ADVERTISEMENT

ന്യൂഡൽഹി∙ ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഉൾപ്പെടാതിരുന്നതോടെ ടീം മാനേജ്മെന്റിനും ബിസിസിഐക്കുമെതിരെ വീണ്ടും ആരാധകരോഷം. രണ്ടാം ഏകദിനത്തിൽ സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ വ്യാപക വിമർശനമുയർന്നതോടെ അടുത്ത മത്സരത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.

പക്ഷേ ഓൾറൗണ്ടറായ ദീപക് ഹൂഡയ്ക്ക് വീണ്ടും അവസരം നൽകാൻ തീരുമാനിച്ചതോടെ സഞ്ജു പുറത്താകുകയായിരുന്നു. എന്നാൽ ബാറ്റിങ്ങിൽ ദീപക് ഹൂഡയും നാലമാനായി ഇറങ്ങിയ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ഇന്നും നിരാശപ്പെടുത്തിയതോടെയാണ് സഞ്ജുവിനായി വീണ്ടും മുറവിളി ഉയരുകയാണ്.

കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരും സഞ്ജുവിനെ പിന്തുണച്ചെത്തിയവരിലുണ്ട്. ഋഷഭ് പന്തിനെ പിന്തുണച്ച് മുഖ്യപരിശീലകൻ വി.വി.എസ്.ലക്ഷ്മൺ നടത്തിയ പ്രസ്താവന ചൂണ്ടിക്കാണിച്ചാണ് തരൂരിന്റെ വിമർശനം. ‘‘നാലാം നമ്പറിൽ ഋഷഭ് പന്ത് മികച്ച പ്രകടനം കാഴ്ചവച്ചു, അതിനാൽ അദ്ദേഹത്തെ പിന്തുണയ്ക്കേണ്ടത് പ്രധാനമാണെന്നാണ് ലക്ഷ്മണ്‍ പറയുന്നത്. തന്റെ അവസാന 11 ഇന്നിങ്സുകളിൽ പത്തിലും പരാജയപ്പെട്ട ഫോമിലല്ലാത്ത ഒരു മികച്ച കളിക്കാരനാണ് പന്ത്; ഏകദിനത്തിൽ 66 ശരാശരിയും അവസാന അഞ്ച് മത്സരങ്ങളിലും റൺസ് നേടിയിട്ടും സഞ്ജു ബെഞ്ചിലാണ്. വസ്തുത മനസ്സിലാക്കൂ..’’– ശശി തരൂർ ട്വീറ്റ് ചെയ്തു.

ഋഷഭ് പന്ത് ഔട്ടായതിനു പിന്നാലെ വീണ്ടും ട്വീറ്റുമായി തരൂർ എത്തി. ‘‘വൈറ്റ്-ബോൾ ക്രിക്കറ്റിൽനിന്ന് ഒരു ഇടവേള ആവശ്യമുള്ള പന്തിന് ഒരു പരാജയം കൂടി. സഞ്ജു സാംസണിന് ഒരു അവസരം കൂടി നിഷേധിച്ചു. അദ്ദേഹത്തിന് ഇനി ഐപിഎൽ വരെ കാത്തിരിക്കണം, ‌താൻ ഇന്ത്യയിലെ ഏറ്റവും മികച്ച ടോപ് ഓർഡർ ബാറ്റ്‌മാരിൽ ഒരാളാണെന്ന് തെളിയിക്കാൻ.’’– തരൂർ ട്വിറ്ററിൽ പറഞ്ഞു.

പാക്കിസ്ഥാൻ മുൻ താരമായ ഡാനിഷ് കനേരിയയും സഞ്ജുവിനെ ഒഴിവാക്കിയതിൽ ബിസിസിഐക്കെതിരെ രംഗത്തെത്തി. ബിസിസിഐയിലെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ പേരിലാണ് സഞ്ജുവിനെ മാറ്റിനിർത്തുന്നതെന്ന് കനേരിയ ആരോപിച്ചു. ‘‘അമ്പാട്ടി റായിഡുവിന്റെ കരിയറും സമാനമായാണ് അവസാനിച്ചത്. അദ്ദേഹം ഒരുപാട് റൺസ് നേടി, പക്ഷേ അവഗണന നേരിട്ടു. ബിസിസിഐയുടെയും സെലക്ഷൻ കമ്മിറ്റിയുടെയും ആഭ്യന്തര രാഷ്ട്രീയമാണ് കാരണം. കളിക്കാർക്കിടയിൽ ഇഷ്ടമോ അനിഷ്ടമോ ഉണ്ടോ?.

ഒരു കളിക്കാരന് എത്രത്തോളം സഹിക്കാൻ കഴിയും? സഞ്ജു ഇതിനകം ഒരുപാട് സഹിക്കുകയും അവസരം കിട്ടുന്നിടത്തെല്ലാം സ്കോർ ചെയ്യുകയും ചെയ്യുന്നു. ടീമിലെ സെലക്ഷന്റെയും നോൺ സെലക്ഷന്റെയും പീഡനങ്ങൾ നേരിടുന്നതിനാൽ നമുക്ക് ഒരു നല്ല കളിക്കാരനെ നഷ്ടപ്പെട്ടേക്കാം. അവന്റെ സ്ട്രോക്കുകൾ എക്സ്ട്രാ കവറിൽ, കവറിൽ, പ്രത്യേകിച്ച് പുൾ ഷോട്ടുകളിൽ കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു.’’ ഡാനിഷ് കനേരിയ ഒരു യൂട്യൂബ് ചാനലിൽ പറഞ്ഞു.

ഇതുവരെ 11 ഏകദിനങ്ങൾ മാത്രം കളിച്ച സഞ്ജു സാംസൺ, 66 ശരാശരിയിൽ 330 റൺസ് നേടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 86 റൺസാണ് ഉയർന്ന സ്കോർ. കഴിഞ്ഞ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചതിനു പിന്നാലെ സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽനിന്നു പുറത്താത്തിയതിന്റെ കാരണം ക്യാപ്റ്റൻ ശിഖർ ധവാൻ വെളിപ്പെടുത്തിയിരുന്നു. ‘‘ആറു ബോളർമാർ വേണമെന്നായിരുന്നു. തീരുമാനം. അതിനാൽ സഞ്ജു സാംസണെ ഒഴിവാക്കി, ഹൂഡ വന്നു.’’– ധവാൻ പറഞ്ഞു.

English Summary: "Go Figure": Congress MP Shashi Tharoor Weighs In On Sanju Samson Being Dropped

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com