ADVERTISEMENT

മിർപൂർ∙ ബംഗ്ലദേശിനെതിരായ രണ്ടാം ഏകദിനവും തോറ്റ് ഇന്ത്യ. അഞ്ച് റൺസിനാണ് രണ്ടാം മത്സരത്തിൽ ബംഗ്ലദേശിന്റെ വിജയം. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ബംഗ്ലദേശ് 2–0ന് സ്വന്തമാക്കി. ബംഗ്ലദേശ് ഉയർത്തിയ 272 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്കായി ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർ അര്‍ധ സെഞ്ചറി നേടി. അവസാന പന്തുവരെ ക്യാപ്റ്റൻ രോഹിത് ശർമ നിന്നടിച്ചെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. പരമ്പരയിലെ അവസാന മത്സരം പത്തിന് ചത്തോഗ്രമിൽ നടക്കും.

ഓപ്പണർമാരായ വിരാട് കോലിയും (ആറ് പന്തിൽ അഞ്ച്), ശിഖർ ധവാനും (പത്ത് പന്തിൽ എട്ട്) തുടക്കത്തിൽ തന്നെ പുറത്തായത് മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്കു തിരിച്ചടിയായി. ശ്രേയസ് അയ്യരുടെ രക്ഷാപ്രവർത്തനം ആദ്യ ഓവറുകളിൽ ഇന്ത്യൻ സ്കോർ ഉയര്‍ത്തി. 102 പന്തുകളിൽ 82 റൺസാണ് അയ്യർ നേടിയത്. മെഹ്ദി ഹസന്റെ പന്തില്‍ അഫിഫ് ഹുസൈന്‍ ക്യാച്ചെടുത്താണു താരത്തെ പുറത്താക്കിയത്. വാഷിങ്ടൻ സുന്ദറിനും (19 പന്തിൽ 11), കെ.എൽ. രാഹുലിനും (28 പന്തിൽ 14) തിളങ്ങാനായില്ല. 56 പന്തിൽ 56 റൺസെടുത്ത ഓൾ റൗണ്ടർ അക്സർ പട്ടേലിനെ എബദത്ത് ഹുസൈന്റെ പന്തിൽ ഷാക്കിബ് അൽ ഹസൻ ക്യാച്ചെടുത്തു മടക്കി. 

mehidy-hasan
മെഹ്‌ദി ഹസ്സൻ, മഹമ്മദുല്ല (Photo by Munir uz ZAMAN / AFP)

വാലറ്റത്ത് ബാറ്റു ചെയ്യാനെത്തിയ ക്യാപ്റ്റൻ രോഹിത് ശർമ ഇന്ത്യയെ വിജയത്തിന് അടുത്തുവരെയെത്തിച്ചു. അവസാന രണ്ടു പന്തുകളിൽ ഇന്ത്യയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത് 12 റൺസായിരുന്നു. മുസ്തഫിസുർ റഹ്മാൻ എറിഞ്ഞ അഞ്ചാം പന്ത് രോഹിത് സിക്സടിച്ചെങ്കിലും ആറാം പന്തിലെ യോർക്കർ ഗാലറിയിലെത്തിക്കാൻ രോഹിത്തിനു സാധിച്ചില്ല. ഫലം ഇന്ത്യയ്ക്ക് അഞ്ചു റൺസിന്റെ തോൽ‌വി. 28 പന്തുകൾ നേരിട്ട രോഹിത് ശർമ 51 റൺസെടുത്തു. ഷാർദൂൽ താക്കൂർ (23 പന്തിൽ ഏഴ്), ദീപക് ചാഹർ (18 പന്തിൽ 11), മുഹമ്മദ് സിറാജ് 12 പന്തിൽ രണ്ട്) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ. ബംഗ്ലദേശിനായി എബദത്ത് ഹുസൈൻ മൂന്നും മെഹ്ദി ഹസൻ, ഷാക്കിബ് അൽ ഹസൻ‌ എന്നിവർ രണ്ടു വിക്കറ്റു വീതവും വീഴ്ത്തി. മുസ്തഫിസുർ, മഹ്മൂദുല്ല എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്.

മെഹ്ദി ഹസന് സെഞ്ചറി, മഹമൂദുല്ലയ്ക്ക് അർധ സെഞ്ചറി; ബംഗ്ലദേശ് 271

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലദേശ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷട്ത്തിൽ 271 റൺസെടുത്തു. കഴിഞ്ഞ മത്സരത്തിലെ ഹീറോ മെഹ്‌ദി ഹസ്സൻ (83 പന്തിൽ 100) മഹമൂദുല്ല (96 പന്തിൽ 77) യുമായി ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് തകർച്ചയുടെ പടുകുഴിയിൽ നിന്ന് ബംഗ്ലദേശിനെ കരകയറ്റിയത്. മെഹ്‌ദി ഹസ്സന്റെ കന്നിസെഞ്ചറിയാണിത്.

hassan-bangladesh
മെഹ്‌ദി ഹസ്സൻ: ചിത്രംfacebook.com/OfficialMehidyMiraz

മികച്ച ബാറ്റിങ് വിക്കറ്റായതിനാൽ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചതെന്നായിരുന്നു ടോസിനു ശേഷം ബംഗ്ലദേശ് നായകൻ ലിറ്റൻ ദാസിന്റെ പ്രതികരണം. എന്നാൽ ബംഗ്ലദേശ് നായകന്റെ കണക്കുകൂട്ടൽ തെറ്റിച്ച് മുഹമ്മദ് സിറാജും വാഷിങ്ടൻ സുന്ദറും ബോൾ എറിഞ്ഞതോടെ ബംഗ്ലദേശ് മുൻനിര തകർന്നു. സ്കോർബോർഡിൽ 66 റൺസ് മാത്രം കൂട്ടിചേർക്കുമ്പോഴേക്കും വിലപ്പെട്ട മൂന്ന് മുൻനിര വിക്കറ്റുകൾ ബംഗ്ലദേശിന് നഷ്ടമായി. ഓപ്പണിങ് ബാറ്റർ അനമുൽ ഹഖിനെ(9 പന്തിൽ 11) എൽബിയിൽ കുരുക്കി മുഹമ്മദ് സിറാജാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ നായകൻ ലിറ്റൻ ദാസും (23 പന്തിൽ 7) സിറാജിനു മുന്നിൽ വീണു. നജ്മുൽ ഹുസൈൻ ഷാന്റോ ( 35 പന്തിൽ 21) ചെറുത്തുനിന്നുവെങ്കിലും ഉമ്രാൻ മാലിക്കിനു മുന്നിൽ വീണു.

siraj

അപകടകാരിയായ ഷാക്കിബ് അൽ ഹസനെ (20 പന്തിൽ നിന്ന് 8) ശിഖർ ധവാന്റെ കൈകളിൽ എത്തിച്ച് വാഷിങ്ടൻ സുന്ദർ ബംഗ്ലദേശിനെ പ്രതിരോധത്തിലേക്കു തള്ളിവിട്ടു. മുഷ്ഫിഖുർ റഹീമിനെ (24 പന്തിൽ നിന്ന് 12) ധവാന്റെ കൈകളിൽ എത്തിച്ച് വീണ്ടും വാഷിങ്ടൻ സുന്ദർ ഇന്ത്യയ്ക്ക് ബ്രേക്ക് നൽകി. അഫീഫ് ഹുസൈനും( 0) സുന്ദറിനു മുൻപിൽ വീണതോടെ ബംഗ്ലദേശ് തകർന്നു. പിന്നീട് ക്രീസിൽ എത്തിയ മെഹ്‌ദി ഹസ്സൻ, മഹമ്മദുല്ല സഖ്യം മേൽക്കൈ നേടുന്നതാണ് പിന്നീട് കണ്ടത്. മെഹ്‌ദി ഹസ്സനും മഹമ്മദുല്ലയും നിലയുറപ്പിച്ചതോടെ ഇന്ത്യൻ ബോളർമാർക്ക് മത്സരത്തിൽ മുൻതൂക്കം നേടാൻ കഴിഞ്ഞില്ല. 69/6 എന്ന നിലയിൽ നിന്ന് 217/7 എന്ന നിലയിലേക്ക് ഈ കൂട്ട്‌കെട്ട് ബംഗ്ലദേശിനെ നയിച്ചു. 46.1 ഓവറിൽ ഉമ്രാൻ മാലിക്കാണ് മഹമ്മദുല്ലയെ വീഴ്ത്തി ഇന്ത്യയെ മത്സരത്തിൽ തിരികെയെത്തിച്ചത്. പിന്നാലെയെത്തിയ നസൂം അഹമ്മദ് ( 11 പന്തിൽ നിന്ന് 18) മികച്ച പിന്തുണ നൽകിയതോടെ മെഹ്‍ദി ഹസ്സൻ ബംഗ്ലദേശിനെ 260 കടത്തി. വാഷിങ്ടൻ സുന്ദർ പത്ത് ഓവറിൽ 37 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് സിറാജ് പത്ത് ഓവറിൽ 73 റൺസ് വഴങ്ങി 2 വിക്കറ്റ് എടുത്തു. ഉമ്രാൻ മാലിക് പത്ത് ഓവറിൽ 58 റൺസ് വിട്ടുനൽകി രണ്ട് വിക്കറ്റെടുത്തു.

English Summary: IND VS BAN, 2nd ODI Updates: Big guns face heat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com