ADVERTISEMENT

ഓക്‌ലൻഡ്∙ ഇന്ത്യ – ന്യൂസീലൻഡ് ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവി. ഇന്ത്യ 306 റൺസ് എന്ന പൊരുതാവുന്ന സ്കോർ മുന്നോട്ടുവച്ചുവെങ്കിലും ന്യൂസീലൻഡിന്റെ നിശ്ചയദാർ‌ഢ്യത്തിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. ഉജ്വല ഇന്നിങ്സോടെ ടോം ലാഥം, ക്യാപ്റ്റൻ കെയ്ൻ വില്യംസൻ എന്നിവരാണ് ന്യൂസീലൻഡിനെ വിജയത്തിലേക്ക് എത്തിച്ചത്. ഇതോടെ 2.5 ഓവറുകൾ ബാക്കിനിൽക്കെ ഏഴുവിക്കറ്റിന് ന്യൂസീലൻഡ് ജയിച്ചു കയറി.

സെഞ്ചറി നേടിയ ടോം ലാഥം 104 പന്തിൽ നിന്ന് 145 റൺസ് സ്വന്തം പേരിൽ കുറിച്ചു. 98 പന്തിൽ നിന്ന് 94 റൺസാണ് കെയ്ൻ വില്യംസന്റെ സമ്പാദ്യം. 19 ഫോറുകളും അഞ്ച് സിക്‌സറുകളും പായിച്ച ടോം ലാഥം ന്യൂസീലൻഡിനെ അനായാസ വിജയത്തിലേക്കു നയിക്കുകയായിരുന്നു. അരങ്ങേറ്റ മത്സരം കളിക്കുന്ന ജമ്മു കശ്മീരിൽ നിന്നുള്ള പേസ് ബോളർ ഉമ്രാൻ മാലിക് പത്ത് ഓവറിൽ 66 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. ഷർദൂൽ താക്കൂർ ഒരു വിക്കറ്റ് നേടി.

gill-dhawan
ശിഖർ ധവാൻ, ശുഭ്മാന്‍ ഗില്‍ (Photo by DAVID ROWLAND / AFP)

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നായകൻ ശിഖർ ധവാൻ, ഓപ്പണിങ് ബാറ്റർ ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യർ എന്നിവരുടെ അർധ ശതകങ്ങളുടെ മികവിലാണ് പൊരുതാവുന്ന ടോട്ടൽ പടുത്തുയർത്തിയത്. അവസാന ഓവറുകളിൽ മിന്നൽ പ്രകടനം നടത്തിയ വാഷിങ്ടൻ സുന്ദറാണ് കളിയുടെ ഗതിമാറ്റിയത്. അവസാന പത്തോവറില്‍ 96 റൺസും അവസാന അഞ്ചോവറില്‍ 56 റൺസും നേടിയാണ് ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 306 റണ്‍സ് നേടിയത്. സഞ്ജു സാംസണ്‍ 38 പന്തില്‍ 36 റൺസ് നേടി നിർണായക സാന്നിധ്യമായി.

ഇന്ത്യക്കായി ശിഖർ ധവാനും ശുഭ്മാൻ ഗില്ലും ചേർന്ന് 124 റൺസിന്റെ ഓപ്പണിങ് കൂട്ട്കെട്ടാണ് ഉണ്ടാക്കിയത്. 23.1 ഓവറിൽ ശുഭ്‌‌മാൻ ഗില്ലിനെ പുറത്താക്കി ഇന്ത്യൻ മുൻനിരയ്‌ക്ക് ലോക്കി ഫെർഗൂസൻ ആണ് ആദ്യ പ്രഹരം ഏൽപ്പിച്ചത്. തൊട്ടടുത്ത ഓവറിൽ ധവാനും പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. പിന്നാലെയെത്തിയ റിഷഭ് പന്ത് (23 പന്തിൽ 15) ,സൂര്യകുമാർ യാദവ് ( 3 പന്തിൽ 4) പ്രതിരോധമില്ലാതെ കീഴടങ്ങിയതോടെ ഇന്ത്യൻ സ്‌കോറിന് വേഗം കുറഞ്ഞു.

shreyas-iyer-india

പന്തിനൊപ്പം ചേർന്ന് ശ്രേയസ് ഇന്ത്യയെ 150 കടത്തുമ്പോഴാണ് ലോക്കി ഫെർഗൂസൻ ഒരേ ഓവറിൽ പന്തിനെയും സൂര്യകുമാർ യാദവിനെയും മടക്കി ഇന്ത്യയെ ഞെട്ടിച്ചത്. ശ്രേയസ് അയ്യർക്കൊപ്പം സഞ്ജു സാംസണ്‍ എത്തിയതോടെ ഇന്ത്യൻ സ്‌കോർ ബോർഡ് ചലിക്കാൻ തുടങ്ങി. സഞ്ജു പുറത്തായതോടെ ക്രീസിലെത്തിയ വാഷിങ്ടൻ സുന്ദർ പുറത്താകാതെ 16 പന്തില്‍ 37 റണ്‍സടിച്ച് ഇന്ത്യൻ സ്‌കോർ 300 കടത്തി. കീവിസിനായി ഫെർഗൂസൻ 10 ഓവറിൽ 59 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ടിം സൗത്തി 10 ഓവറില്‍ 73 റണ്‍സിസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.

English Summary : India vs New Zealand first ODI Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com