ADVERTISEMENT

കൊച്ചി ∙ അകലെ നിന്നെങ്കിലും ഒന്നു കാണണം എന്നാഗ്രഹിച്ചിരുന്ന ക്രിക്കറ്റ് ദൈവത്തോടു സംസാരിക്കാനും ബാറ്റിങ്ങിലെ ഏതാണ്ട് എല്ലാ റെക്കോഡുകളും എത്തിപ്പിടിക്കുകയും ചെയ്ത ആ കൈകളില്‍ ഒന്നു സ്പര്‍ശിക്കുവാനും കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു ഡിനോയ് തോമസ്. തൊട്ടു പിന്നാലെയാണ്  മറ്റൊരു അദ്ഭുതവും കൂടി വന്നെത്തുന്നത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തന്നെ പരാമർശിച്ചു ട്വീറ്റ് ചെയ്തിരിക്കുന്നു. തികച്ചും അവിശ്വസനീയമായിരിക്കുന്നു തനിക്കതെന്ന് ഡിനോയ് പറയുന്നു.

ഞായറാഴ്ച സ്പൈസ് കോസ്റ്റ് മാരത്തൺ വേദിയിൽ വച്ചാണ് ഡിനോയ് സച്ചിൻ തെണ്ടുൽക്കറെ അടുത്തു പരിചയപ്പെടുന്നത്. മാരത്തണിനൊപ്പം നടന്ന അഞ്ചു കിലോമീറ്റര്‍ ഫണ്‍ റണ്ണില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ ഡിനോയ് പങ്കെടുക്കുന്നുണ്ട് എന്നറിഞ്ഞു സച്ചിനാണ് കാണണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചത്.

‘‘മനസ്സ് ഹൃദയത്തെ പിന്തുടരുമ്പോള്‍ സുന്ദരമായ കാര്യങ്ങള്‍ സംഭവിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പു ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ ഡിനോയ് തോമസ് ഇന്നു പൂര്‍ണ്ണ ആരോഗ്യവാനായി 5 കിലോമീറ്റര്‍ മാരത്തണ്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. അദ്ദേഹത്തെപ്പോലുള്ള വ്യക്തികളെ കാണുന്നതു വളരെയധികം പ്രചോദനം നല്‍കുന്നതാണ്. ഡിനോയിക്ക് എല്ലാ ആശംസകളും’’ ഇതായിരുന്നു സച്ചിന്റെ ട്വീറ്റ്.

ഒന്‍പതു വർഷം മുൻപാണ് ഡിനോയ് തോമസിന് എറണാകുളം ലിസി ആശുപത്രിയില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. തൃശൂര്‍ അയ്യന്തോള്‍ സ്വദേശി ലിബുവിന്റെ ഹൃദയമാണ് ഡിനോയിയില്‍ ഇപ്പോള്‍ മിടിക്കുന്നത്. ഡൈലേറ്റഡ് കാര്‍ഡിയോ മയോപതി എന്ന അസുഖം മൂലം നടക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ നിന്നു സ്വന്തമായി ജോലി ചെയ്തു കുടുംബം പുലര്‍ത്താൻ ഡിനോയ്ക്കു സാധിക്കുന്നുണ്ട്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം 2015 സെപ്റ്റംബറില്‍ കളമശേരി ടൊയോട്ടയില്‍ ഡ്രൈവര്‍ ആയി ജോലിക്കു കയറി. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഇന്നോവ, ഫോര്‍ച്ച്യൂണര്‍ എന്നിവ അടക്കമുള്ള വലിയ വാഹനങ്ങള്‍ തനിയെ ഓടിക്കും.

സാധാരണയായി വൈകിട്ട് 6 മണിക്ക് അവസാനിക്കുന്ന ജോലിക്കു ശേഷം സമയം കളയാതെ രാത്രി 11 വരെ ഡിനോയി എച്ച്എംറ്റി ജംഗ്ഷനില്‍ ഓട്ടോറിക്ഷ ഓടിക്കുന്നുണ്ട്. അവയവദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹാര്‍ട്ട്കെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഡിനോയ് തോമസിനൊപ്പം നിരവധി പേരെ പങ്കെടുപ്പിച്ചു മാരത്തോൺ സംഘടിപ്പിച്ചത്. അവയവ ദാനത്തിലൂടെ നമുക്കു പുതിയൊരു ജീവിതം സാധ്യമാണ് എന്ന് ആലേഖനം ചെയ്ത ടീഷര്‍ട്ട് ധരിച്ചാണ് അവര്‍ മാരത്തണില്‍ പങ്കെടുത്തത്.

English Summary: Sachin Tendulkar's tweet about Dinoy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com