ഇന്ത്യയുടെ ലോക റെക്കോർഡ് വിജയം കൊണ്ട് ചരിത്രമായ കാര്യവട്ടം ഏകദിനത്തിൽ ആരാധകർക്ക് എന്നെന്നും ഓർമയിൽ സൂക്ഷിക്കാൻ ഒരുപിടി സൂപ്പർ ഷോട്ടുകൾ കൂടി സമ്മാനിച്ചാണ് ഇന്ത്യൻ ബാറ്റർമാർ മടങ്ങിയത്. ബാറ്റിങ്ങിനെ തുണച്ച പിച്ചിൽ തങ്ങളുടെ ട്രേഡ് മാർക്ക് ഷോട്ടുകളെല്ലാം പരീക്ഷിക്കാൻ ഇന്ത്യൻ താരങ്ങൾക്കു സാധിച്ചു. അതിൽത്തന്നെ ഏറ്റവും ആസ്വദിച്ചു കളിച്ചത് സെഞ്ചറി നേടിയ വിരാട് കോലിയും ശുഭ്മാൻ ഗില്ലുമായിരിക്കും.
ഇടവേളയ്ക്കു ശേഷം ഫുൾ സ്വിങ്ങിൽ കളിക്കുന്ന കോലിയെയാണ് കാര്യവട്ടത്തു കണ്ടതെങ്കിൽ ക്ലാസ് മാത്രമല്ല മാസും തനിക്കു വഴങ്ങുമെന്നു തെളിയിക്കുന്ന ഇന്നിങ്സായിരുന്നു ഗില്ലിന്റേത്. കോലിയും ഗില്ലും ‘കാര്യവട്ടം കളരിയിൽ’ കാഴ്ചവച്ച വൈവിധ്യമാർന്ന ഷോട്ടുകളിൽനിന്ന് അഞ്ചെണ്ണം ഇതാ...
∙ ഗില്ലിന്റെ ഷോർട് ആം ജാബ്
പുൾ ഷോട്ടിനോടു സാമ്യം തോന്നുന്ന സ്ട്രോക്കാണ് ഷോർട് ആം ജാബ്. എന്നാൽ പുൾ ഷോട്ടിന്റെ അത്ര ബാക്ക് ലിഫ്റ്റോ (ഷോട്ടിനു മുൻപ് ബാറ്റ് പിന്നോട്ട് ആയുന്നത്) ഫോളോ ത്രൂവോ (ഷോട്ടിനു ശേഷമുള്ള ബാറ്റിന്റെ ചലനം) ഷോർട് ആം ജാബിന് ആവശ്യമില്ല. ബോട്ടം ഹാൻഡ് പവറാണ് പ്രധാനമായും വേണ്ടത്. മിഡ് ഓൺ, ലോങ് ഓൺ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും ഷോർട് ആം ജാബ് കളിക്കുന്നത്. ഫ്രണ്ട് ഫൂട്ടിലും ബാക്ക് ഫൂട്ടിലും ഒരുപോലെ ഈ ഷോട്ട് കളിക്കാം. കാര്യവട്ടത്തു ദസുൻ ശനക എറിഞ്ഞ 25–ാം ഓവറിലെ ആദ്യ പന്ത് ഗിൽ ബൗണ്ടറി കടത്തിയത് മനോഹരമായ ഷോർട് ആം ജാബിലൂടെയായിരുന്നു.

∙ കോലിയുടെ ചെക്ക് ഡ്രൈവ്
ഡ്രൈവ് ഷോട്ടുകൾ പൂർത്തിയാക്കാതെ പാതിയിൽ അവസാനിപ്പിക്കുന്നതാണ് ചെക്ക് ഡ്രൈവുകൾ. ടോപ് ഹാൻഡ് (ബാറ്റിന്റെ ഹാൻഡിലിൽ മുകളിൽ പിടിക്കുന്ന കൈ) ഉപയോഗിച്ചു കളിക്കുന്ന ഡ്രൈവ് ഷോട്ടുകൾ നിലംപറ്റെ പോകുമ്പോൾ ബോട്ടം ഹാൻഡ് ഉപയോഗിച്ച് കളിക്കുന്ന ചെക്ക് ഡ്രൈവുകൾ 30 വാര സർക്കിളിലെ ഫീൽഡർമാരുടെ തലയ്ക്കു മുകളിലൂടെയാണ് ബൗണ്ടറിയിലേക്കു പോവുക. 45–ാം ഓവറിലെ രണ്ടാം പന്തിൽ ചമിക കരുണരത്നയ്ക്കെതിരെ വിരാട് കോലി സിക്സർ നേടിയത് ചെക്ക് ഡ്രൈവിലൂടെയാണ്.

ഗില്ലിന്റെ ഹാഫ് സ്‌ലോഗ് സ്വീപ്
21–ാം ഓവറിലെ രണ്ടാം പന്തിൽ ജെഫ്രി വാൻഡർസെയ്ക്കെതിരെ ശുഭ്മൻ ഗിൽ സിക്സർ നേടിയത് ഹാഫ് സ്‌ലോഗ് സ്വീപ്പിലൂടെയായിരുന്നു. മിഡ് ഓൺ, ലോങ് ഓൺ ഭാഗങ്ങളിലേക്കു കളിക്കുന്ന ഈ ഷോട്ടിനു സ്‌ലോഗ് സ്വീപ്പിന്റെയത്ര ഫോളോ ത്രൂ ഉണ്ടാവില്ല. ഷോർട് ആം ജാബിന്റെ മറ്റൊരു രൂപമായും ഹാഫ് സ്‌ലോഗ് സ്വീപ്പിനെ വിശേഷിപ്പിക്കാറുണ്ട്.

കോലിയുടെ ചിപ് ഷോട്ട്
ധോണിയും ഹാർദിക്കുമെല്ലാം പ്രശസ്തമാക്കിയ ഹെലികോപ്റ്റർ ഷോട്ടിനോടു സാദൃശ്യം തോന്നുന്ന ഷോട്ടാണ് ചിപ് ഷോട്ട്. കാര്യവട്ടത്തെ മത്സരത്തിൽ കസുൻ രജിത എറിഞ്ഞ 44–ാം ഓവറിലെ നാലാം പന്ത് ലോങ് ഓൺ ബൗണ്ടറിക്കു മുകളിലൂടെ ഗാലറിയിലേക്കു പറത്താൻ കോലി പ്രയോഗിച്ചത് ചിപ് ഷോട്ടായിരുന്നു. ബോട്ടം ഹാൻഡിന്റെ (ബാറ്റിന്റെ ഹാൻഡിലിൽ താഴെ പിടിക്കുന്ന കൈ) കരുത്തുപയോഗിച്ച് പന്ത് കൃത്യമായി ടൈം ചെയ്യുന്നതാണ് ചിപ് ഷോട്ടിലെ രീതി. ഹെലികോപ്റ്റർ ഷോട്ടിന്റെ അത്ര കൈക്കരുത്ത് ഇതിനാവശ്യമില്ല.

കോലിയുടെ ബാക്ക് ഫൂട്ട് പഞ്ച്
ചമിക കരുണരത്നെ എറിഞ്ഞ 45-ാം ഓവറിലെ അഞ്ചാം പന്ത് കവറിലൂടെ ബൗണ്ടറി കടത്താൻ കോലി പുറത്തെടുത്തത് തന്റെ ട്രേഡ് മാർക്ക് ബാക്ക് ഫൂട്ട് പഞ്ചായിരുന്നു. ശരീരഭാരം പിൻകാലിലേക്കു പരമാവധി കേന്ദ്രീകരിച്ച്, പിന്നോട്ടാഞ്ഞ് ഓഫ് സൈഡിൽ വരുന്ന ഷോർട് പിച്ച് പന്തുകൾ ബോട്ടം ഹാൻഡ് ഉപയോഗിച്ച് കവർ, എക്സ്ട്രാ കവർ ഭാഗങ്ങളിലൂടെ ബൗണ്ടറി കടത്താനാണ് ബാക്ക് ഫൂട്ട് പഞ്ച് പ്രയോഗിക്കുന്നത്.

English Summary: Five Trade Mark Cricketing Shots From India Vs Sri Lanka 3rd ODI