‘ലോക ഒന്നാം നമ്പർ ബാറ്റർക്കു പകരം നാലാം നമ്പറിൽ ഫോം ഔട്ടായ ഋഷഭ് പന്തോ?: തീരുമാനം ഞെട്ടിച്ചു’

pant-suryakumar-yadav
വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്(Photo by Marty MELVILLE / AFP), സൂര്യകുമാർ യാദവ്
SHARE

ലാഹോർ∙ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഐസിസി ട്വന്റി20 ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാർ യാദവിനു മുൻപായി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ നാലാം നമ്പറിൽ അയക്കാനുള്ള ടീം ഇന്ത്യയുടെ തീരുമാനത്തെ ചോദ്യം ചെയ്‌ത് മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ഭട്ട്.  ഋഷഭ് പന്ത് പ്രതിഭയുള്ള താരമാണെന്നതിൽ തർക്കമൊന്നുമില്ല. എന്നാൽ മികച്ച ഫോമിൽ ഉള്ള  സൂര്യകുമാർ യാദവ് ടീം ഇലവനിൽ ഉള്ളപ്പോൾ ടോപ്പ് ഓർഡറിൽ പന്തിനെ നിയോഗിച്ചത് അക്ഷരാർഥത്തിൽ ഞെട്ടിച്ചു. 

ഫോം ഔട്ടിലുള്ള പന്തിന് ലഭിച്ച അവസരങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞില്ല. ബാറ്റിങ് ക്രമത്തിലുള്ള മാറ്റം സൂര്യകുമാർ യാദവിന്റെ പ്രകടനത്തെയും കാര്യമായി ബാധിച്ചു. നാലാം നമ്പറിൽ ഇറക്കിയിരുന്നെങ്കിൽ ഒരു പക്ഷേ ട്വന്റി20 യിലെ മാസ്‌മരിക പ്രകടനം അദ്ദേഹത്തിന് ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലും ആവർത്തിക്കാൻ സാധിക്കുമായിരുന്നുവെന്നും സൽമാൻ ഭട്ട് പറഞ്ഞു. ഇത്തരം ദീർഘവീഷണമില്ലാത്ത തീരുമാനങ്ങൾ ഫോമിലുള്ള കളിക്കാരുടെ പ്രകടനത്തെ വല്ലാതെ ബാധിക്കുമെന്നും സൽമാൻ ഭട്ട് ചൂണ്ടിക്കാട്ടുന്നു. സൂര്യകുമാർ യാദവിനെ നാലാം നമ്പറിൽ ഏകദിനത്തിൽ പരീക്ഷിക്കാൻ ഇന്ത്യ തയാറാകണമെന്നും സൽമാൻ ഭട്ട് പറഞ്ഞു. 

ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ 51 പന്തിൽ പുറത്താകാതെ 111 റൺസെടുത്ത സൂര്യ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ തീർത്തും നിറംമങ്ങി. അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്ത രണ്ട് ഏകദിനങ്ങളിൽ 6, 4 റൺസിന്  പുറത്താകുകയും ചെയ്‌തു.

ഋഷഭ് പന്ത് വിക്കറ്റ് കീപ്പർ‌ ബാറ്റർ എന്ന നിലയിൽ തുടർച്ചയായി പരാജയപ്പെട്ടിട്ടും മലയാളി താരം സഞ്ജു സാംസന് അവസരം നൽകാതെ വീണ്ടും പന്തിനെ പരീക്ഷിക്കുന്നതിനെതിരെ വിമർശനം ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് നാലാം നമ്പറിൽ സൂര്യയെ തഴഞ്ഞ് പന്തിന് അവസരം നൽകുന്നതിനെതിരെ സൽമാൻ ഭട്ട് രംഗത്ത് വന്നത്. ‘‘നാലാം നമ്പറിൽ ഋഷഭ് പന്ത് മികച്ച പ്രകടനം കാഴ്ചവച്ചു, അതിനാൽ അദ്ദേഹത്തെ പിന്തുണയ്ക്കേണ്ടത് പ്രധാനമാണെന്നായിരുന്നു മുഖ്യപരിശീലകൻ വി.വി.എസ്.ലക്ഷ്മൺ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനു പിന്നാലെ കണക്കുകൾ നിരത്തി സഞ്ജുവിന്റെ ആരാധകരും രംഗത്തെത്തിയിരുന്നു.

മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 219 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിൽ, 18 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് എടുത്ത് കിവീസ് ശക്‌തമായ നിലയിൽനിൽക്കെയാണ് മഴയെത്തിയത്. തുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. കിവീസ് കുറഞ്ഞത് 20 ഓവർ കളിച്ചിരുന്നെങ്കിൽ മത്സരത്തിന് ഫലമുണ്ടാകുമായിരുന്നു. കളിനിർത്തുമ്പോൾ, ഡിആർഎസ് നിയമപ്രകാരം 50 റൺസ് മുൻപിലായിരുന്നു ന്യൂസീലൻഡ്. എന്നാൽ മഴ ശമിക്കാതിരുന്നത് അവർക്ക് തിരിച്ചടിയായി. ടോം ലാതമാണ് പ്ലെയർ ഓഫ് ദ് ടൂർണമെന്റ്. ബംഗ്ലദേശിലാണ് ഇന്ത്യയുടെ അടുത്ത പര്യടനം. ഡിസംബർ 4ന് ഏകദിന മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുന്നത്. പാക്കിസ്ഥാനെതിരെയാണ് ന്യൂസിലൻഡിന്റെ അടുത്ത പരമ്പര.

English Summary: How can you send out-of-form Rishabh Pant ahead of world's No.1 batter?’: Salman Butt 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS