ADVERTISEMENT

മിർപുർ (ബംഗ്ലദേശ്) ∙ ബംഗ്ലദേശിനെതിരായ ആദ്യ ഏകദിനം ആരംഭിക്കുന്നതിനു മിനിറ്റുകൾക്കു മുൻപ്  നാടകീയമായി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ ടീമിൽ നിന്ന് ഒഴിവാക്കിയത് പന്തിന്റെ തന്നെ താത്പര്യപ്രകാരം തന്നെയാണെന്നു സ്‌പോർട‌സ് മാധ്യമം. പരുക്കേറ്റതിനാലും ഫോമിൽ അല്ലാത്തതിനാലും ഒരു ബ്രേക്ക് തനിക്ക് ആവശ്യമാണെന്നും പന്ത് മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിനെയും നായകൻ രോഹിത് ശർമയെയും ധരിപ്പിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ധാക്കയിൽ എത്തിയതിനു പിന്നാലെയാണ് തന്നെ ടീമിൽ നിന്ന് ഒഴിവാക്കണമെന്നു പന്ത് അഭ്യർഥിച്ചതെന്നും റിപ്പോർട്ട് സമർഥിക്കുന്നു. 

എന്നാൽ പന്തിനെ റിലീസ് ചെയ്തതിനു പിന്നിലുള്ള യഥാർഥ കാരണം ബിസിസിഐ മറച്ചു വയ്ക്കുകയാണെന്ന ആരോപണം സമൂഹമാധ്യമങ്ങളലിടക്കം ഉയർന്നിരുന്നു.  പന്തിനെ അമിതമായി  ടീം മാനേജ്‌മെന്റ് ആശ്രയിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് പന്തിന്റെ തന്നെ താത്‌പര്യ പ്രകാരമാണ് താരത്തെ ഒഴിവാക്കിയെന്ന വെളിപ്പെടുത്തലും വരുന്നത്.

ബംഗ്ലദേശിനെതിരായ ആദ്യ ഏകദിനത്തിൽ ബംഗ്ലദേശ് നായകൻ ലിറ്റൻ ദാസ് ടോസ് നേടിയതിനു പിന്നാലെയാണ് ഇന്ത്യൻ താരങ്ങൾ പോലും ഋഷഭ് പന്ത് ടീമിൽ ഇല്ലെന്നു അറിയുന്നത്. താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയതായും ടെസ്റ്റിൽ തിരിച്ചെത്തുമെന്നും ബിസിസിഐ പത്രക്കുറിപ്പിൽ പിന്നാലെ വിശദീകരിച്ചു. പന്തിനെ പകരക്കാരനെ പ്രഖ്യാപിക്കില്ലെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. റിസർവ് വിക്കറ്റ് കീപ്പറായ ഇഷാൻ കിഷാനെ പരിഗണിക്കാതിരുന്ന ബിസിസിഐ, ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ.എൽ രാഹുലിനോട് വിക്കറ്റ് കാക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. മത്സരത്തിന്റെ 42.3 ഓവറിൽ  മെഹിദി ഹസൻ ഉയർത്തിയടിച്ച ഷോട്ട് രാഹുലിന്റെ ഗ്ലൗസിൽ തട്ടി തെറിച്ചതാണ് ഇന്ത്യ നിർണായക വിജയം കൈവിടാനുള്ള പ്രധാന കാരണം. 

എന്നാൽ ഗുരുതരമായി പരുക്കേറ്റതിനാൽ ബിസിസിഐ താരത്തെ ഒഴിവാക്കുകയായിരുന്നുവെന്നും പിന്നീട് പരുക്കിൽ നിന്ന് മോചിതനാകുമ്പോൾ യഥേഷ്ടം മടങ്ങാനാണ് പകരക്കാരനെ പ്രഖ്യാപിക്കാതിരുന്നതെന്നു സമൂഹമാധ്യമങ്ങളിൽ അടക്കം വിമർശനം ഉയർന്നിരുന്നു. ബംഗ്ലദേശിനെതിരായ  ഒന്നാം ഏകദിനത്തിനു തൊട്ടുമുൻ‌പ് ഡഗ്ഔട്ടിൽ വച്ച് മാത്രമാണ്  ഋഷഭ് പന്തിനെ ടീമിൽ നിന്ന് ഒഴിവാക്കിയതായി അറിഞ്ഞതെന്നും കെ‌.എൽ രാഹുൽ അടക്കമുള്ളവർ പ്രതികരിച്ചിരുന്നു. 

English Summary: Did BCCI Try To Hide Real Reason For‌ exit of Pant; Pant released on request

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com