ADVERTISEMENT

തിരുവനന്തപുരം ∙ കാര്യവട്ടത്ത് കളി കാണാനെത്തിയവർ എത്ര ഭാഗ്യം ചെയ്തവർ; വിജയത്തിന്റെ ലോക റെക്കോർഡ് തൊട്ട ഇതുപോലൊരു മത്സരവും ബാറ്റിങ് ഉത്സവവും ഇനി ഈ മണ്ണിൽ കാണാനാകുമോ! കൊതിച്ചതിലും അപ്പുറമായിരുന്നു കോലിയും ഗില്ലും ചേർന്നൊരുക്കിയ ബാറ്റിങ് പൂരം. ഇരട്ടതായമ്പക പോലെ പലവിധ ഷോട്ടുകളിൽ ആടിത്തിമിർത്ത ഇരുവരുടെയും സെഞ്ചറികൾ ഇന്ത്യയ്ക്ക് സമ്മാനിച്ചത് 390 റൺസെന്ന പടുകൂറ്റൻ സ്കോർ. അതിനെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയമാക്കി മാറ്റി മുഹമ്മദ് സിറാജിന്റെ ഉജ്വല ബോളിങ്. 

ഓരോ നിമിഷവും ഇന്ത്യൻ ആരാധകർക്കായി മാത്രം സമർപ്പിക്കപ്പെട്ട സൂപ്പർ ത്രില്ലറിനു മുന്നിൽ ബാറ്റു കൊണ്ടും ബോളു കൊണ്ടും നിസ്സഹായരായിപ്പോയി ലങ്കയുടെ പുതുനിര. ടീം സ്കോർ മൂന്നക്കം കടത്താൻ പോലും കഴിയാതെ 22 ഓവറിൽ ദയനീയമായൊരു കീഴടങ്ങൽ. ഇന്ത്യയ്ക്കിത് മലയാള നാട്ടിലെ മറക്കാനാകാത്ത പുതു ചരിത്രം. നാട്ടിലേക്കു മടങ്ങുന്ന ലങ്കയ്ക്ക് ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ക്രിക്കറ്റ് ദുരന്തം. സ്കോർ: ഇന്ത്യ: 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 390, ശ്രീലങ്ക 22 ഓവറിൽ 73നു പുറത്ത്.  

പുല്ലുണക്കി വെടിപ്പാക്കിയ ഫ്ലാറ്റ് പിച്ചിൽ നട്ടുച്ച നേരത്ത് കളി തുടങ്ങുമ്പോൾ ടോസ് നേടുന്നവർ ബാറ്റ് ചെയ്യുമെന്ന് ഉറപ്പായിരുന്നു. ആ ഭാഗ്യം ഇന്ത്യയ്ക്കായപ്പോൾ തന്നെ മത്സരവിധി ഏറെക്കുറെ കുറിക്കപ്പെട്ടു. ആദ്യ നാല് ഓവറുകൾ രോഹിത് ശർമയും ഗില്ലും ചേർന്നു ക്ഷമയോടെ പഠിച്ചു. സ്കോർ ബോർഡിൽ 11 റൺസ് മാത്രം. പിന്നെ മെരുക്കിയുള്ള പെരുക്കത്തിനു തുടക്കം. നായകനൊപ്പമുള്ള ഓപ്പണർ സ്ഥാനം ഉറപ്പിക്കുന്നതായിരുന്നു ഗില്ലിന്റെ താളമുള്ള ഇന്നിങ്സ്. എട്ടാം ഓവറിൽ ടീം സ്കോർ 50 കടന്നു. 

16–ാം ഓവറിൽ കരുണരത്നെയുടെ ബോളിൽ അലസമായൊരു പുൾ ഷോട്ടിനു ശ്രമിച്ച രോഹിത് (42) സ്ക്വയർ ലെഗിൽ ഫെർണാണ്ടോയുടെ കൈകളിൽ ഒതുങ്ങി. 49 ബോളിൽ 2 ഫോറും 4 സിക്സറുകളും അടങ്ങുന്ന ഇന്നിങ്സ്. അവിടെ അവസാനിച്ചു മത്സരത്തിലെ ലങ്കൻ ആഘോഷം. 

പേടിക്കാൻ ഒന്നുമില്ലാത്ത പിച്ചിൽ പിന്നെ കോലിയും ഗില്ലും ചേർന്നുള്ള പകർന്നാട്ടമായിരുന്നു. അർധ സെഞ്ചറി കടന്നതോടെ ഗില്ലിന്റെ സ്കോറിങ് വേഗവും കൂടി. . 31–ാം ഓവറിൽ ഇന്ത്യ 200 തൊട്ടതിനൊപ്പം ഗിൽ തന്റെ കരിയറിലെ രണ്ടാം സെഞ്ചറിയും കോലി അർധ സെഞ്ചറിയും തികച്ചു. അവിടെ നിന്നു ട്വന്റി20 വേഗത്തിലായി ഇന്ത്യൻ സ്കോറിങ്. 

34–ാം ഓവറിൽ രജിതയുടെ ഒരു ലോ ബൗൺസ് ബോളിൽ ഗില്ലിന്റെ കണക്കുകൂട്ടൽ തെറ്റി; ക്ലീൻ ബോൾഡ്. 97 ബോളിൽ പിറന്ന 116 റൺസിന് അലങ്കാരമായി 14 ഫോറും രണ്ട് സിക്സറും. പിന്നെ കണ്ടത് കോലിയുടെ വൺമാൻ ഷോ.  43–ാം ഓവറിൽ കരുണരത്നയ്ക്കെതിരെ സിംഗിളുമായി സെഞ്ചറി പൂർത്തിയാക്കിയപ്പോൾ കോലി ആഘോഷത്തിന്റെ ചിറകു വിരിച്ച് ഗാലറിയെ അഭിവാദ്യം ചെയ്തു. 

43–ാം ഓവറിൽ 300 കടന്ന ഇന്ത്യ അടുത്ത 7 ഓവറുകളിൽ നിന്നാണ് 90 റൺസ് അടിച്ചെടുത്തത്. ഇതിനിടെ വന്ന ശ്രേയസ് അയ്യരും (38), കെ.എൽ.രാഹുലും (7), സൂര്യകുമാർ യാദവും (4) കോലിയുടെ കളി കണ്ടാസ്വദിച്ചു. 110 ബോളിൽ 13 ഫോറും 8 സിക്സറുകളുമാണ് കോലിയുടെ ബാറ്റിൽ നിന്നു പറന്നത്.

മഞ്ഞു വീണു കുതിർന്ന പിച്ചിൽ ലങ്കൻ ബാറ്റിങ് ചെറുത്തുനിൽപ് എത്രത്തോളം നീളും എന്നതു മാത്രമായിരുന്നു ചോദ്യം. പവർപ്ലേയിൽ ഉഗ്രപ്രഹര ശേഷിയുള്ള സിറാജിന്റെ ബോളുകൾക്കു മുന്നിൽ ലങ്കക്കാർ ആദ്യമേ വട്ടം കറങ്ങി. 10 ഓവറും തുടർച്ചയായി എറിഞ്ഞ സിറാജ് 4 വിക്കറ്റ് വീഴ്ത്തിയതോടെ മറ്റുള്ളവർക്ക് കാര്യങ്ങൾ എളുപ്പമായി. 

ഫീൽഡിങ്ങിനിടെ കൂട്ടിയിടിച്ചു പരുക്കേറ്റ ലങ്കൻ താരങ്ങളായ അഷൻ ബന്ദാര, ജെഫ്രി വാൻഡർസെ എന്നിവർ ബാറ്റിങ്ങിനിറങ്ങിയില്ല. വാൻഡർസെയുടെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി എത്തിയ ദുനിത് വെല്ലലെഗെയ്ക്ക് 3 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.

വിരാട് കോലി 166 *(110)

ലെഗ് സൈഡ്: 117 റൺസ്

ഓഫ് സൈഡ്: 49 റൺസ്

സ്ട്രൈക്ക് റേറ്റ്: 150.9

സിക്സ്: 8

ഫോർ: 13

ഡബിൾ: 6

വിരാട് കോലി (Photo: Twitter@BCCI)
വിരാട് കോലി (Photo: Twitter@BCCI)

സിംഗിൾ: 54

ഇന്ത്യൻ ഇന്നിങ്സിലെ ബൗണ്ടറികൾ‌

6

സിക്സർ

കോലി: 8 

ഗിൽ: 2

മറ്റുള്ളവർ: 4

4 ഫോർ

കോലി: 13

ഗിൽ: 14

മറ്റുള്ളവർ: 5

ശുഭ്മൻ ഗിൽ 116 (97)

ലെഗ് സൈഡ്: 65 റൺസ്

ഓഫ് സൈഡ്: 51 റൺസ്

സ്ട്രൈക്ക് റേറ്റ്: 119.58

സിക്സ്: 2

ഫോർ: 14

ഡബിൾ: 3

സിംഗിൾ: 42

സെഞ്ചറി നേടിയ ശുഭ്മൻ ഗില്ലിന്റെ ആഹ്ലാദം. Photo: Twitter@OnlyCricket
സെഞ്ചറി നേടിയ ശുഭ്മൻ ഗില്ലിന്റെ ആഹ്ലാദം. Photo: Twitter@OnlyCricket

English Summary: Biggest win in ODI cricket ; India owns the series with a record win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com