ADVERTISEMENT

ന്യൂഡൽഹി∙ സഞ്ജു സാംസണ് അവസരം നിഷേധിക്കുന്നതിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം മനീഷ് പാണ്ഡേ.  സഞ്ജു നന്നായി ബാറ്റു ചെയ്യുന്നുണ്ടെന്നും ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനത്ത് കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്നും മനീഷ് പാണ്ഡേ വ്യക്തമാക്കി. 

‘സഞ്ജു സാംസൺ നന്നായി കളിക്കുന്ന താരമാണ്. അദ്ദേഹത്തിന് മത്സരങ്ങൾ ലഭിക്കുകയും അതിൽ കളിച്ച് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.  ഇന്ത്യൻ ടീമിലെ എന്റെ സ്ഥാനത്ത് സഞ്ജു വരുമെന്നാണ് കരുതിയത്. എന്നാൽ ഇന്ത്യൻ ടീമിലെ സഞ്ജുവിന്റെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് മനസ്സിലാകും. എനിക്കും ഇതുപോലെ നിരവധി തവണ കളിക്കാനിറങ്ങാതെ ബെഞ്ചിൽ ഇരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. 

അതിൽ നിങ്ങൾക്ക് വിഷമം തോന്നാം. പക്ഷേ അതെല്ലാം മത്സരത്തിന്റെ സ്പിരിറ്റിൽ എടുക്കണം. ടീമിന്റെ ആവശ്യം അനുസരിച്ച് നമ്മൾ പൊരുത്തപ്പെടേണ്ടി വരും. എന്നാൽ ഇപ്പോൾ ഞാൻ അതൊന്നും ചിന്തിക്കുന്നില്ല, അതെന്നെയും എന്റെ കളികളെയും മോശമായി ബാധിക്കും. ഇപ്പോഴത്തെ കാര്യം മാത്രമാണ് ഞാൻ ചിന്തിക്കുന്നത്. എനിക്ക് അവസരം ലഭിച്ചാൽ അത് നന്നായി കളിച്ച് തെളിയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.’– മനീഷ് പറഞ്ഞു. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയെങ്കിൽ ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഏകദിന പരമ്പരയിലും സഞ്ജു ടീമിലുണ്ട്.

2016 മുതൽ ഇന്ത്യൻ ടീമിനു വേണ്ടി പാഡണിഞ്ഞ മനീഷ് ഇതുവരെ 29 ഏകദിനങ്ങളും 39 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മൂന്നാം നമ്പറിൽ കളിച്ചിരുന്ന മനീഷിനു പക്ഷേ അപൂർവമായിട്ടാണ് ഈ സ്ഥാനത്ത് ബാറ്റു ചെയ്യാൻ അവസരം ലഭിച്ചിരുന്നത്. റൺസെടുക്കുന്നതിലുള്ള സ്ഥിരതയില്ലായ്മയും മോശം സ്ട്രൈക് റേറ്റും കാരണം ലിമിറ്റഡ് ഫോർമാറ്റിൽ താരത്തിന് വേണ്ടത്ര അവസരം ലഭിക്കാതിരിക്കുകയും പിന്നീട് ടീമിൽനിന്ന് പുറത്താവുകയുമായിരുന്നു. 2020ലാണ് മനീഷ് പാണ്ഡേ അവസാന രാജ്യാന്തര ട്വന്റി20 മത്സരം കളിച്ചത്. 2021ലാണ് അവസാന ഏകദിന മത്സരത്തിന് ബാറ്റെടുത്തത്. 

English Summary: Sanju Samson was batting well, I thought he should've played in my place: India batter Manish Pandey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com