ADVERTISEMENT

അഡ്‍ലെയ്ഡ് ∙ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ അഡ്‍െലയ്ഡ‍ിൽ നടന്ന ഒന്നാം ഏകദിനത്തിനിടെ, ഓസീസ് താരം കാമറോൺ ഗ്രീനിനെ അടുത്ത മാസം നടക്കുന്ന ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) താരലേലത്തിന്റെ കാര്യം ഓർമിപ്പിച്ച് ഇംഗ്ലിഷ് നായകൻ ജോസ് ബട്‌ലർ. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 288 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോഴാണ് ഓസീസ് താരം ഗ്രീനിനെ ഐപിഎൽ താരലേലത്തിന്റെ കാര്യം ഓർമിപ്പിച്ച് ജോസ് ബട്‍ലർ ‘ട്രോളി’യത്. മത്സരത്തിൽ ആറു വിക്കറ്റ് വിജയം നേടിയ ഓസ്ട്രേലിയ പരമ്പരയിൽ 1–0ന് മുന്നിലെത്തിയിരുന്നു. ഇംഗ്ലണ്ട് തോറ്റെങ്കിലും 128 പന്തിൽ 12 ഫോറും നാലു സിക്സും സഹിതം അഡ്‌ലെയ്ഡിൽ ഒരു ഇംഗ്ലിഷ് താരത്തിന്റെ ഉയർന്ന വ്യക്തിഗത സ്കോർ കുറിച്ച ഡേവിഡ് മലൻ കളിയിലെ കേമനായി.

മത്സരം 40 ഓവർ പിന്നിടുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 249 റൺസുമായി ശക്തമായ നിലയിലായിരുന്നു ഓസീസ്. അവർ വിജയം നേടുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്ന നിമിഷം. ഇംഗ്ലണ്ടിനായി 41–ാം ഓവർ എറിഞ്ഞത് സ്പിന്നർ ലിയാം ഡേവ്സൺ. ഈ ഓവറിനിടെയാണ് കാമറോൺ ഗ്രീനിനെ ഐപിഎൽ താരലേലത്തിന്റെ കാര്യം ഓർമിപ്പിച്ച് സമ്മർദ്ദത്തിലാക്കാൻ ബട്‍ലർ ശ്രമിച്ചത്.

ഡേവ്സൺ എറിഞ്ഞ മൂന്നാം പന്തിൽ ക്രീസ് വിട്ടിറങ്ങി ആക്രമിക്കാൻ ശ്രമിച്ച ഗ്രീനിന് പന്ത് കൃത്യമായി കണക്ട് ചെയ്യാൻ കഴിഞ്ഞില്ല. ഗ്രീൻ തിരികെ ക്രീസിൽ പ്രവേശിപ്പിക്കുമ്പോഴേയ്ക്കും വിക്കറ്റിനു പിന്നിൽനിന്ന് ബട്‍ലറിന്റെ കമന്റ്.

‘‘നോക്കൂ ഡേവ്സ്. ഷോട്ട് കളിക്കാനാണ് ശ്രമം’’

തൊട്ടുപിന്നാലെ ഡേവ്സൺ എറിഞ്ഞ പന്ത് ഗ്രീൻ പ്രതിരോധിച്ചതോടെയാണ് ‘വലിയൊരു താരലേലം വരാനുണ്ടെ’ന്ന വാക്കുകളുമായി ബട്‍ലർ ഗ്രീനിനെ ഐപിഎൽ താരലേലത്തിന്റെ കാര്യം ഓർമിപ്പിച്ചത്. അടുത്ത മാസം 23ന് കൊച്ചിയിൽ നടക്കുന്ന ഐപിഎൽ താരലേലത്തിൽ ശ്രദ്ധാകേന്ദ്രമാകാൻ‌ സാധ്യതയുള്ള താരമാണ് ഓസ്ട്രേലിയയുടെ കാമറോൺ ഗ്രീൻ. ഈ സാഹചര്യത്തിലാണ് മത്സരത്തിനിടെ ഐപിഎൽ താരലേലത്തിന്റെ കാര്യം ഓർമിപ്പിച്ച് ഗ്രീനിനെ സമ്മർദ്ദത്തിലാക്കാൻ ബട്‍ലർ ശ്രമിച്ചത്.

മത്സരത്തിൽ 28 പന്തിൽ മൂന്നു ഫോറുകൾ സഹിതം 20 റൺസുമായി പുറത്താകാതെ നിന്ന ഗ്രീൻ, സ്റ്റീവ് സ്മിത്തിനൊപ്പം ഓസീസിനെ വിജയത്തിലെത്തിച്ചിരുന്നു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ 47 പന്തിൽ 47 റൺസടിച്ചുകൂട്ടിയാണ് സ്മിത്ത് – ഗ്രീൻ സഖ്യം ഓസീസിനെ വിജയത്തിലെത്തിച്ചത്. ഓപ്പണർമാരായ ഡേവിഡ് വാർണർ (84 പന്തിൽ 86), ട്രാവിസ് ഹെഡ് (57 പന്തിൽ 69), അലക്സ് കാരി (28 പന്തിൽ 21) എന്നിവരുടെ പ്രകടനവും ഓസീസ് നിരയിൽ ശ്രദ്ധേയമായി.

English Summary: England Captain Jos Buttler Sledges Australia Star By Talking About IPL Auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com