ഒരു കിരീടം നഷ്ടപ്പെടുത്തി, പകരം നേടിയത് രണ്ടെണ്ണം, ഡ്രൈവിങ് സീറ്റിലുണ്ട്; ‘ദ് ബിഗ് ബെൻ’!

ട്വന്റി20 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ തോൽപിച്ച ബെന്‍ സ്റ്റോക്സിന്റെ ആഹ്ലാദം. ലിയാം ലിവിങ്സ്റ്റൻ സമീപം
ട്വന്റി20 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ തോൽപിച്ച ബെന്‍ സ്റ്റോക്സിന്റെ ആഹ്ലാദം. ലിയാം ലിവിങ്സ്റ്റൻ സമീപം
SHARE

2016 ഏപ്രിൽ മൂന്ന്, കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ ട്വന്റി20 ലോകകപ്പ് ഫൈനൽ മത്സരത്തിലെ അവസാന ഓവർ. ഇംഗ്ലണ്ട് ഉയർത്തിയ 155 റൺസ് പിന്തുടർന്ന വെസ്റ്റിൻഡീസിന് അവസാന ഓവറിൽ വിജയലക്ഷ്യം 18 റൺസ്. ബാറ്റു ചെയ്യുന്നത് ലോക ക്രിക്കറ്റിൽ പിച്ചവച്ചു തുടങ്ങിയ കാർലോസ് ബ്രാത്‌വെയ്റ്റ്. ബോൾ ചെയ്യുന്നതാകട്ടെ രാജ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ബെൻ സ്റ്റോക്സ്.

അവസാന ഓവറിനു മുന്നേ ഇംഗ്ലിഷ് ആരാധകർ ആഹ്ലാദ പ്രകടനം തുടങ്ങിയിരുന്നു. തയാറെടുപ്പുകളോടെ ബെൻ സ്റ്റോക്സ് എറിഞ്ഞു തുടങ്ങി. എന്നാൽ ആദ്യ 4 പന്തുകളും സിക്സറിനു പായിച്ചു ബ്രാത്‌വെയ്റ്റ് അവിശ്വസനീയമായ ജയത്തിലേക്കു വിൻഡീസിനെ പിടിച്ചുയർത്തി. ആ സമയം തലയിൽ കൈവച്ച് എന്താണു നടന്നതെന്നുപോലും മനസ്സിലാകാതെ തകർന്നിരിക്കുകയായിരുന്നു ബെൻ സ്റ്റോക്സ്. എത്തിപ്പിടിച്ചെന്ന് തോന്നിച്ച ലോകകപ്പ് ഇംഗ്ലണ്ടിനു കൈവെള്ളയിൽനിന്നു തെന്നിമാറിയതോടെ ബെൻ സ്റ്റോക്സ് ക്രിക്കറ്റ് ലോകത്തെ ദുരന്തനായകനായി. ആ വേദന ഏറെ നാൾ സ്റ്റോക്സിനെ വേട്ടയാടി.

ben-stokes-1
2016 ലോകകപ്പ് ഫൈനലിൽ അവസാന ഓവറിൽ 4 സിക്സറുകൾ വഴങ്ങി വിജയം കൈവിട്ടപ്പോൾ ബെൻ സ്റ്റോക്സിന്റെ നിരാശ. (ഫയൽ ചിത്രം).

എന്നാൽ അന്നു നഷ്ടപ്പെടുത്തിയ ഒരു ലോകകപ്പ് കിരീടത്തിനു പകരം ഇംഗ്ലിഷ് മണ്ണിലേക്ക് രണ്ടു ലോകകീരിടങ്ങൾ എത്തിച്ചാണ് ബെൻ സ്റ്റോക്സ് രാജ്യാന്തര ക്രിക്കറ്റിലെ ‘ബിഗ് ബെൻ’ ആയി മാറുന്നത്. 2019ൽ ഏകദിന ലോകകപ്പ് കിരീടം ക്രിക്കറ്റ് തറവാട്ടിലേക്ക് എത്തിയപ്പോഴും ഇന്നലെ പാക്കിസ്ഥാനെ തോൽപിച്ച് രണ്ടാം തവണ ഇംഗ്ലണ്ട് ട്വന്റി20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടപ്പോഴും അമരത്ത് ബെൻ സ്റ്റോക്സ് ഉണ്ടായിരുന്നു. രണ്ടു വൈറ്റ് ബോൾ ലോക കിരീടങ്ങൾ ഒരുമിച്ച് കൈവശം വയ്ക്കുന്ന ആദ്യ ടീമെന്ന ഖ്യാതിയും ഇതോടെ സ്റ്റോക്സ് ഇംഗ്ലണ്ടിനു നേടിക്കൊടുത്തു.

∙ നങ്കൂരമിട്ട് സ്റ്റോക്സ്

ട്വന്റി20 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാൻ ഉയർത്തിയ 138 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട്, പാക്ക് പേസ് കരുത്തിൽ വിറച്ചുനിന്നപ്പോഴാണ് ബെൻ സ്റ്റോക്സ് വീണ്ടും രക്ഷകനായി അവതരിച്ചത്. പവർപ്ലേയിൽ ക്യാപ്റ്റൻ ജോസ് ബട്‌ലറുടെ (17 പന്തിൽ 26) ഗ്ലാമർ ഷോട്ടുകളുടെ മികവിൽ ഇംഗ്ലണ്ട് 49 റൺസെടുത്തിരുന്നെങ്കിലും 3 വിക്കറ്റുകൾ നഷ്ടമായിരുന്നു. പേസിനെ പിന്തുണച്ച പിച്ചിൽ പാക്കിസ്ഥാൻ ഫാസ്റ്റ് ബോളർമാർ ഉജ്വലമായി പന്തെറിഞ്ഞതോടെ ഇംഗ്ലണ്ട് അപകടം മണത്തു. എന്നാൽ  നങ്കൂരമിടുന്ന കപ്പിത്താനെപ്പോലെ അപകടച്ചുഴികൾ ഒന്നൊന്നായി ഒഴിവാക്കി, ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിച്ചു. 49 പന്തിൽ പുറത്താകാതെ 52 റൺസാണ് (5 ഫോർ, 1 സിക്സ്) സ്റ്റോക്സ് നേടിയത്. 

പാക്കിസ്ഥാനെതിരെ ബെൻ സ്റ്റോക്സിന്റെ ബാറ്റിങ്
പാക്കിസ്ഥാനെതിരെ ബെൻ സ്റ്റോക്സിന്റെ ബാറ്റിങ്

രാജ്യാന്തര ട്വന്റി20 കരിയറിലെ കന്നി അർധസെഞ്ചറി ട്വന്റി20 ലോകകപ്പ് ഫൈനൽ മത്സരത്തിലാകുക, അതു സ്വന്തം ടീമിന് ഏറ്റവും നിർണായകമായ നിമിഷത്തിലാകുക  എന്നതിനേക്കാൾ വേറെ എന്തു സൗഭാഗ്യമാണ് ഒരു ക്രിക്കറ്റ് താരത്തിനു വേണ്ടത്. പരിചയസമ്പന്നനായ മൊയീൻ അലിയെ (12 പന്തിൽ 19) കൂട്ടുപിടിച്ചാണ് സ്റ്റോക്സ് മത്സരത്തിൽ മേധാവിത്വം പിടിച്ചെടുത്തത്.  ഒടുവിൽ 19-ാം ഓവറിന്റെ അവസാന ബോൾ മിഡ് വിക്കറ്റിലേക്ക് അടിച്ചകറ്റി, കൈകൾ മുകളിലേക്ക് ഉയർത്തി, ആവേശത്തോടെ പിന്നിലേക്ക് തിരിഞ്ഞ് ഓടി, ബെൻ സ്റ്റോക്സ് വിജയ റൺ കുറിച്ചു. 

∙ കിവീസിന്റെ അന്തകൻ

ട്വന്റി20 ലോകകപ്പ് ഫൈനലിലെന്ന പോലെ സ്റ്റോക്സിന്റെ അർധസെഞ്ചറിയാണ് 2019 ഏകദിന ലോകകപ്പ് ഫൈനലിലും ഇംഗ്ലണ്ടിനെ രക്ഷിച്ചത്. സൂപ്പർ ഓവറും സമനിലയിലായ അതിനാടകീയ ലോകകപ്പ് ഫൈനലിൽ ബൗണ്ടറിക്കണക്കിലാണ് ആതിഥേയരായ ഇംഗ്ലണ്ട് കിരീടം നേടിയത്. ലോഡ്സിലെ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 50 ഓവറിൽ 8 വിക്കറ്റിന് 241 റൺസെടുത്തു. ഇംഗ്ലണ്ട് 50 ഓവറിൽ 241ന് ഓൾഔട്ടായതോടെ സമനിലയിലായി. തുടർന്നാണു സൂപ്പർ ഓവർ വേണ്ടിവന്നത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റൺസെടുത്തു. ന്യൂസീലൻഡിന്റെ മറുപടിയും 15 റൺസിലൊതുങ്ങി. സൂപ്പർ ഓവറിലും കളി സമനിലയിലായാൽ കൂടുതൽ ബൗണ്ടറി നേടുന്ന ടീം ജയിക്കുമെന്ന നിയമം നടപ്പാക്കിയപ്പോൾ ഇംഗ്ലണ്ട് ജേതാക്കളായി.

മറുപടി ബാറ്റിങ്ങിൽ, നാല് വിക്കറ്റുകൾ കൊഴിഞ്ഞ് ഇളകിയാടിയ ഇംഗ്ലണ്ടിനെ ജോസ് ബട്‌ലർക്കൊപ്പം ചേർന്ന് കൈപിടിച്ചുയർത്തിയതു സ്റ്റോക്സാണ്. ജയപരാജയങ്ങൾ പലവട്ടം മാറി മറിഞ്ഞ മത്സരത്തിൽ ബെൻ സ്റ്റോക്സിന്റെ നിശ്ചയദാർഢ്യമാണ് (98 പന്തിൽ 84 നോട്ടൗട്ട്) ഇംഗ്ലണ്ടിനെ രക്ഷിച്ചെടുത്തത്. ജോസ് ബട്‌ലറുമൊത്ത് അഞ്ചാം വിക്കറ്റിൽ 110 റൺസ് ചേർത്ത സ്റ്റോക്സാണ് ഇംഗ്ലണ്ടിനെ മത്സരത്തിൽ തിരികെയെത്തിച്ചത്.

CRICKET-ODI-ENG-IND
ബെൻ സ്റ്റോക്സ്. Photo: Lindsey Parnaby / AFP

സ്കോറിങ് ഉയർത്താനുള്ള ശ്രമത്തിനിടെ ബട്‌ലർ (59) വീണിട്ടും സ്റ്റോക്സ് മനസ്സാന്നിധ്യം കൈവിട്ടില്ല. വാലറ്റത്തെ കൂട്ടുപിടിച്ചു പൊരുതിയ സ്റ്റോക്സ് ഇന്നിങ്സിന്റെ അവസാന പന്തിൽ ഇംഗ്ലണ്ടിന് അവിസ്മരണീയ സമനില സമ്മാനിച്ചു. ജിമ്മി നീഷം എറിഞ്ഞ 49–ാം ഓവറിലെ നാലാം പന്തിൽ് സ്റ്റോക്സിനെ പുറത്താക്കാനുള്ള സുവർണാവസരം ബോൾട്ട് നഷ്ടമാക്കിയതു മത്സരത്തിലെ വഴിത്തിരിവായി. സിക്സ് അടിക്കാനുള്ള ശ്രമത്തിനിടെ സ്റ്റോക്സിന്റെ ഷോട്ട് ബോൾട്ട് കൈപ്പിടിയിൽ ഒതുക്കിയെങ്കിലും ബോൾട്ടിന്റെ കാല് ബൗണ്ടറിലൈനിൽ തട്ടിയിരുന്നു!

ന്യൂസീലൻഡിൽ ജനിച്ച സ്റ്റോക്സാണു ഫൈനലിൽ കിവീസിന്റെ അന്തകനായി എന്ന കൗതുകവുമുണ്ട്. ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ ജനിച്ച സ്റ്റോക്സ് പിന്നീട് കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്കു കുടിയേറുകയായിരുന്നു. 12–ാം വയസ്സിൽ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ സ്റ്റോക്സ്, 2011 സെപ്റ്റംബർ 23ന് വെസ്റ്റിൻഡീസിനെതിരെ ട്വന്റി20യിലൂടെയാണ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. 

∙ കുട്ടിക്രിക്കറ്റിലെ ടെസ്റ്റ് ക്യാപ്റ്റൻ!

ക്രിക്കറ്റിന്റെ പരമ്പരാഗത ഫോർമാറ്റായ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാണ് പുതുയുഗ ക്രിക്കറ്റ് ഫോർമാറ്റായ ട്വന്റി20യിലെ ലോകകിരീടം ഇംഗ്ലണ്ടിന് നേടിക്കൊടുത്തതെന്നതു ഒരു വിരോധാഭാസമായി തോന്നിയേക്കാം. എന്നാൽ ഓസ്ട്രേലിയയ്ക്കെതിരെ 2019 ആഷസ് പരമ്പരയിലെ ഹെഡിങ്‌ലി ടെസ്റ്റിൽ ഇംഗ്ലണ്ട് ഒരു വിക്കറ്റിന്റെ അവിസ്മരണീയ ജയം നേടിയത് സ്റ്റോക്സിന്റെ ഉജ്വല സെഞ്ചറിയുടെ മികവിലാണെന്നത് ഫോർമാറ്റുകൾക്ക് അതീതനായ സ്റ്റോക്സിനെ കാട്ടിത്തരുന്നു. ഏകദിനം, ട്വന്റി20, ടെസ്റ്റ് ഫോർമാറ്റ് ഏതുമായിക്കോട്ടെ സ്റ്റോക്സ് സാഹചര്യങ്ങൾക്ക് അനുസരിച്ച് മുന്നേറും. സമ്മർദങ്ങൾ അതിജീവിക്കും. 

ben-stokes-twitter
ബെൻ സ്റ്റോക്സ് (Photo: Twitter/ @TheBarmyArmy)

സ്ഥാനമൊഴിഞ്ഞ ജോ റൂട്ടിന്റെ പിൻഗാമിയായി ഈ വർഷം ഏപ്രിലിലാണ് ബെൻ സ്റ്റോക്സ് ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്തത്. ഇംഗ്ലണ്ടിനു വേണ്ടി 86 ടെസ്റ്റുകൾ കളിച്ച സ്റ്റോക്സ്, 5429 റൺസും 192 വിക്കറ്റുകളും നേടിയിട്ടുണ്ട്. ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്തതിനു പിന്നാലെ ജൂലൈയിൽ സ്റ്റോക്സ്  രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ നിന്നു വിരമിച്ചിരുന്നു. ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റുകളിലും കളിക്കുന്നതിന്റെ അധ്വാനം ചൂണ്ടിക്കാട്ടിയായിരുന്നു സ്റ്റോക്സിന്റെ തീരുമാനം. 105 മത്സരങ്ങളിൽ നിന്ന് 2924 റൺസും 74 വിക്കറ്റുകളുമാണ് ഏകദിന ക്രിക്കറ്റിൽ സ്റ്റോക്സിന്റെ സമ്പാദ്യം. മൂന്നു സെഞ്ചറികളും നേടി.

‘‘ഇന്ധനം നിറച്ചാൽ തീരുംവരെ ഓടാനും വീണ്ടും ഇന്ധനം നിറച്ച് ഓടിക്കുകയും ചെയ്യാൻ ഞങ്ങളാരും മോട്ടർ കാറുകളല്ല.’’– അവസാന ഏകദിന മത്സരത്തിനു ശേഷം മത്സരങ്ങളുടെ ആധിക്യത്തെക്കുറിച്ച് ബെൻ സ്റ്റോക്സ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. എന്നാൽ ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ സ്റ്റോക്സ് ഡ്രൈവിങ് സീറ്റിൽ തന്നെ കാണും. അതു തീർച്ച.

English Summary: How Ben Stokes changed T20 World Cup final match against Pakistan for England

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS