ADVERTISEMENT

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം സീസണിലേക്കുള്ള താരലേലത്തിനു മുന്നോടിയായി ഒഴിവാക്കപ്പെട്ട വിദേശതാരങ്ങളുടെ നീണ്ട നിര ഒരു കാര്യം ഉറപ്പിക്കുന്നു– മിനി ലേലമെന്നു വിളിപ്പേരു വീണ കൊച്ചിയിലെ പ്രഥമ താരലേലം ഒരൊന്നൊന്നര ലേലമാകുകയാണ്. നിലവിലെ ഫൈനലിസ്റ്റുകളായ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസും ഫാഫ് ഡുപ്ലസിയുടെ കീഴിൽ മെയ്ക്ക് ഓവർ നടത്തിയ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും സൂപ്പർ ട്രേഡിങ്ങുകളിലൂടെ കരുത്ത് ഇരട്ടിപ്പിച്ച കൊൽക്കത്ത നൈറ്റ്റൈഡേഴ്സും ഒഴികെയുള്ള ടീമുകളെല്ലാം വൻ അഴിച്ചുപണിക്കുള്ള സന്നാഹങ്ങളോടെയാകും ലേലത്തിനെത്തുക. 10 ടീമിലായി ഒഴിഞ്ഞു കിടക്കുന്നതു 30 വിദേശതാരങ്ങളുടെ സ്ലോട്ടുകൾ. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ അടക്കമുള്ള 4 വിദേശതാരങ്ങളെയും 8 ഇന്ത്യൻ താരങ്ങളെയും ഒഴിവാക്കിയ സൺറൈസേഴ്സാകും കൊച്ചിയിലെ ലേലത്തിന്റെ ന്യൂക്ലിയസ്. പ്ലേയിങ് ഇലവനിലെ ഏതാണ്ടെല്ലാ റോളുകളിലേക്കും ആളെ നിലനിർനിർത്തിയെത്തുന്ന സൺറൈസേഴ്സിനു ‘മിനി ലേല’ത്തിനായി ബാക്കിയുള്ള തുക 42.2 കോടി രൂപയാണ്. ‘കേക്കിനു മുകളിലെ ഐസിങ്’ എന്ന മട്ടിലുള്ള മോടിപിടിപ്പിക്കൽ മാത്രം ബാക്കി നിൽക്കുന്ന സൺറൈസേഴ്സിന് ലേലത്തിൽ അഴിഞ്ഞാടാനുള്ള സാഹചര്യം ഒരുങ്ങിയെന്നു വ്യക്തം. കെയ്ൻ വില്യംസൻ, നിക്കോളാസ് പുരാൻ, ഷെഫേർഡ്, ജഗദീശ സുചിത്, പ്രിയം ഗാർഗ്, ഷോൺ ആബട്ട്, ശ്രേയസ് ഗോപാൽ, മലയാളി താരം വിഷ്ണു വിനോദ് തുടങ്ങിയവരാണു ഹൈദരാബാദ് ഒഴിവാക്കിയവരിൽ പ്രധാനികൾ. ക്യാപ്റ്റനുൾപ്പെടെയുള്ള താരങ്ങളെ കണ്ടെത്താനുള്ള ബ്രയൻ ലാറയ്ക്കും സംഘത്തിനും അതിനുള്ള അവസരവും മൂലധനവും ആവോളം.ഡ്വെയിൻ ബ്രാവോ, ആഡം മിൽനെ, ക്രിസ് ജോർദാൻ, റോബിൻ ഉത്തപ്പ, മലയാളി താരം കെ.എം. ആസിഫ് തുടങ്ങിയവരില്ലാതെയെത്തുന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ ആരാധകർ രവീന്ദ്ര ജഡേജയെ നിലനിർത്തിയതിന്റെ ആശ്വാസത്തിലാകും ലേലം കാണുക. അതേ ആഹ്ലാദം ലേലത്തിനു മുൻപും ചെന്നൈ സംഘത്തിൽ തെളിയുന്നുണ്ട്. 2 വിദേശതാരങ്ങളുൾപ്പെടെയുള്ള താരങ്ങളെ കൊച്ചിയിൽ നിന്നു കണ്ടെത്താനുള്ള ടീമിനു 20.45 കോടിയുടെ കനപ്പെട്ട പഴ്സാണു കയ്യിൽ. ചെപ്പോക്കിനു വേണ്ട സ്പിന്നർമാരെ ശേഖരിച്ചു കഴിഞ്ഞ എംഎസ്ഡിയുടെ ടീമിനു കനപ്പെട്ട വിദേശതാരങ്ങളെതന്നെ ലേലത്തിലൂടെ ടീമിലെത്തിക്കാം. സഞ്ജു സാംസണിലൂടെ കേരളത്തിന്റെ ടീമായി മാറിക്കഴിഞ്ഞ രാജസ്ഥാൻ റോയൽസ് മുൻ സീസണിലെ കരുത്ത് അതേപടി നിലനിർത്തിയാണു ‘സ്വന്തം മണ്ണിലെ’ ലേലത്തിനെത്തുക. പക്ഷേ, റോയൽസ് ഒഴിവാക്കിയ ഒൻപതു താരങ്ങളിൽ 5 പേരും വിദേശതാരങ്ങളാണെന്നത് ആരാധകരുടെ ആശങ്കയേറ്റുന്ന ഘടകമാണ്. കിവീസ് താരങ്ങളായ ജിമ്മി നീഷം, ഡാരിൽ മിച്ചൽ, ദക്ഷിണാഫ്രിക്കയുടെ സൂപ്പർ ബാറ്റർ റാസ്സി വാൻഡർ ദസ്സൻ, നേഥൻ കൂൾട്ടർനൈൽ തുടങ്ങിയവരെ ഒഴിവാക്കിയ രാജസ്ഥാന് വിദേശ ക്വാട്ടയിലെ 4 സ്ലോട്ടുകൾ നികത്താൻ ബാക്കിയുള്ളതു 13.2 കോടി രൂപ മാത്രമാണ്. ഓൾറൗണ്ടറെ തേടുന്ന ടീമിന് ഈ പഴ്സുമായി പഴയ താരം ബെൻ സ്റ്റോക്സിനെ തിരിച്ചെത്തിക്കുന്നതുൾപ്പെടെയുള്ള സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടിവരും. പ്ലേയിങ് ഇലവനിൽ തെളിഞ്ഞ സ്ഥിരതയില്ലായ്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കു ലേലത്തിലൂടെ പുത്തൻ താരങ്ങളെയിറക്കി പരിഹാരം കാണുന്നതും റോയൽസിനു ദുഷ്കരമാകും.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com