തോറ്റെന്ന് ഉറപ്പിച്ചിടത്ത് മെഹിദി ഹസന്റെ വെടിക്കെട്ട്; ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോൽവി

mahedi-hasan
മെഹിദി ഹസൻ ബാറ്റിങ്ങിനിടെ (Photo by Munir uz ZAMAN / AFP)
SHARE

മിർപുർ (ബംഗ്ലദേശ്) ∙ നജ്മുൽ ഹുസൈൻ ഷാന്റോയെ( നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്ത്) വിക്കറ്റിനു മുൻപിൽ കുടുക്കി ദീപക് ചാഹർ ഇന്ത്യയ്ക്ക് നൽകിയ വിജയ‌സ്‌മിതം അവസാന ഓവറുകളിൽ നിലനിർത്താൻ ഇന്ത്യയ്ക്ക് കഴിയാതെ വന്നതോടെ ഇന്ത്യ അനിവാര്യമായ പരാജയം നുണഞ്ഞു. ജയപരാജയം ഒരോ ഘട്ടത്തിലും മാറിമറിഞ്ഞ മത്സരത്തിൽ അന്തിമ വിജയം ബംഗ്ലദേശിനൊപ്പം നിന്നു. അവസാന വിക്കറ്റിൽ മെഹിദി ഹസൻ( 39 പന്തിൽ 38) മുസ്തഫിസുർ റഹ്മാനെ(11 പന്തിൽ 10) കൂട്ടുപിടിച്ച് നടത്തിയ മിന്നുന്ന പ്രകടനമാണ് തോൽവിയിലേക്കു കുപ്പുകുത്തിയ ബംഗ്ലദേശിന് വിജയസ്‌മിതം നൽകിയത്. 42.3 ഓവറിൽ മെഹിദി ഹസൻ ഉയർത്തിയടിച്ച ഷോട്ട് രാഹുലിന്റെ ഗ്ലൗസിൽ തട്ടി തെറിച്ചതോടെ ഇന്ത്യ വിജയം നിലത്തിട്ടു.

നിശ്ചിത 50 ഓവറിൽ ഇന്ത്യ നേടിയ 186 എന്ന ടോട്ടൽ തുടക്കത്തിലെ പതർച്ചയ്‌ക്ക് ശേഷം 46 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലദേശ് മറികടന്നു. ബംഗ്ലദേശിന്റെയും തുടക്കം ഗംഭീരമായിരുന്നില്ല. മുൻനിരയ്ക്കു പിന്നാലെ മധ്യനിരയും തകർന്നതോടെ ബംഗ്ലദേശ് തോൽവി മുന്നിൽ കണ്ട സ്ഥിതി ഉണ്ടായി. 10 ഓവറിൽ 32 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് എടുത്ത മുഹ്മ്മദ് സിറാജ് ആണ് ഇന്ത്യൻ നിരയിലെ ഏറ്റവും അപകടകാരി. അരങ്ങേറ്റ മത്സരം കളിച്ച കുൽദീപ് സെൻ 5 ഓവറിൽ 32 റൺസ് വിട്ടുകൊടുത്ത് വിലപെട്ട 2 വിക്കറ്റ് നേടി. 

തുടക്കത്തിൽ വൻ പതർച്ച നേരിട്ട ബംഗ്ലദേശിനെ നായകൻ ലിട്ടൺ ദാസ് (63 പന്തിൽ 41 റൺസ്) അനമുൽ ഹഖിനെ (29 പന്തിൽ നിന്ന് 14) കൂട്ടുപിടിച്ച് നടത്തിയ രക്ഷാപ്രവർത്തനമാണ് മത്സരത്തിലേക്ക് തിരികെയെത്തിച്ചത്.

ebadot-hossain
ശ്രേയസ് അയ്യരുടെ വിക്കറ്റ് എടുത്ത എബദോട്ട് ഹൊസൈന്റെ ആഹ്ലാദം(Photo by Munir uz ZAMAN / AFP)

10 ഓവറിൽ 32 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് എടുത്ത് ഇന്ത്യൻ മുന്നേറ്റ നിരയുടെ നടുവൊടിച്ച ഷാക്കിബ് അൽ ഹസൻ (38 പന്തിൽ നിന്ന് 29) നിലയുറപ്പിച്ചതോടെ തുടക്കത്തിൽ ഇന്ത്യൻ ബൗളർ ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് ബംഗ്ലദേശ് പുറത്ത് കടന്നു. മുഷ്ഫിഖുർ റഹീം (45 പന്തിൽ 18),,മഹമ്മദുല്ല (35 പന്തിൽ നിന്ന് 14) എന്നിവരിലൂടെ ബംഗ്ലദേശ് പൊരുതിയെങ്കിലും റഹീമിനെ വീഴ്ത്തി സിറാജും മഹമ്മദുല്ലയെ വീഴ്ത്തി ഷർദൂൽ താക്കൂറും ഇന്ത്യയ്ക്ക് ബ്രേക്ക് നൽകിയതോടെ ജയപരാജയം തുലാസിലായി. അവസാന വിക്കറ്റിൽ മെഹിദി ഹസൻ നടത്തിയ മിന്നുന്ന പ്രകടനം ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോൽവി  സമ്മാനിച്ചു.

shakib-al-hasan
വിരാട് കോലിയുടെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഷാക്കിബ് അൽ ഹസനും മറ്റ് കളിക്കാരും (Photo by Munir uz ZAMAN / AFP)

ഇന്ത്യൻ ബാറ്റിങ് നിര ചീട്ടുകൊട്ടാരം

ബംഗ്ലദേശിനെതിരായ ആദ്യ ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു .41.2 ഓവറിൽ 186 റൺസിന് ഇന്ത്യ ഓൾഔട്ടായി.രോഹിത് ശർമ( 31 പന്തിൽ 27), ശിഖർ ധവാൻ (17 പന്തിൽ 7), വിരാട് കോലി (15 പന്തിൽ 9), ശ്രേയ്യസ് അയ്യർ(39 പന്തിൽ 24), വാഷിങ്ടൻ സുന്ദർ( 43 പന്തിൽ 19), ഷഹബാസ് അഹമ്മദ് (4 പന്തിൽ 0), ഷർദൂൽ താക്കൂർ (3 പന്തിൽ നിന്ന് 2), ദീപക് ചാഹർ (3 പന്തിൽ നിന്ന് 0), മുഹമ്മദ് സിറാജ് ( 20 പന്തിൽ നിന്ന് 9), കുൽദീപ് സെൻ (4 പന്തിൽ നിന്ന് 2 ) എന്നിവർ കാര്യമായ ചെറുത്തുനിൽപ്പില്ലാതെ കീഴടങ്ങി. 73 പന്തിൽ നിന്ന് 70 റൺസ് എടുത്ത കെ.എൽ രാഹുലാണ് കൂടുതൽ പരുക്കിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. 10 ഓവറിൽ 32 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് എടുത്ത ഷാക്കിബ് അൽ ഹസൻ, 8. 2 ഓവറിൽ 47 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റ് എടുത്ത എബദോട്ട് ഹൊസൈൻ എന്നിവരാണ് ഇന്ത്യയെ പതനത്തിലേക്ക് തള്ളിവിട്ടത്.

liton-das
ബംഗ്ലദേശിന്റെ ലിട്ടൺ ദാസിന്റെ പ്രകടനം: Photo by Munir uz ZAMAN

ടോസ് നേടിയ ബംഗ്ലദേശ് നായകൻ ലിട്ടൺ ദാസ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ധാക്കയിലെ ഷേർ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിലെ പിച്ചിൽ ഈർപ്പം നിലനിൽക്കുന്നതിനാൽ ആദ്യത്തെ പത്ത് ഓവറിൽ ബാറ്റിങ് ദുഷ്‌കരമാകാനാണ് സാധ്യതയെന്ന ലിട്ടൺ ദാസിന്റെ കണക്കുകൂട്ടൽ ഫലം കണ്ടു. മൂന്ന് പേസർമാരും രണ്ട് സ്‌പിന്നർമാരും അണിനിരക്കുന്ന ബൗളിങ് നിര ശക്തമാണെന്നും, ഇന്ത്യൻ ബാറ്റിങ് നിരയെ തച്ചുടയ്ക്കാൻ കഴിയുമെന്ന ലിട്ടൺ ദാസിന്റെ ശുഭപ്രതീക്ഷ ബംഗ്ലദേശ് ബൗളർമാർ കളിക്കളത്തിൽ അക്ഷരാർഥത്തിൽ നടപ്പാക്കുകയായിരുന്നു.

നാടകീയ നീക്കം; ഋഷഭ് പന്തിനെ ടീമിൽ നിന്ന് റിലീസ് ചെയ്‌ത് ബിസിസിഐ

ന്യൂസീലൻഡ് പര്യടനത്തിൽ വിശ്രമം അനുവദിച്ചിരുന്ന മുതിർന്ന താരങ്ങളൊക്കെ ഇന്ത്യൻ ടീമിൽ തിരികെ എത്തിയെന്നുള്ളതാണ് ഈ പര്യടനത്തിന്റെ പ്രത്യേകത. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് ടീമിൽ ഇടം ലഭിച്ചില്ല. താരത്തെ ബിസിസിഐ സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്തു. ടെസ്റ്റ് പരമ്പരയിൽ ഋഷഭ് തിരികെയെത്തും. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് താരത്തെ റിലീസ് ചെയ്‌തത്. 

rohit
ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിങ്ങിനിടെ (Photo by Munir uz ZAMAN / AFP)

നിരാശപ്പെടുത്തി ധവാൻ, പടുകൂറ്റൻ നാണക്കേടിൽ നിന്ന് ഇന്ത്യയെ രക്ഷിച്ച് രാഹുൽ

ഏകദിന ലോകകപ്പ് ടീമിലേക്കുള്ള ‘ഓപ്ഷനുകൾ’ ചുരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം – ബംഗ്ലദേശിനെതിരായ ഒന്നാം ഏകദിനം ആരംഭിക്കുന്നതിന് തൊട്ടുമുൻപ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞ വാക്കുകൾ. ശുഭ്മൻ ഗില്ലിന് ഈ പരമ്പരയിൽ വിശ്രമം അനുവദിച്ചതിനാൽ രോഹിതിനൊപ്പം ധവാനാണ് ഓപ്പണർ ആയി ഇറങ്ങിയത്. ഏകദിനത്തിൽ ഇന്ത്യയുടെ സ്ഥിരം ഓപ്പണറായിരുന്ന ധവാന്റെ കാര്യം പരുങ്ങലിലായതിനു പിന്നാലെ രോഹിതിന് പുതിയ പങ്കാളിയായ തേടുന്നതിനിടെയാണ് ‘ഓപ്ഷനുകൾ’ ചുരുക്കുകയാണ് എന്ന നായകന്റെ പരമാർശം. ഈ കളിയിലും ധവാൻ നിരാശപ്പെടുത്തി. 17 പന്തിൽ നിന്ന് 7 റൺസ് മാത്രമായിരുന്നു സമ്പാദ്യം. രോഹിത് ശർമ ഉൾപ്പെടെയുള്ള താരങ്ങൾ കാര‌്യമായ സംഭാവന നൽകാതിരുന്ന മത്സരത്തിൽ കെ‌.എൽ രാഹുൽ മാത്രമായിരുന്നു അപവാദം.

പ്ലെയിങ് ഇലവൻ ഇന്ത്യ– രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, വിരാട് കോ‌ഹ്‍ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിങ് ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്. ഷർദൂൽ താക്കൂർ, ദീപക് ചാഹർ, മുഹമ്മദ് സിറാജ്, കുൽദീപ് സെൻ,

wicket-of-anamul-haque
ബംഗ്ലദേശിന്റെ അനമുൽ ഹഖിന്റെ വിക്കറ്റ് വീണതോടെ ആഹ്ലാദം പങ്കിടുന്ന ഇന്ത്യൻ താരങ്ങൾ (Photo by Munir uz ZAMAN / AFP)

പ്ലെയിങ് ഇലവൻ– ബംഗ്ലദേശ്– ലിട്ടൺ ദാസ് (ക്യാപ്റ്റൻ), അനമുൽ ഹഖ്, നജ്മുൽ ഹുസൈൻ ഷാന്റോ,ഷാക്കിബ് അൽ ഹസൻ, മുഷ്ഫിഖുർ റഹീം (വിക്കറ്റ് കീപ്പർ),മഹമ്മദുല്ല,അഫീഫ് ഹുസൈൻ,മെഹിദി ഹസൻ മിറ,ഹസൻ മഹമൂദ്,മുസ്തഫിസുർ റഹ്മാൻ,എബദോട്ട് ഹൊസൈൻ.

English Summary: India vs Bangladesh One day match

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS