ADVERTISEMENT

ഓസ്ട്രേലിയയിൽ നടന്ന ഐസിസി ട്വന്റി20 ലോകകപ്പിൽ ജേതാക്കളായതിനു ഇംഗ്ലണ്ട് താരങ്ങൾക്കു കിട്ടിയ സമ്മാനത്തുക 13 കോടിയോളം രൂപ ആയിരുന്നു. ഒരു മാസം മുൻപു രണ്ടാം ലോകകിരീടത്തിലേക്കു നടന്നുകയറിയ ഇംഗ്ലിഷ് താരങ്ങളുടെ പ്രകടനത്തിനു ക്രിസ്മസ് വാരത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗും ഒരു സമ്മാനം നൽകി. ലോകകപ്പിലെ താരമായ സാം കറന് 18.5 കോടി രൂപ. കലാശപ്പോരാട്ടത്തിൽ ഉജ്വല അർധശതകം കുറിച്ച ബെൻ സ്റ്റോക്സിന് 16.25 കോടി രൂപ. ഇംഗ്ലിഷ് മധ്യനിരയിലെ ഊർജപ്രസരമായിരുന്ന ഹാരി ബ്രൂക്കിന് 13.25 കോടി രൂപ. കൊച്ചി വേദിയായ ഐപിഎലിന്റെ മിനി ലേലത്തിൽ 10 ടീമുകൾ ചേർന്നൊഴുക്കിയ 167 കോടിയിൽ 62 കോടിയിലേറെയും തടഞ്ഞതു ഇംഗ്ലിഷ് ക്രിക്കറ്റർമാർ വീശിയ വലകളിലാണ്. ഐസിസി ട്വന്റി20 ലോകകപ്പ് മുതൽ ഇന്ത്യയിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്രോഫി വരെയുള്ള ടൂർണമെന്റുകളുടെ ചുവരെഴുത്തുകൾ നോക്കി താരവാങ്ങലിനെത്തിയ ടീമുകൾ ആഗോളമാന്ദ്യത്തിന്റെ പേരിൽപ്പോലും ഒരു മടിയും കാട്ടാതെയാണു പ്രതിഭാസമ്പത്തിനു വിലയിട്ടത്. ട്വന്റി20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിൽ ആദ്യം ഇടംനേടനാവാതെ പോയ താരമാണ് കാമറൺ ഗ്രീൻ. പക്ഷേ, ഓസീസ് ഓൾറൗണ്ടറെ ഐപിഎൽ സ്വീകരിച്ചതു ലോകകപ്പ് വിജയിച്ച താരങ്ങളുടെ കൂട്ടത്തിൽചേർത്താണ് – 17. 5 കോടി ! ഈ സീസണിലെ വിജയ് ഹസാരെ ട്രോഫിയിൽ ജമ്മു കശ്മീരിനു വേണ്ടി തകർത്തു കളിച്ചു ശ്രദ്ധ നേടിയ താരമാണ് വിവ്‌രാന്ത് ശർമ. 2.6 കോടി രൂപയുടെ ‘പ്രോത്സാഹനം’ നീട്ടിയാണ് ഐപിഎൽ ശർമയെ വരവേറ്റത്. കേക്കിനു മുകളിലെ ഐസിങ് എന്ന മട്ടിലെത്തിയ ‘ചെറ്യോരു’ ലേലത്തിലാണ് ഈ കോടികളുടെ കിലുക്കം. പ്ലേയിങ് ഇലവന്റെ മുഖഛായ മാറ്റുന്ന വാങ്ങലുകളുമായി 10 ടീമുകളും കളം നിറഞ്ഞതോടെയാണു കൊച്ചിയിലെ ലേലം ചരിത്രം കുറിക്കുന്ന ഒന്നായി മാറിയത് . താരങ്ങൾക്കു പൊന്നുംവിലയിട്ട ലേലാനന്തരം പ്രവചിക്കാൻ പറ്റാത്തതായി ഒന്നേയുള്ളൂ –ഇതിലേതു ടീം നേടും ഇത്തവണ ഐപിഎൽ കിരീടം?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com