ADVERTISEMENT

കൊച്ചി∙ ഐപിഎൽ താരലേലത്തിൽ ഏറ്റവും ഉയർന്ന തുക നേടി ചരിത്രം കുറിച്ച് ഇംഗ്ലണ്ട് താരം സാം കറന്‍. ഓൾ റൗണ്ടർ കറനെ 18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്. ഓസ്ട്രേലിയൻ ബാറ്റർ കാമറൂൺ ഗ്രീനിനെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത് 17.50 കോടി രൂപ മുടക്കിയാണ്.

ഇംഗ്ലണ്ട് താരം യുവതാരം ഹാരി ബ്രൂക്ക് 13 കോടി 25 ലക്ഷം രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദിലെത്തി. 1.50 കോടി രൂപ അടിസ്ഥാന വിലയുള്ള ബ്രൂക്കിനെ രാജസ്ഥാൻ റോയൽ‌സ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമുകളുമായി ശക്തമായ മത്സരം നടത്തിയാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. 23 വയസ്സുകാരനായ യുവതാരം ഇംഗ്ലണ്ടിനായി 20 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഒരു അർധ സെഞ്ചറിയടക്കം 372 റൺസ് നേടിയിട്ടുണ്ട്. ടെസ്റ്റിൽ നാലു കളികളിൽനിന്ന് മൂന്ന് സെഞ്ചറിയുൾപ്പെടെ സ്വന്തമാക്കിയത് 480 റൺസ്.

ബെൻ സ്റ്റോക്സ് 16.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സിലെത്തി. ലക്നൗ സൂപ്പർ ജയന്റ്സുമായുള്ള പോരാട്ടത്തിനൊടുവിലാണ് സ്റ്റോക്സിനെ ചെന്നൈ സ്വന്തമാക്കിയത്. വെസ്റ്റിൻഡീസിന്റെ നിക്കോളാസ് പുരാൻ 16 കോടിക്ക് ലക്നൗ സൂപ്പർ ജയന്റ്സിലെത്തി. ദക്ഷിണാഫ്രിക്കയുടെ ഹെൻറിച് ക്ലാസൻ 5.25 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദില്‍ കളിക്കും. ഇന്ത്യൻ താരങ്ങളിൽ ഉയർന്ന തുക നേടിയത് മയാങ്ക് അഗർവാളാണ്. 8.25 കോടിയാണ് മയാങ്കിനായി സൺറൈസേഴ്സ് മുടക്കിയത്.

5.75 കോടി മുടക്കി വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ജേസൺ ഹോൾ‍ഡറെ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു. ഓസീസ് സ്പിന്നർ ആദം സാംപയെയും (1.50 കോടി) ഇംഗ്ലിഷ് ബാറ്റർ ജോ റൂട്ടിനെയും (1 കോടി) രാജസ്ഥാൻ സ്വന്തമാക്കി. ക്യാപ്റ്റൻ സഞ്ജു സാംസണൊപ്പം കെ.എം. ആസിഫ്, പി.എ. അബ്ദുൽ എന്നീ മലയാളികളും രാജസ്ഥാനു വേണ്ടി കളിക്കും. ദക്ഷിണാഫ്രിക്കൻ താരം റിലീ റൂസോയെ 4.60 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു. ന്യൂസീലൻഡ് താരം കെയ്ൻ വില്യംസണെ രണ്ട് കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. മലയാളി താരം വിഷ്ണു വിനോദ് അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിനൊപ്പം കളിക്കും.

English Summary: IPL Mini Auction, Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com