ADVERTISEMENT

ചെന്നൈ ∙ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കു പരിഗണിക്കാത്തതിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെതിരെ (ബിസിസിഐ) വിമർശനവുമായി ഇന്ത്യൻ താരം മുരളി വിജയ്. ഇനിയും സജീവ ക്രിക്കറ്റിൽ തുടരണമെന്ന് ആഗ്രഹമുണ്ടെങ്കിലും ബിസിസിഐ അവസരം നൽകുന്നില്ലെന്നാണ് മുരളി വിജയിന്റെ പരാതി. ബിസിസിഐയുമായുള്ള ഇടപാട് മടുത്തെന്നും, വിദേശത്തുനിന്ന് കൂടുതൽ അവസരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും മുപ്പത്തെട്ടുകാരനായ മുരളി വിജയ് പറഞ്ഞു. ഇന്ത്യയിൽ 30 വയസ് പിന്നിട്ട ക്രിക്കറ്റ് താരങ്ങളെ 80 വയസ് കഴിഞ്ഞ വൃദ്ധരേപ്പോലെയാണ് ആളുകൾ കാണുന്നതെന്നും മുരളി വിജയ് തുറന്നടിച്ചു.

‘ബിസിസിഐയുമായുള്ള ഇടപാടുകൾ മടുത്തു. ഇനി വിദേശത്തുനിന്ന് നല്ല അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഇനിയും കുറച്ചുകാലം കൂടി സജീവ ക്രിക്കറ്റിൽ തുടരണമെന്നാണ് ആഗ്രഹം’ – ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മുരളി വിജയ് പറഞ്ഞു.

‘ഇന്ത്യൻ ക്രിക്കറ്റിൽ 30 വയസ് പിന്നിടുന്ന താരങ്ങളെ തെരുവിലൂടെ നടക്കുന്ന 80 പിന്നിട്ട വൃദ്ധരേപ്പോലെയാണ് ആളുകൾ കാണുന്നത്. ഇത് ഇവിടുത്തെ ഒരു ശൈലിയായിട്ടുണ്ട്. ഇക്കാര്യത്തിൽ മാധ്യമങ്ങളും കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ടെന്നാണ് എന്റെ അഭിപ്രായം. മുപ്പത് വയസ്സിലെത്തുമ്പോൾത്തന്നെ താരങ്ങൾ കരിയറിന്റെ ഔന്നത്യത്തിലാണെന്ന ധാരണ മാധ്യമങ്ങൾ സൃഷ്ടിക്കുന്നുണ്ട്’’ – മുരളി പറഞ്ഞു.

‘‘എനിക്കു സാധ്യമാകുന്ന ഏറ്റവും മികച്ച രീതിയിൽത്തന്നെ ഇപ്പോഴും ബാറ്റു ചെയ്യാൻ കഴിയുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. നിർഭാഗ്യവശാൽ അവസരങ്ങൾ വളരെ കുറവാണ്. അവസരങ്ങൾക്കായി വിദേശത്തേക്കു പോകേണ്ട സാഹചര്യമാണ്. നമ്മളെക്കൊണ്ട് സാധിക്കുന്ന കാര്യങ്ങളല്ലേ നമുക്കു ചെയ്യാനാകൂ. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളിൽ എന്തു ചെയ്യാൻ?’’ – മുരളി വിജയ് പറഞ്ഞു.

മുപ്പത്തെട്ടുകാരനായ മുരളി വിജയ് 2018 ഡിസംബറിലാണ് ഏറ്റവും ഒടുവിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞത്. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ െപർത്തിലായിരുന്നു അവസാന ടെസ്റ്റ്. കരിയറിലാകെ ഇന്ത്യയ്ക്കായി 61 ടെസ്റ്റുകൾ കളിച്ചിട്ടുള്ള മുരളി വിജയ്, 38.29 ശരാശരിയിൽ 3982 റൺസ് നേടി. ഇതിൽ 12 സെഞ്ചറികളും 15 അർധസെഞ്ചറികളുമുണ്ട്. 17 ഏകദിനങ്ങളിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ മുരളി വിജയ്, 339 റൺസ് നേടിയിട്ടുണ്ട്. ഒൻപത് ട്വന്റി20 മത്സരങ്ങളിൽനിന്ന് 18.77 ശരാശരിയിൽ 169 റൺസും നേടി. 48 റൺസാണ് ഉയർന്ന സ്കോർ.

ടെസ്റ്റിലും ഏകദിനത്തിലും മുരളി വിജയ് ഓരോ വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് കരിയറിൽ 135 മത്സരങ്ങളിൽനിന്ന് 41.84 ശരാശരിയിൽ 9205 റൺസാണ് വിജയിന്റെ സമ്പാദ്യം. ഇതിൽ 25 സെഞ്ചറികളും 38 അർധസെഞ്ചറികളുമുണ്ട്. 266 റൺസാണ് ഉയർന്ന സ്കോർ. 

English Summary: ‘I am almost done with BCCI….I think people see us as 80-year-olds walking on street’: Murali Vijay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com