നിരയ്ക്കു കടിഞ്ഞാണിട്ട സ്പിന്നർമാരുടെ പ്രകടനം വിജയത്തിൽ നിർണായകമായി.

വെസ്റ്റിൻഡീസിനെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്കോട്‍ലൻഡ് താരം മാർക് വാട്ട്. Photo: FB@ScotlandCricket
വെസ്റ്റിൻഡീസിനെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്കോട്‍ലൻഡ് താരം മാർക് വാട്ട്. Photo: FB@ScotlandCricket

∙ ഇംഗ്ലണ്ട് – അയർലൻഡ്

ട്വന്റി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ മഴ ചതിച്ചപ്പോൾ ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകൾ പിഴച്ചു. ഫലമോ ഇംഗ്ലണ്ടിനെതിരെ അയർലൻഡിന് ആവേശ ജയം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻഡ് 19.2 ഓവറിൽ 157 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 14.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെന്ന നിലയിൽ നിൽക്കെ മഴയെത്തി. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഈ സമയം ഇംഗ്ലണ്ട് ആവശ്യമായതിലും അഞ്ച് റൺസ് പിന്നിലായിരുന്നു. മത്സരം തുടരാനാകില്ലെന്ന് വ്യക്തമായതോടെ അയർലൻഡിന് 5 റൺ‌സ് ജയം. സൂപ്പർ 12 റൗണ്ടിലെ അയർലൻഡിന്റെ ഏക ജയമായിരുന്നു ഇത്.

ഇംഗ്ലണ്ടിനെതിരായ വിജയത്തിനു ശേഷം ആരാധകരെ അഭിവാദ്യം ചെയ്യുന്ന അയർലൻഡ് താരങ്ങൾ. Photo: FB@IrelandCricket
ഇംഗ്ലണ്ടിനെതിരായ വിജയത്തിനു ശേഷം ആരാധകരെ അഭിവാദ്യം ചെയ്യുന്ന അയർലൻഡ് താരങ്ങൾ. Photo: FB@IrelandCricket

∙ പാക്കിസ്ഥാൻ – സിംബാബ്‌വെ

ട്വന്റി20 റാങ്കിങ്ങിൽ 11 ാം സ്ഥാനക്കാരായ സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ ഒറ്റ റണ്ണിനാണ് നാലാം സ്ഥാനക്കാരായ പാക്കിസ്ഥാൻ തോറ്റത്. സിംബാബ്‌വെ ഉയർത്തിയ 131 റൺസിന്റെ താരതമ്യേന ദുർബലമായ വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന്, നിശ്ചിത 20 ഓവറിൽ‌ എട്ടു വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് മാത്രമേ നേടാനായുള്ളു. ഇന്ത്യയോട് അവസാന പന്തിൽ വഴങ്ങിയ തോൽവിയുടെ ക്ഷീണം മാറും മുൻപേയാണ്, സിംബാബ്‌വെയോടും പാക്കിസ്ഥാൻ അപ്രതീക്ഷിത തോൽവി വഴങ്ങിയത്.

മത്സരത്തിനായി ഗ്രൗണ്ടിലേക്കു വരുന്ന സിംബാബ്‍വെ– പാക്കിസ്ഥാൻ താരങ്ങൾ. Photo: FB@ZimbabweCricket
മത്സരത്തിനായി ഗ്രൗണ്ടിലേക്കു വരുന്ന സിംബാബ്‍വെ– പാക്കിസ്ഥാൻ താരങ്ങൾ. Photo: FB@ZimbabweCricket

∙ സിംബാബ്‌വെ – നെതർലൻഡ്സ്

സിംബാബ്‌വെയുടെ സെമിഫൈനൽ മോഹങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തിയായിരുന്നു നെതർലൻഡ്സിന്റെ തകർപ്പൻ ജയം. ആദ്യ ബാറ്റ് ചെയ്ത സിംബാബ്‌വെ 19.2 ഓവറിൽ 117 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ 18 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ നെതർലൻഡ്സ് വിജയലക്ഷ്യം മറികടന്നു. സൂപ്പർ 12 റൗണ്ടിലെ നെതർലൻഡ്സിന്റെ ആദ്യ ജയമായിരുന്നു ഇത്.

സിംബാബ്‍വെ–നെതർലൻഡ്സ് മത്സരത്തിൽനിന്ന്. Photo: FB@ZimbabweCricket
സിംബാബ്‍വെ–നെതർലൻഡ്സ് മത്സരത്തിൽനിന്ന്. Photo: FB@ZimbabweCricket

∙ ദക്ഷിണാഫ്രിക്ക – നെതർലൻഡ്സ്

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിലാണ് ദക്ഷിണാഫ്രിക്കയെ നെതർലൻഡ്സ് വീഴ്ത്തിയത്. നെതർലൻഡ്സ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനേ സാധിച്ചുള്ളൂ. അവസാന ഓവറിൽ 26 റൺസാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ 12 റൺസ് മാത്രമേ അവർക്കു നേടാനായുള്ളൂ. നെതർലൻഡ്സിന് 13 റൺസ് ജയം. അനായാസ ജയത്തോടെ സെമിഫൈനൽ പ്രവേശം പ്രതീക്ഷിച്ചിരുന്ന ദക്ഷിണാഫ്രിക്ക, തോൽവിയോടെ ട്വന്റി20 ലോകകപ്പിൽനിന്നു പുറത്തായി. ഏതു ഫോർമാറ്റിലും ദക്ഷിണാഫ്രിക്കയ്ക്കെതിരെ നെതർലൻഡ്സിന്റെ ആദ്യ ജയമാണിത്. ദക്ഷിണാഫ്രിക്കയുടെ തോൽവി പാക്കിസ്ഥാന് അനുഗ്രഹമായി. ബംഗ്ലദേശിനെ തോൽപിച്ച അവർ സെമിയിലേക്കു മുന്നേറി.

നെതര്‍ലൻഡ്സിനെതിരായ മത്സരത്തിനിടെ ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ടെംബ ബാവുമ. Photo: FB@SouthAfricaCricket
നെതര്‍ലൻഡ്സിനെതിരായ മത്സരത്തിനിടെ ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ടെംബ ബാവുമ. Photo: FB@SouthAfricaCricket

∙ ഓസ്ട്രേലിയ – അഫ്ഗാനിസ്ഥാൻ

തനിക്കൊത്ത ഒരു എതിരാളിയായി പോലും പരിഗണിക്കാതിരുന്ന അഫ്ഗാനിസ്ഥാന്റെ പോരാട്ടവീര്യത്തിനു മുന്നിൽ അടിമുടി വിറച്ച ഓസ്ട്രേലിയ, ഒടുവിൽ ഒരുവിധത്തിൽ കടന്നുകൂടുകയായിരുന്നു. അവസാന പന്തുവരെ പോരാടിയ ശേഷമാണ് അഫ്ഗാനിസ്ഥാൻ ആതിഥേയർക്കു മുന്നില്‍ കീഴടങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ എട്ടു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഏഴു വിക്കറ്റു നഷ്ടത്തിൽ 164 റൺസെടുക്കാനേ അഫ്ഗാനിസ്ഥാനു സാധിച്ചുള്ളു. 23 പന്തിൽ നാലു സിക്സും മൂന്നു ഫോറുമുൾ‌പ്പെടെ പുറത്താകാതെ 48 റൺസെടുത്ത റാഷിദ് ഖാനാണ് അഫ്ഗാനിസ്ഥാന്റെ പോരാട്ടം നയിച്ചത്. ആവേശപ്പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് നാലു റൺസ് വിജയം.

ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ അഫ്ഗാൻ താരം ഗുല്‍ബദിൻ നയിബ് ഗ്രൗണ്ടിൽ വീണപ്പോൾ. Photo: Brenton EDWARDS / AFP
ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ അഫ്ഗാൻ താരം ഗുല്‍ബദിൻ നയിബ് ഗ്രൗണ്ടിൽ വീണപ്പോൾ. Photo: Brenton EDWARDS / AFP

English Summary: The stunning wins by small teams in T20 World Cup 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com