ADVERTISEMENT

ഹൈദരാബാദ്∙ ഇന്ത്യ– ന്യൂസീലൻഡ് ഒന്നാം ഏകദിന മത്സരം കാണാൻ ഇന്നലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെത്തിയത് 29,408 പേർ. ആകെ 39,112 സീറ്റുകളുള്ള സ്റ്റേഡിയത്തിൽ 75 ശതമാനവും കാണികൾ നിറഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരം കാര്യവട്ടം സ്റ്റേ‍ഡിയത്തിൽ നടന്ന ഇന്ത്യ–ശ്രീലങ്ക മൂന്നാം ഏകദിന മത്സരത്തിൽ 16,210 കാണികളാണ് എത്തിയത്. കോംപ്ലിമെന്ററി ടിക്കറ്റ് ഉൾപ്പെടെയാണിത്.

9695 കോംപ്ലിമെന്ററി ടിക്കറ്റുകളൊഴികെ 29417 ടിക്കറ്റുകളാണ് ഹൈദരാബാദ് ഏകദിനത്തിനായി വിൽപനയ്ക്കു വച്ചത്. 850 രൂപ മുതൽ 20,650 രൂപ വരെയായിരുന്നു ടിക്കറ്റ് നിരക്ക്. 500 രൂപയായിരുന്നു തിരുവനന്തപുരത്തെ കുറഞ്ഞ ടിക്കറ്റ് നിരക്ക്. പൊരുതിക്കളിച്ച ന്യൂസീലൻഡിനെ വീഴ്ത്തിയാണ് ഇന്ത്യ അവിസ്മരണീയ വിജയം സ്വന്തമാക്കിയത്. തോൽവിയുടെ വക്കിൽനിന്നും തിരിച്ചടിച്ച് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയ സന്ദർശകരെ, ഒടുവിൽ ഇന്ത്യ വീഴ്ത്തിയത് 12 റൺസിന്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ നേടിയത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 349 റൺസ്. കിവീസിന്റെ മറുപടി 49.2 ഓവറിൽ 337 റൺസിൽ അവസാനിച്ചു. 

ഇന്ത്യയുടെ ചങ്കിടിപ്പേറ്റി സെഞ്ചറിയുമായി അവസാന ഓവർ വരെ ക്രീസിൽ നിന്ന മൈക്കൽ ബ്രേസ്‌വെൽ 77 പന്തിൽ 140 റൺസുമായി ഏറ്റവും ഒടുവിൽ പുറത്തായി. അവസാന ഓവറിൽ വിജയത്തിലേക്ക് 20 റൺസ് വേണ്ടിയിരിക്കെ ഷാർദുൽ ഠാക്കൂറിനെതിരെ സിക്സറുമായി തുടക്കമിട്ട ബ്രേസ്‌വെൽ, അടുത്ത പന്തിൽ എൽബിയിൽ കുരുങ്ങിയതാണ് കിവീസിന് തിരിച്ചടിയായത്.

10 ഓവറിൽ 46 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമായി തിരിച്ചത്. മിച്ചൽ സാന്റ്നറിനെ സൂര്യകുമാർ യാദവിന്റെ കൈകളിലെത്തിച്ച്, മൈക്കൽ ബ്രേസ്‌വെല്ലുമൊത്തുള്ള നിർണായക കൂട്ടുകെട്ട് പൊളിച്ചാണ് സിറാജ് ഇന്ത്യയെ വിജയത്തിലേക്കു വഴി നടത്തിയത്. തോറ്റെങ്കിലും, ഈ മത്സരത്തിന് അസാമാന്യ പോരാട്ടവീര്യം സമ്മാനിച്ച ബ്രേസ്‌വെൽ – സാന്റ്നർ സഖ്യത്തിനും കയ്യടിച്ചേ തീരൂ. വിജയത്തോടെ മൂന്നു മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.

English Summary: Tickets priced from Rs 850 onwards, 29,408 spectators watch the ODI at the stadium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com