കോലിയെ ‘സ്നേഹിച്ച്’ കാര്യവട്ടം; വീണത് ഒരുപിടി റെക്കോർഡുകൾ, ‘വീണവരിൽ’ സച്ചിനും

virat-kohli-8
വിരാട് കോലി (Photo: Twitter@BCCI)
SHARE

ഒരുപിടി റെക്കോർഡുകളുടെ അകമ്പടിയോടെയാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ‌ ഇന്ത്യ – ശ്രീലങ്ക ഏകദിന മത്സരം അവസാനിച്ചത്. വിരാട് കോലിയുടെ സെഞ്ചറി പ്രകടനം തന്നെയാണ് അതിൽ എടുത്തു പറയേണ്ടത്. ശ്രീലങ്കയ്ക്കെതിരായ സെഞ്ചറിയോടെ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ ഒരുപിടി റെക്കോർഡുകൾ കോലി സ്വന്തമാക്കി. ഒരേ ടീമിനെതിരെ ഏറ്റവുമധികം സെഞ്ചറികളുടെ റെക്കോ‍ർഡ് സച്ചിനെ മറികടന്നു കോലിയുടെ പേരിലായി. ശ്രീലങ്കയ്ക്കെതിരെ 10 ഏകദിന സെഞ്ചറികൾ നേടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ക്രിക്കറ്ററായ കോലി, ഓസ്ട്രേലിയയ്ക്കെതിരെ 9 സെഞ്ചറികൾ നേടിയ സച്ചിന്റെ റെക്കോർഡാണ് മറികടന്നത്.

കോലിയുടെ ആദ്യ രാജ്യന്തര ഏകദിന സെഞ്ചറിയും ശ്രീലങ്കയ്ക്കെതിരെയായിരുന്നു. 2009 ഡിസംബർ 24 ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 107 റൺസാണ് കോലി നേടിയത്. ഒരേ ടീമിനെതിരെ കൂടുതൽ സെഞ്ചറികൾ എന്ന നേട്ടത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഇന്ത്യൻ താരങ്ങളാണെന്നതും ശ്രദ്ധേയമാണ്. ഓസ്ട്രേലിയയ്ക്കെതിരെ 8 സെഞ്ചറികൾ നേടിയിട്ടുള്ള രോഹിത് ശർമയാണ് കോലിക്കും സച്ചിനും പിന്നിൽ മൂന്നാമത്. വെസ്റ്റിൻഡീസിനെതിരെ 9 സെഞ്ചറികളും ഓസ്ട്രേലിയയ്ക്കെതിരെ 8 സെഞ്ചറികളും കോലി നേടിയിട്ടുണ്ട്.

സ്വന്തം രാജ്യത്ത് ഏറ്റവുമധികം ഏകദിന സെഞ്ചറികൾ നേടിയ ക്രിക്കറ്റർ എന്ന റെക്കോർഡും സച്ചിനെ മറികടന്ന് കോലി സ്വന്തമാക്കി. ശ്രീലങ്കയ്ക്കെതിരെ സെഞ്ചറിയോടെ ഇന്ത്യയിൽ 21 സെഞ്ചറികളാണ് കോലിയുടെ പേരിലുള്ളത്. ഇന്ത്യയിൽ 20 ഏകദിന സെഞ്ചറികളാണ് സച്ചിൻ നേടിയിട്ടുള്ളത്. 101 ഇന്നിങ്സുകളിൽ നിന്ന് കോലി ഈ നേട്ടം കൈവരിച്ചപ്പോൾ 160 ഇന്നിങ്സുകളിലാണ് സച്ചിൻ 20 സെഞ്ചറികൾ നേടിയത്. 14 സെഞ്ചറികളുമായി ഹാഷിം ആംലയാണ് മൂന്നാമത്.

ശ്രീലങ്കയ്ക്കെതിരായ സെഞ്ചറിയോടെ ഏകദിന ക്രിക്കറ്റിൽ 46 സെഞ്ചറികൾ തികച്ച കോലി, സച്ചിന്റെ ഏകദിന സെഞ്ചറി റെക്കോർഡിന് 3 സെഞ്ചറികൾ‌ മാത്രം അകലെയാണ്. സച്ചിൻ 49 ഏകദിന സെഞ്ചറികളാണ് നേടിയിട്ടുള്ളത്. ഇതോടെ 46 ഏകദിന സെഞ്ചറികളും 27 ടെസ്റ്റു സെഞ്ചറികളും ഒരു ടി20 സെഞ്ചറിയുമുൾ‌പ്പെടെ ഏല്ലാ ഫോർമാറ്റുകളിലുമായി 74 സെഞ്ചറികൾ കോലി നേടിയിട്ടുണ്ട്. 49 ഏകദിന സെഞ്ചറികളും 51 ടെസ്റ്റു സെഞ്ചറികളുമുൾപ്പെടെ 100 സെഞ്ചറികളാണ് സച്ചിന്റെ പേരിലുള്ളത്. കഴിഞ്ഞ നാല് ഏകദിനങ്ങളിൽ കോലിയുടെ മൂന്നാം സെ​ഞ്ചറിയാണിത്. 2022 ഡിസംബർ 10ന് ബംഗ്ലാദേശിനെതിരെ മൂന്നാം ഏകദിനത്തിൽ നേടിയ 113 റൺസും ജനുവരി 10ന് ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ നേടിയ 113 റൺസുമാണ് മറ്റു സെഞ്ചറികൾ.

കോലിയുടെ അഞ്ചാം 150 റൺസ് നേട്ടമാണ് ശ്രീലങ്കയ്ക്കെതിരെ നേടിയത്. 2012 ൽ പാക്കിസ്ഥാനെതിരെ 183 റൺസ്, 2016 ൽ ന്യൂസിലൻഡിനെതിരെ പുറത്താകാതെ 154 റൺസ്, 2018ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പുറത്താകാതെ 160 റൺസ്, 2018ൽ വെസ്റ്റിൻഡീസിനെതിരെ പുറത്താകാതെ 157 റൺസ് എന്നിവയാണ് മറ്റ് 150 റൺസ് നേട്ടങ്ങൾ. ഏറ്റവുമധികം ഏകദിന റൺസ് നേടിയ താരങ്ങളിൽ മഹേല ജയവർധനയെ (12650 റൺസ്) മറികടന്ന് കോലി 5 -ാം സ്ഥാനത്തെത്തി. 12754 റൺസാണ് കോലിയുടെ പേരിലുള്ളത്. സച്ചിന്‍ തെന്‍ഡുല്‍ക്കർ (18426 റൺസ്), കുമാർ സംഗക്കാര (14234 റൺസ്), റിക്കി പോണ്ടിങ് (13704 റൺസ്), സനത് ജയസൂര്യ (13430 റൺസ്) എന്നിവരാണ് കോലിക്കു മുന്നിലുള്ളത്. ഇവരിൽ കോലി മാത്രമാണ് നിലവിൽ സജീവക്രിക്കറ്റിലുള്ളത്.

കേരളത്തിൽ ഇതുവരെ നടന്ന ഏകദിന മത്സരങ്ങളിൽ ഏതൊരു താരവും നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് കോലി പുറത്താകാതെ നേടിയ 166 റൺസ്. 2014 ഒക്ടോബർ 8ന് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്കെതിരെ വെസ്റ്റിൻഡീസ് ബാറ്റർ മർലോൺ സാമുവൽസ് പുറത്താകാതെ നേടിയ 126 റൺസിന്റെ റെക്കോർഡാണ് കോലി മറികടന്നത്. 116 പന്തുകൾ നേരിട്ടാണ് സാമുവൽസ് 126 റൺസ് നേടിയതെങ്കിൽ കേവലം 110 പന്തുകളിൽ നിന്നാണ് കോലി 166 റൺസെടുത്തത്. കലൂർ സ്റ്റേഡിയത്തിൽ പാക്കിസ്ഥാനെതിരെ 2005 ഏപ്രിൽ രണ്ടിന് വിരേന്ദർ സേവാഗ് 95 പന്തിൽ നേടിയ 108 റൺസായിരുന്നു കേരളത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഇതുവരെയുള്ള ഉയർന്ന സ്കോർ. കാര്യവട്ടത്ത് 97 പന്തിൽ 116 റൺസ് നേടിയ ശുഭ്മൻ ഗില്ലും സേവാഗിന്റെ നേട്ടം മറികടന്നു.

ഇത് രണ്ടാം തവണയാണ് കേരളത്തിൽ നടന്ന ഏകദിനങ്ങളിൽ ഒരേ മത്സരത്തിൽ രണ്ടു ഇന്ത്യൻ താരങ്ങൾ സെഞ്ചറി നേടുന്നത്. ശ്രീലങ്കയ്ക്കെതിരെ കോലിയും (പുറത്താകാതെ 166 റൺസ്), ശുഭ്മൻ ഗില്ലു(116 റൺസ്)മാണ് സെഞ്ചറി നേടിയതെങ്കിൽ 2005 ഏപ്രിൽ രണ്ടിന് കൊച്ചിയിൽ പാക്കിസ്ഥാനെതിരെ വിരേന്ദർ സേവാഗും (108 റൺസ്), രാഹുൽ ദ്രാവിഡു(104)മാണ് സെഞ്ചറി നേടിയത്. 2000 മാർച്ച് 9ന് കൊച്ചിയിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കൻ ഓപ്പണർമാരായ ഗാരി കിർസ്റ്റനും (115 റൺസ്) ഹെർഷേൽ ഗിബ്സും (111 റൺസ്) സെഞ്ചറി നേടിയിരുന്നു.

12 ഏകദിന മത്സരങ്ങൾക്കാണ് കേരളം വേദിയായിട്ടുള്ളത്. 10 ഏകദിനങ്ങൾക്ക് കൊച്ചി നെഹ്റു സ്റ്റേഡിയം വേദിയായപ്പോൾ രണ്ടു ഏകദിനങ്ങൾക്കാണ് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കൊച്ചിയിൽ 6 ഏകദിന മത്സരങ്ങളും തിരുവനന്തപുരത്ത് രണ്ടു ഏകദിനങ്ങളും ഇന്ത്യ ജയിച്ചു. ശ്രീലങ്കയെ വീഴ്ത്തി (317 റൺസ് ജയം) ഇന്ത്യ രാജ്യാന്തര ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ വിജയമെന്ന റെക്കോർഡ് സ്വന്തമാക്കുന്നതിനു കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷിയായി. കൃത്യം പത്തു വർഷങ്ങൾക്കു മുൻപ് 2013 ജനുവരി 15ന് കൊച്ചിയിൽ ഇംഗ്ലണ്ടിനെ 127 റൺ‌സിനു തോൽ‌പിച്ചതായിരുന്നു ഇതുവരെ കേരളത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ജയം.

English Summary: India vs Sri lanka 3rd one day international match January 15, 2023; Virat Kohli century at Thiruvananthapuram Karyavattom Greenfield International Stadium

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS