ഹാമിൽട്ടൻ∙ മികച്ച ഫോമിലായിരുന്നിട്ടും ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിനത്തില്‍ സഞ്ജുവിനെ ഒഴിവാക്കിയതിൽ ആരാധക രോഷം ഉയരുന്നതിനിടെ സമൂഹമാധ്യമങ്ങളിൽ വീണ്ടും സ്റ്റാറായി സഞ്ജു. ഇത്തവണ മഴ മൂലം കളി തടസ്സപ്പെട്ടപ്പോൾ ഗ്രൗണ്ട് സ്റ്റാഫുകളെ സഹായിക്കാനിറങ്ങിയാണ് സഞ്ജു ആരാധക ഹൃദയം കവർന്നത്.
ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ 4.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 22 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴ വില്ലനായി എത്തിയത്. മഴയിലും കാറ്റിലും ഗ്രൗണ്ട് മൂടാൻ കഷ്ടപ്പെടുന്ന ഗ്രൗണ്ട് സ്റ്റാഫുകളെ സഹായിക്കാനാണ് സഞ്ജു ഗ്രൗണ്ടിലേക്കിറങ്ങിയത്. ഗ്രൗണ്ടു സ്റ്റാഫുകളെ സഞ്ജു സഹായിക്കുന്നതിന്റെ വിഡിയോ രാജസ്ഥാൻ റോയൽസ് അവരുടെ ട്വിറ്റർ പേജിൽ പങ്കുവച്ചു.
രാജസ്ഥാൻ റോയൽസിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് നിരവധി ആരാധകരാണ് സഞ്ജുവിന് അഭിനന്ദനവുമായി എത്തിയത്. സഞ്ജുവിന്റെ മത്സരത്തിൽ ഉൾപ്പെടുത്താത്തതിന്റെ രോഷവും ഇവർ പങ്കുവയ്ക്കുന്നു. ‘പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചില്ലെങ്കിലും ആരാധകർ എപ്പോഴും സഞ്ജുവിനൊപ്പം തന്നെ നിൽക്കും. താൻ ശരിയാണെന്ന് അദ്ദേഹം എപ്പോഴും തെളിയിച്ചുകൊണ്ടേയിരിക്കുന്നു. അദ്ദേഹം എന്തൊരു മനുഷ്യനാണ്. മറ്റുള്ളവർക്ക് പ്രചോദനമാണ് അദ്ദേഹം’– ഒരു ആരാധകന്റെ വാക്കുകൾ ഇങ്ങനെ.
English Summary: Watch: Sanju Samson helps ground staff with covers in 2nd IND-NZ ODI, wins over fans with humble gesture