ADVERTISEMENT

തിരുവനന്തപുരം∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് പിന്തുണയുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. സഞ്ജുവിനെ പരിഗണിക്കാൻ ബിസിസിഐ തയാറാകുന്നില്ലെന്ന് പന്ന്യൻ രവീന്ദ്രൻ മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു.‘‘ഇന്നലെയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ജന്മദിനം. സഞ്ജു കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ മനസിൽ മികച്ച സ്ഥാനം നേടിയ പ്രതിഭയാണ്. കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ മാത്രമല്ല രാജ്യത്തും ലോകത്തുമുള്ള ക്രിക്കറ്റ് പ്രേമികൾ സഞ്ജുവിന്റെ കളി ഇഷ്ടപ്പെടുന്നു.’’

‘‘അദ്ദേഹത്തിന്റെ ബാറ്റിങും വിക്കറ്റ് കീപ്പർ എന്ന നിലയിലുള്ള പ്രതിഭയും ക്യാപ്റ്റൻസി മികവും എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ, ഇത്രയും ദീർഘമായ പാരമ്പര്യമുള്ള ഒരു കളിക്കാരനെ വേണ്ടപോലെ പരിഗണിക്കാൻ ബിസിസിഐ തയാറായില്ല. ഇപ്പോൾ ട്വന്റി 20 സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു. ആ തോൽവി കഴിഞ്ഞപ്പോൾ ക്രിക്കറ്റ് പ്രേമികൾ ചോദിക്കുന്നത് മൂന്നു ടീമിനെ കണ്ടെത്താൻ കഴിയുന്ന അത്രയും കളിക്കാരുള്ള നാട്ടിൽ പ്രതിഭകളെ പുറത്തു നിർത്തി പഴയ താരങ്ങളെ പരീക്ഷിക്കുന്നത് എന്തിനാണെന്നാണ്. മുൻപ് സച്ചിൻ ഉള്ളപ്പോൾ സച്ചിനെപോലും മാറ്റി നിർത്തി ട്വന്റി 20 വിജയം രാജ്യം നേടിയിട്ടുണ്ട്. നമുക്ക് അതിനു പറ്റിയ കളിക്കാരുണ്ട്.’’

‘‘ഇന്ത്യൻ ടീമിൽ ന്യായമായും സ്ഥാനം കിട്ടേണ്ട സഞ്ജു സാംസണെ വർഷങ്ങളായി മാറ്റി നിർത്തുകയായിരുന്നു. തിരുവനന്തപുരത്ത് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കളിച്ചപ്പോഴും ടീമിലെടുത്തില്ല. സ്വന്തം നാട്ടിൽ കളിക്കുകയെന്നത് ഒരു കളിക്കാരന്റെ അവേശമാണ്. അതിന് അവസരം ലഭിച്ചില്ല. അത്തരം നിരാശയിൽ നിൽക്കുന്ന ഇന്ത്യയുടെ ഭാവി പ്രതീക്ഷയായ സഞ്ജുവിന്റെ ജൻമദിനം ആരാധകർ ആവേശത്തോടെയാണ് ആഘോഷിച്ചത്. ഇന്നലെ സഞ്ജുവിന് ആശംസകൾ നേർന്നു. ക്രിക്കറ്റിൽ ഒരുപാട് നേട്ടങ്ങൾ അദ്ദേഹത്തിനു സ്വന്തമാക്കാൻ കഴിയട്ടെ’’– പന്ന്യൻ രവീന്ദ്രൻ പ്രതികരിച്ചു.

English Summary: Pannyan Raveendran Support Sanju Samson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com