മങ്കാദിങ്ങിൽ തെറ്റില്ല, പിന്തുണയ്ക്കുന്നു; പക്ഷേ ഞാൻ ചെയ്യില്ല: അർജുൻ തെൻഡുൽക്കർ

Mail This Article
ന്യൂഡൽഹി∙ ക്രീസ് വിട്ടു പോയ നോൺ സ്ട്രൈക്കറെ റൺ ഔട്ടാക്കുന്ന ‘മങ്കാദിങ്ങിനെ’ പിന്തുണയ്ക്കുന്നുവെന്നും എന്നാല്‍ താൻ അതു ചെയ്യില്ലെന്നും ഗോവയുടെ യുവ ക്രിക്കറ്റ് താരം അർജുൻ തെന്‍ഡുൽക്കർ. നോൺ സ്ട്രൈക്കറെ പുറത്താക്കുന്നത് ക്രിക്കറ്റിന്റെ സ്പിരിറ്റിനു നിരക്കാത്തതെന്നു പറയുന്നതു ശരിയല്ലെന്നും അർജുൻ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. ‘‘ഞാൻ പൂർണമായും മങ്കാദിങ്ങിനെ പിന്തുണയ്ക്കുന്നു. അത് ക്രിക്കറ്റ് നിയമത്തിലുള്ളതാണ്. ക്രിക്കറ്റിന്റെ സ്പിരിറ്റിന് ചേരാത്തതാണെന്നു പറയുന്നവരോടു ഞാൻ വിയോജിക്കുന്നു.’’– അർജുൻ പറഞ്ഞു.
ഒരു ഫാസ്റ്റ് ബോളർക്ക് ഊർജം വെറുതെ കളയുന്നതിനു തുല്യമാണെന്നതിനാല്‍ താൻ മങ്കാദിങ് ചെയ്യില്ലെന്നും അർജുൻ വ്യക്തമാക്കി. ‘‘ഞാൻ അതു ചെയ്യില്ല, കാരണം റൺ അപിനിടയിൽ ബെയ്ൽസ് പന്തുകൊണ്ടു തട്ടിയിടാൻ എനിക്കാകില്ല. അതിന് നന്നായി പണിപ്പെടണം. മാത്രമല്ല അതെന്റെ ഊർജം പാഴാക്കുന്നതു പോലെയാണ്. എങ്കിലും ആരെങ്കിലും അങ്ങനെ ചെയ്താൽ ഞാൻ പിന്തുണയ്ക്കും’’– അർജുൻ പറഞ്ഞു.
രഞ്ജി ട്രോഫിയിൽ മുംബൈയുടെ താരമായിരുന്ന അർജുൻ ഈ സീസൺ മുതലാണ് ഗോവയ്ക്കൊപ്പം ചേർന്നത്. കൂടുതൽ അവസരങ്ങൾ തേടിയാണ് അർജുൻ ഗോവയിലെത്തിയത്. ക്രിക്കറ്റ് നിയമങ്ങൾ പിന്തുണയ്ക്കുന്നതിനാൽ മങ്കാദിങ്ങിൽ തെറ്റില്ലെന്ന നിലപാടാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറും നേരത്തേ സ്വീകരിച്ചത്.
English Summary: Ranji Trophy: Arjun Tendulkar in favour of Mankading, but will not do it himself